ജപ്തി ഭീഷണി; കൊല്ലത്ത് കശുവണ്ടി ഫാക്ടറി ഉടമ ആത്മഹത്യ ചെയ്തു

കൊല്ലം: നല്ലിലയില്‍ കശുവണ്ടി ഫാക്ടറി ഉടമ ആത്മഹത്യ ചെയ്തു. നിര്‍മല മാതാ കാശുവണ്ടി ഫാക്ടറി ഉടമ സൈമണ്‍ മത്തായിയാണ് ആത്മഹത്യ ചെയ്തത്. വ്യവസായം നഷ്ടത്തിലായതിനെത്തുടര്‍ന്ന് ഫാക്ടറി പൂട്ടിയിരുന്നു. കൂടാതെ ജപ്തി ഭീഷണി നേരിട്ടതിനാല്‍ സൈമണ്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. വീട് നഷ്ടപ്പെടുമെന്നും മകന്‍ ഭയപ്പെട്ടിരുന്നതായി പിതാവ് പറഞ്ഞു.

ബുധനാഴ്ച വൈകിട്ട് വീടിനോട് ചേര്‍ന്നുള്ള ഫാക്ടറിയുടെ പാര്‍ക്കിങ് സെന്ററിലാണ് ഇദ്ദേഹത്തെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സാമ്പത്തിക നഷ്ടം മൂലം 2015ലാണ് സൈമണിന്റെ ഫാക്ടറി പൂട്ടിയത്. സൈമണിന് നാല് കോടി രൂപയുടെ കടമുണ്ടായിരുന്ന് ബന്ധുക്കള്‍ സാക്ഷ്യെപടുത്തുന്നു. പല തവണയായി ബാങ്കില്‍ നിന്നും ജപ്തി നോട്ടീസ് വന്നിരുന്നു. ജപ്തി ഒഴിവാക്കുന്നതിനായി പല തവണ സൈമണ്‍ ബാങ്കിനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഇദ്ദേഹത്തെ നിഷ്‌ക്രിയ ആസ്തിയില്‍ പെടുത്തിയിരുന്നതുകൊണ്ട് മറ്റ് ബാങ്കുകളെ സമീപിക്കാനോ മറ്റ് വായ്പകള്‍ക്ക് അപേക്ഷിക്കാനോ സാധിക്കുമായിരുന്നില്ല.

ആത്മഹത്യയല്ലാതെ വേറെ വഴിയില്ലെന്ന് സൈമണ്‍ പല തവണ പലരോടായി പറഞ്ഞിരുന്നു. ലോക്ഡൗണ്‍ കൂടി ആയതോടെ വലിയ മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു. പിതാവ് മത്തായിക്കൊപ്പം ചേര്‍ന്നായിരുന്നു ബിസിനസ് നടത്തിയിരുന്നത്. മെഡിക്കല്‍ കോളജിലുളള മൃതദേഹം ഉച്ചക്ക് വീട്ടിലെത്തിക്കും.