SHOCKING STORY: മാഡത്തിന്റെ ബിരിയാണിക്കടയില്‍ മേശതുടപ്പായിരുന്നു എന്‍റെ ജോലി 

പ്ലസ് ടുവിന് 90 ശതമാനം മാര്‍ക്ക് വാങ്ങി എല്‍.എല്‍.ബി പഠിക്കാന്‍ വന്ന സെല്‍വം കണ്ണന്‍ എന്ന വിദ്യാര്‍ത്ഥിക്ക് ലോ അക്കാദമിയില്‍ നേരിടേണ്ടിവന്ന പീഡനത്തിന്‍െറയും അപമാനത്തിന്‍െറയും നേര്‍സാക്ഷ്യം

മാഡത്തിന്‍െറ ബിരിയാണിക്കടയില്‍ ജോലി ചെയ്തില്ലെങ്കില്‍ അറ്റന്‍റന്‍സും ഇന്‍േറണല്‍ മാര്‍ക്കും കിട്ടില്ല

അതിക്രൂരമായ ജാതീയപീഡനമാണ് കോളജില്‍ നടക്കുന്നത് 

-ക്രിസ്റ്റഫര്‍ പെരേര-

സെല്‍വം കണ്ണന്‍പ്‌ളസ്ടുവിന് 90 ശതമാനം മാര്‍ക്ക് വാങ്ങി കേരളാ ലോ അക്കാദമി ലോകോളജില്‍ മെറിറ്റില്‍ അഡ്മിഷന്‍ കിട്ടിയ സെല്‍വം കണ്ണന്‍ എന്ന വിദ്യാര്‍ത്ഥിയെ കൊണ്ട് പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരുടെ തലശേരി ബിരിയാണി ഹട്ടില്‍ ജോലി ചെയ്യിപ്പിച്ച സംഭവം അറിഞ്ഞാണ് പേരൂര്‍ക്കടയിലെ സമരപ്പന്തലില്‍ എത്തിയത്. പതിവ് സമരങ്ങളില്‍ നിന്ന് വ്യത്യസ്തമായി വിദ്യാര്‍ത്ഥിനികളാണ് മുന്നിട്ടിറങ്ങിയിരിക്കുന്നത്. ഇടുക്കി ശാന്തന്‍പാറ ചെല്ലപ്പുറത്തില്‍ വീട്ടില്‍ കണ്ണന്‍-  സുമതി ദമ്പതികളുടെ മൂത്തമകനായ സെല്‍വന് എറണാകുളം ഗവ. ലോ കോളജില്‍ മെറിറ്റില്‍ അഡ്മിഷന്‍ കിട്ടിയതായിരുന്നു. പക്ഷെ, സിവില്‍ സര്‍വീസ് കോച്ചിങ് കൂടി ലക്ഷ്യം വെച്ചാണ് ലോ അക്കാദമിയില്‍ ചേര്‍ന്നത്. അത് ഇത്രയും വലിയ ദുരിതമാകുമെന്ന് സ്വപ്‌നം പോലും കണ്ടിരുന്നില്ല. ഇന്ന് തന്റെ ഭാവി പോലും അനിശ്ചിതത്വത്തിലാണെന്ന് സെല്‍വം കണ്ണന്‍ പറയുന്നു.

മലയിറങ്ങിയത് വലിയ സ്വപ്‌നവുമായി

കര്‍ഷകനായ അച്ഛന്റെ വരുമാനം മാത്രമാണ് സെല്‍വം കണ്ണന്റെ കുടുംബത്തിന്റെ ഏക ആശ്രയം. ഏറെ കഷ്ടപ്പെട്ടാണ് പ്ലസ്ടുവരെ പഠിച്ചത്. തന്റെ കുടുംബത്തില്‍ നിന്ന് ഇതുവരെ ഇത്രയും പഠിച്ചിട്ടില്ലെന്ന് സെല്‍വം. അതിനാല്‍ വളരെ സന്തോഷത്തോടെയാണ് മാതാപിതാക്കള്‍ തന്നെ തിരുവനന്തപുരത്തേക്ക് അയച്ചത്. ഇവിടെ വന്ന ശേഷമുള്ള ദുരിതങ്ങള്‍ ഉള്ളിലൊതുക്കി കഴിയുകയായിരുന്നു. വീട്ടുകാരെ അറിയിച്ചാല്‍ അവര്‍ക്ക് വലിയ വിഷമമാകും. ഒരു പക്ഷെ, പഠനം തന്നെ ഉപേക്ഷിച്ച് വരാന്‍ പറയും. ഒരുപാട് ലക്ഷ്യങ്ങളുമായിട്ടാണ് ഇടുക്കി മലയിറങ്ങിയത്. തോറ്റ് മടങ്ങാന്‍ ഈ ചെറുപ്പക്കാരന്‍ തയ്യാറല്ല. അനുജത്തി സെല്‍വി പ്ലസ്ടുവിന് പഠിക്കുകയാണ്. അങ്ങനെ ഒരുപാട് ഉത്തരവാദിത്തങ്ങള്‍ തന്റെ തോളിലുണ്ടെന്ന് സെല്‍വത്തിനറിയാം. സമരം പുറംലോകം അറിഞ്ഞതോടെ വീട്ടില്‍ നിന്ന് ദിവസവും സെല്‍വത്തെ വിളിക്കുന്നു. എത്രയും വേഗം തിരിച്ച് വരാന്‍. എന്നാല്‍ താനടക്കമുള്ള വിദ്യാര്‍ത്ഥികളുടെ ഭാവിയുടെ കാര്യത്തില്‍ തീരുമാനമാകാതെ മടക്കമില്ലെന്ന് സെല്‍വം ദി വൈ ഫൈ റിപ്പോര്‍ട്ടറോട് വ്യക്തമാക്കി.

ലക്ഷ്മി നായരുടെ ഹോട്ടല്‍ നടത്തുന്നത് മകന്റെ കാമുകി

biriyani-thewifireporterലോ അക്കാദമിയിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ സെല്‍വന് ആദ്യ സെമിസ്റ്ററില്‍ എല്ലാ അസൈന്‍മെന്‍സും നന്നായി ചെയ്തിട്ടും 11നും 13നും ഇടയില്‍ മാത്രമേ ഇന്റേണല്‍ മാര്‍ക്ക് ലഭിച്ചുള്ളൂ. എന്നാല്‍ ഒന്നും ചെയ്യാത്തവര്‍ക്ക് 15 മുതല്‍ 17 വരെ മാര്‍ക്കി ലഭിച്ചു. ഇത് ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ 15 മുതല്‍ 16 മാര്‍ക്ക് വരെ കിട്ടി. ഇക്കാര്യം സീനിയേഴ്‌സിന്റെ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ എക്‌സ്ട്രാ കരിക്കുലര്‍ ആക്ടിവിറ്റീസില്‍ പങ്കെടുത്താല്‍ കൂടുതല്‍ മാര്‍ക്ക് ലഭിക്കുമെന്ന് പറഞ്ഞു. അന്നു മുതല്‍ അതിലും സജീവമായി. രണ്ടാം സെമിസ്റ്ററിന്റെ നാലാം മാസത്തിലെ ഒരു ദിവസം സെല്‍വന്‍ ക്ലാസിലിരിക്കുന്നു, ടീച്ചര്‍ പഠിപ്പിക്കുന്നുണ്ട്. ഈ സമയം പ്രിന്‍സിപ്പല്‍ ലക്ഷ്മിനായരുടെ മകന്റെ കാമുകി ക്ലാസില്‍ കയറി വന്ന് സെല്‍വന്‍ ഉള്‍പ്പെടെ നാലഞ്ച് വിദ്യാര്‍ത്ഥികളെ വിളിച്ചിറക്കി കൊണ്ടു പോയി.

ഹോട്ടലിന്റെ പരസ്യവുമായി ബിവറേജസ് ഔട്ട്‌ലെറ്റില്‍ പോകണം

പോയത് ലോ അക്കാദമിയില്‍ നിന്ന് കഷ്ടിച്ച് നൂറ് മീറ്റര്‍ അകലെയുള്ള തലശേരി ബിരിയാണി ഹട്ടിലേക്ക്. ‘ മാമിന്റെ പുതിയ റസ്റ്റോറന്റാണ്, നിങ്ങളിവിടെ ഒരാഴ്ച ജോലി ചെയ്യണം. പിന്നെ ഹോട്ടലിന്റെ പരസ്യമുള്ള സ്‌ളിപ്പുണ്ട് അത് ബിവറേജസ് ഔട്ട്‌ലെറ്റിലും പേരൂര്‍ക്കട ജംഗ്ഷനിലും വിതരണം ചെയ്യണം’ എന്ന് നിര്‍ദ്ദേശിച്ചു. യൂണിഫോമില്‍ ജോലി ചെയ്യാന്‍ പറ്റില്ലെന്ന് പറഞ്ഞു. ഹോസ്റ്റലില്‍ പോയി ഡ്രസ് മാറിവരാന്‍ പറഞ്ഞു. അന്നേ ദിവസം മേശയും മറ്റും തുടച്ച് വൃത്തിയാക്കിയ ശേഷം സെല്‍വനും കൂട്ടരും മുങ്ങി. നാഷണല്‍ സര്‍വീസ് സ്‌കീം വോളിന്റിയറായ സെല്‍വന് ഹോട്ടലിലെ ജോലി വലിയ നാണക്കേടായി തോന്നിയിട്ടില്ല. എന്നാല്‍ സെല്‍വന് പിന്നാലെ നിരവധി വിദ്യാര്‍ത്ഥികളെ പതിവായി ഹോട്ടലിലേക്ക് ജോലിക്ക് കൊണ്ടുപോയി. ആരും ചോദ്യം ചെയ്തില്ല. കാശ് കൊടുക്കാമെന്ന് പറഞ്ഞ് പല വിദ്യാര്‍ത്ഥികളെയും കൊണ്ട് പണിയെടുപ്പിച്ചു. അവരാരും ഇതുവരെ പരാതി പോലും നല്‍കാന്‍ തയ്യാറായില്ല.

അറ്റന്‍ഡന്‍സ് കാട്ടി  ഭീഷണി 

പരീക്ഷയ്ക്ക് മുമ്പ് അറ്റന്‍ഡന്‍സ് നോക്കി ഒപ്പിടുന്നത് പ്രിന്‍സിപ്പല്‍ ലക്ഷ്മിനായരാണ്. ഈ സമയത്ത് തനിക്ക് ഇഷ്ടമില്ലാത്തവരുടെ അറ്റന്‍ഡന്‍സ് അവര്‍ വെട്ടിക്കുറയ്ക്കും. രണ്ട് തവണ ഇത്തരത്തില്‍ വെട്ടിക്കുറച്ചാല്‍ ഇയര്‍ ഔട്ടാകും. ഫൈനല്‍ ഇയര്‍ വിദ്യാര്‍ത്ഥികളെ വരെ ഇത്തരത്തില്‍ ലക്ഷ്മി നായര്‍ ദ്രോഹിച്ചിട്ടുണ്ട്. അത് പേടിച്ചാണ് ആരും ഇവര്‍ക്കെതിരെ തിരിയാത്തതെന്ന് സെല്‍വന്‍ വ്യക്തമാക്കി. ആഴ്ചയില്‍ ഒന്നോ, രണ്ടോ തവണയേ പ്രിന്‍സിപ്പല്‍ കോളജില്‍ എത്തൂ. എത്തുന്ന ദിവസം ഏതെങ്കിലും വിദ്യാര്‍ത്ഥിയുടെ കാര്യം പോക്കാണ്. പരസ്യമായി ജാതി ചോദിക്കും. നായരല്ലാത്തവരോട് പുച്ഛമാണ്. ക്ലാസുകളില്‍ വന്ന് ആണ്‍കുട്ടികളോട് അശ്‌ളീലം പറയുന്നത് പ്രിന്‍സിപ്പാളിന്റെ പതിവ് വിനോദമാണെന്നും സെല്‍വന്‍ പറയുന്നു.

തന്നെ പോലുള്ള നിരവധി വിദ്യാര്‍ത്ഥികളുടെ സ്വപ്‌നങ്ങളും ജീവിതവും വച്ചാണ് പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ പന്താടുന്നതെന്ന് സെല്‍വന്‍ പറഞ്ഞു. ഇതൊക്കെ സഹിക്കാതെയാണ് മുന്നൂറോളം പേര്‍ സമരത്തിനിറങ്ങിയത്. ഇനി വരുന്ന വിദ്യാര്‍ത്ഥികള്‍ക്കെങ്കിലും തങ്ങളുടെ അനുഭവം ഉണ്ടാകരുത്. അതിന് വേണ്ടിയാണ് സമരമെന്നും സെല്‍വന്‍ വ്യക്തമാക്കി.

related news in this thread:

ലക്ഷ്മി നായരെ സുഖിപ്പിച്ച് കൈരളി ചാനല്‍; വിദ്യാര്‍ഥി സമരം മുക്കിയതില്‍ കുട്ടിസഖാക്കള്‍ക്ക് മുറുമുറുപ്പ്

ഞാന്‍ ലക്ഷ്മിനായരുടെ പീഡനത്തിന്റെ ഇര: അഡ്വ കരകുളം ആദര്‍ശ്