പതഞ്ജലി ഗ്രൂപ്പ് കേരളത്തിലും നിക്ഷേപത്തിനൊരുങ്ങുന്നു

ബാബാ രാംദേവിന്റെ നേതൃത്വത്തിലുള്ള പതഞ്ജലി ഗ്രൂപ്പ് കേരളത്തിലും നിക്ഷേപത്തിന് തയ്യാറെടുക്കുന്നു. ഭക്ഷ്യസംരക്ഷണ യൂണിറ്റോ പതഞ്ജലി ഗ്രൂപ്പ് ഫുഡ് പാര്‍ക്കോ ആകും തുടങ്ങുക. ദക്ഷിണേന്ത്യയിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത്. 1700 കോടി രൂപയുടെ നിക്ഷേപം നടത്താനാണ് പതഞ്ജലി ഗ്രൂപ്പിന്റെ നീക്കം.

ആയുര്‍വേദത്തിന്റെ നാടായ കേരളത്തില്‍ പതഞ്ജലിയുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ഏറെ സാധ്യതയുള്ളതിനാലാണ് പ്രവര്‍ത്തനം ഇങ്ങോട്ടേക്കും വ്യാപിപ്പിക്കുന്നതെന്ന് ബാബ രാംദേവ് പറഞ്ഞു. അതോടൊപ്പം കേരളത്തിലെ 100 യുവാക്കളെ  പരിശീലനം നല്‍കി യോഗപ്രചരണത്തിനായി നിയോഗിക്കുമെന്നും രാംദേവ് വ്യക്തമാക്കി. 25000 രൂപ വരെ ശമ്പളം നല്‍കിയാകും യുവാക്കളെ നിയമിക്കുക. ഇതിനായി പതഞ്ജലിയുടെ വെബ്‌സൈറ്റില്‍ അപേക്ഷിക്കാം. യോഗ സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും സഹായം നല്‍കുമെന്നും രാംദേവ് പറഞ്ഞു. അന്താരാഷ്ട്ര കുത്തക കമ്പനികളുടെ ആധിപത്യം തടയുകയാണ് പതഞ്ജലിയുടെ പ്രവര്‍ത്തനലക്ഷ്യം.

കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ നൂറു ശതമാനം പ്രവര്‍ത്തന വളര്‍ച്ച ഗ്രൂപ്പ് കൈവരിച്ചു കഴിഞ്ഞു. രണ്ടു വര്‍ഷത്തിനുള്ളില്‍ അമ്പതിനായിരം കോടിയിലെത്തിക്കാനാണ് പതഞ്ജലി ഗ്രൂപ്പിന്റെ ശ്രമം. ടെക്‌സ്റ്റൈല്‍ മേഖലയിലും നിക്ഷേപത്തിനൊരുങ്ങുകയാണ് പതഞ്ജലി ഇപ്പോള്‍. പത്ത് വര്‍ഷത്തിനുള്ളില്‍ ലോക വ്യാപകമായി തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുകയാണ് ബാബ രാംദേവും പതഞ്ജലി ഗ്രൂപ്പും.