തട്ടിപ്പിന് ഇരയാകല്ലെ, ആ ലിങ്ക് തുറക്കരുത്; മുന്നറിയിപ്പുമായി എസ്ബിഐ

രാജ്യം മുഴുവന്‍ ലോക്ഡൗണിലായതോടെ എല്ലാ ബാങ്കിംഗ് സര്‍വ്വീസുകളും ഇപ്പോള്‍ ഓണ്‍ലൈനാക്കിയിരിക്കുകയാണ്. എന്നാല്‍ ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ധിച്ചതോടെ പുതിയരീതിയുമായി രംഗത്തിറങ്ങിയിരിക്കുകയാണ് സൈബര്‍ തട്ടിപ്പുകാര്‍.

എസ്ബിഐയുടെ നെറ്റ് ബാങ്കിങ് പേജിന്റെ വ്യാജരൂപം നിര്‍മിച്ചാണ് അക്കൗണ്ട് ഉടമുകളുടെ വിവരങ്ങള്‍ തട്ടാനുള്ള ശ്രമം നടക്കുന്നത്. ഇക്കാര്യം വ്യക്തമാക്കി എസ്ബിഐ ട്വീറ്റ് ചെയ്തു. എസ്ബിഐയുടേതെന്ന പോലെ ലഭിക്കുന്ന എസ്എംഎസിലെ ലിങ്കില്‍ ക്ലിക്ക് ചെയ്യരുതെന്നാണ് ബാങ്കിന്റെ മുന്നറിയിപ്പ്.

‘അത്തരമൊരു SMS ലഭിക്കുകയാണെങ്കില്‍ ദയവായി ലിങ്കില്‍ ക്ലിക്കുചെയ്യരുത്, നിങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍ പങ്കിടരുത്,’ എന്നാണ് ബാങ്ക് ഉപഭോക്താക്കള്‍ക്ക് നല്‍കിയ മുന്നറിയിപ്പില്‍ പറയുന്നത്.

View image on Twitter

ഇത്തരം തട്ടിപ്പുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടൻ തന്നെ epg.cms@sbi.co.in ,phishing@sbi.co.in എന്നീ ഇ-മെയിൽ വഴി ബാങ്കിനെ അറിയിക്കണമെന്ന് എസ്‌ബി‌ഐ ഉപഭോക്താക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

http://www.onlinesbi.digital എന്ന വ്യാജ ലിങ്ക് നിര്‍മിച്ചാണ് ഇത്തവണ തട്ടിപ്പിന് ശ്രമം നടക്കുന്നത്. പാസ് വേഡും അക്കൗണ്ട് വിവരങ്ങളും അപ്ഡേറ്റ് ചെയ്യണമെന്നാണ് ഈ ലിങ്ക് തുറന്നാല്‍ ആവശ്യപ്പെടുകയെന്നും ബാങ്കിന്റെ മുന്നറിയിപ്പില്‍ പറയുന്നു.