സംഗീതമേ ജീവിതം

ദേവി
ആധുനിക കർണ്ണാടകസംഗീതത്തിനടിസ്ഥാനമായി കരുതുന്ന സുപ്രസിദ്ധ ഗ്രന്ഥമാണ് “ചതുർദണ്ഡീപ്രകാശിക.” വെങ്കടമഖി എന്ന സുപ്രസിദ്ധ കർണ്ണാടകസംഗീത പണ്ഡിതനാണിതിന്റെ കർത്താവ്. ഇന്നുപരക്കെ പ്രചാരത്തിലിരിക്കുന്ന 72 മേളരാഗപദ്ധതി വെങ്കിടമഖി അവതരിപ്പിച്ചത് ചതുർദണ്ഡീപ്രകാശികയിലൂടെയാണ്. സംസ്‌കൃതഭാഷയിൽ 1200ൽ അധികം ഈരടികളുള്ള ചതുർദണ്ഡീപ്രകാശികയിൽ വീണാ, ശ്രുതി, സ്വരം, മേളം, രാഗം, ആലാപനം, ഥായം, ഗീതം, പ്രബന്ധം, താളം എന്നിവ വിവരിക്കുന്നു. ഇതിൽ താളം ഒഴികെയുള്ള ഒൻപതു പ്രകരണങ്ങളാണ് ഇതുവരെ കിട്ടിയിട്ടുള്ളത്. താളവും കൂടിച്ചേർത്ത് പത്തു പ്രകരണങ്ങളാണ് ഗ്രന്ഥകർത്താവുദ്ദേശിച്ചിട്ടുള്ളതായി അറിയുന്നതെങ്കിലും കിട്ടിയിട്ടുള്ള ഭാഗത്തിൽ പ്രബന്ധംതന്നെ പൂർത്തിയാകാതെയാണിരിക്കുന്നത്. സംഗീതശാസ്ത്രസംബന്ധമായ വിഷയങ്ങളെ ചുരുക്കമായും സ്പഷ്ടമായും പ്രതിപാദിക്കുകയെന്നതാണ് ഈ ഗ്രന്ഥത്തിന്റെ സ്വഭാവം. സപ്തസ്വരങ്ങളെ പതിനാറായി വിഭജിച്ച് അവയെ പന്ത്രണ്ടു സ്വരസ്ഥാനങ്ങളിലായി നിവേശിപ്പിച്ച് അവയുടെ പരസ്പരമേളനം നിമിത്തം എഴുപത്തിരണ്ടു മേളകർത്താരാഗങ്ങളെ കെട്ടിയുണ്ടാക്കി ആധുനിക മേളകർത്താജന്യരാഗപദ്ധതി ആസൂത്രണം ചെയ്യുകയാണു വെങ്കടമഖി ചതുർദണ്ഡീപ്രകാശികയിലൂടെ ചെയതത്.

72-മേളകർത്താരാഗപദ്ധതി ദക്ഷിണേന്ത്യൻ സംഗീതത്തിന്റെ അടിത്തറതന്നെയാണെന്നു പറയാം.

അസമ്പൂർണ്ണമായും സമ്പൂർണ്ണമായും പല മേളകർത്താപദ്ധതികളും പല കാലങ്ങളിലായി ഉണ്ടായിട്ടുണ്ടെങ്കിലും വെങ്കിടമഖി എന്ന മഹാന്റെ പദ്ധതിയും ഗോവിന്ദാചാര്യരുടെ പദ്ധതിയുമാണ് പരക്കെ അംഗീകരിക്കപ്പെട്ടത്. യഥാക്രമം രണ്ടുപേരുടെയും ചതുർദണ്ഡിപ്രകാശിക, സംഗ്രഹചൂഡാമണി എന്നീ രണ്ടു ഗ്രന്ഥങ്ങളിലാണ് ഈ പദ്ധതികൾ ലേഖനം ചെയ്യപ്പെട്ടിരിക്കുന്നത്. ഇവയിൽ രണ്ടിലും രാഗനാമങ്ങൾ വ്യത്യസ്തമാണ്. സമകാലികരായിരുന്നുവെങ്കിലും മുത്തുസ്വാമിദീക്ഷിതരും ത്യാഗരാജസ്വാമികളും രാഗനാമങ്ങൾ സ്വീകരിക്കുന്ന കാര്യത്തിൽ വ്യത്യസ്ത അഭിപ്രായക്കാരായിരുന്നു. മുത്തുസ്വാമിദീക്ഷിതർ വെങ്കിടമഖിയുടെ നാമകരണരീതിയെ അംഗീകരിച്ച് കനകാംബരി, ഫേനദ്യുതി.. എന്നിങ്ങനെയായിരുന്നു മേളകർത്താരാഗനാമങ്ങൾ സ്വീകരിച്ചത് ദീക്ഷിതരുടെ ഒട്ടുമിക്ക കൃതികളിലും രാഗമുദ്ര കാണുന്നതുകൊണ്ട് അതിനു വേറെ തെളിവുകൾ ആവശ്യമില്ല.

രാഗങ്ങളെ ജനകരാഗമെന്നും ജന്യരാഗമെന്നും രണ്ടായി വിഭജിയ്ക്കാം. ജനകരാഗത്തിനു മേളകര്‍ത്താരാഗം, മേളരാഗം, കര്‍ത്താരാഗം, രാഗാംഗരാഗം എന്നീ പേരുകളും പ്രയോഗത്തിലുണ്ട്.

ജനകരാഗങ്ങളുടെ ലക്ഷണങ്ങള്‍
————————————————–

ആരോഹണത്തിലും അവരോഹണത്തിലും സപ്തസ്വരങ്ങളും ഉണ്ടായിരിക്കണം. അവ വക്രഗതിയിലല്ലാതെ സരിഗമപധനിസ, സനിധപമഗരിസ എന്ന ക്രമത്തില്‍ത്തന്നെ ഇരിക്കണം.

ആരോഹണത്തിലും അവരോഹണത്തിലും ഒരേ സ്വരഭേദത്തിന്റെ നിവേശം. ഉദാഹരണമായി ആരോഹണത്തില്‍ കാകളി നിഷാദമെങ്കില്‍ അവരോഹണത്തിലും കാകളി നിഷാദം തന്നെ ആയിരിക്കണം.

ഒരു സ്വരത്തിന്റെ ഒന്നിലധികം ഭേദങ്ങള്‍ പാടില്ല. ഉദാഹരണമായി ശുദ്ധ ഋഷഭവും ചതുര്‍ശ്രുതി ഋഷഭവും കൂടി ആരോഹണത്തിലോ അവരോഹണത്തിലോ വന്നുകൂടാ.

ത്രിസ്ഥായി സഞ്ചാരം, അതായത് മന്ത്രം, മധ്യം, താരം എന്ന മൂന്നു സ്ഥായികളിലും സഞ്ചാരം വേണം.
ജനകരാഗങ്ങളില്‍ നിന്നു ഭിന്നമായവയെ അതായത് മേല്‍പ്പറഞ്ഞ ലക്ഷണങ്ങളില്‍ ഏതെങ്കിലും ഇല്ലാത്തവ ജന്യരാഗങ്ങള്‍ ആകുന്നു.(ജനകരാഗങ്ങളില്‍ നിന്നുണ്ടായവ എന്നര്‍ത്ഥം)

മേളകര്‍ത്താ രാഗപദ്ധതി
===================

ഓരോരോ രാഗങ്ങളിലും സപ്തസ്വരങ്ങളില്‍ നിന്നും ഏതൊക്കെ സ്വരങ്ങള്‍ ആണെന്നു നിശ്ചയിച്ചിട്ടുണ്ട്.
ഇതിന്റെ അടിസ്ഥാനത്തിലാണ് മേളകര്‍ത്താരാഗങ്ങള്‍ വിഭജിച്ചിരിക്കുന്നത്.

രാഗസ്വരങ്ങള്‍ – ഒരു രാഗത്തില്‍ ഉള്‍ക്കൊള്ളിച്ചിരുക്കുന്ന സ്വരങ്ങള്‍.

അന്യസ്വരങ്ങള്‍ – ആ രാഗത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടില്ലാത്ത സ്വരങ്ങള്‍.

സ്വരങ്ങളും സ്വരനാമങ്ങളും.
======================
സ—ഷഡ്ജം
രി—-ഋഷഭം
ഗ—ഗാന്ധാരം
മ—-മധ്യമം
പ—പഞ്ചമം
ധ—ധൈവതം
നി—നിഷാദം

ദ്വാദശ സ്വരങ്ങള്‍
=============

സപ്ത സ്വരങ്ങളില്‍ സ,പ എന്നിവ മാറ്റമില്ലാത്ത സ്വരങ്ങള്‍ അഥവാ പ്രകൃതി സ്വരങ്ങളാണ് . എന്നാല്‍ ബാക്കിയുള്ള രി,ഗ,മ,ധ,നി എന്നീ അഞ്ചു സ്വരങ്ങള്‍ക്ക് കോമളം,തീവ്രം എന്നിങ്ങനെ രണ്ടു വകഭേദങ്ങള്‍ അഥവാ രണ്ടു സ്വരസ്ഥാനങ്ങള്‍ വീതമുണ്ട്. പ്രകൃതിസ്വരങ്ങള്‍ രണ്ടെണ്ണവും മറ്റഞ്ചുസ്വരങ്ങളുടെ പത്തു വകഭേദങ്ങളും ചേര്‍ന്ന് 12 സ്വരങ്ങള്‍(ദ്വാദശസ്വരങ്ങള്‍) ഉണ്ടാകുന്നു.

ഷോഡശ സ്വരങ്ങള്‍
___________________

സപ്ത സ്വരങ്ങളില്‍ ”സ,പ” എന്നീ രണ്ടു പ്രകൃതിസ്വരങ്ങളും ‘മ’ യുടെ രണ്ടു വകഭേദങ്ങളും ബാക്കിയുള്ള രി,ഗ,ധ,നി എന്നിവയുടെ മൂന്നു വകഭേദങ്ങള്‍ വീതവും ചേര്‍ന്നാല്‍ പതിനാറു സ്വരങ്ങള്‍(ഷോഡശ സ്വരങ്ങള്‍) കിട്ടുന്നു. ഇങ്ങനെ ഒരു സ്ഥായിക്കുള്ളില്‍ പതിനാറു സ്വരങ്ങള്‍ ക്രമപ്പെടുത്തിയിട്ടുണ്ടെങ്കിലും യഥാര്‍ത്ഥത്തില്‍ ഈ പതിനാറു സ്വരങ്ങളിലും കൂടി പന്ത്രണ്ടു സ്വരസ്ഥാനങ്ങളേയുള്ളൂ. ഉദാഹരണത്തിന്
ഷോഡശ സ്വരങ്ങളിലെ രണ്ടു ഋഷഭത്തിന്റേയും മുകളില്‍ വരുന്ന ഷഡ്ജശ്രുതിഋഷഭം ദ്വാദശസ്വരങ്ങളിലെ ഒന്നാമത്തെ ഗാന്ധാരമായ സാധാരണ ഗാന്ധരത്തിന്റെ അതേ സ്ഥാനത്താണുള്ളത്. അതേപോലെ ഷോഡശസ്വരങ്ങളിലെ രണ്ടു ഗാന്ധാരത്തിന്റേയും താഴെ വരുന്ന ശുദ്ധഗാന്ധാരം ദ്വാദശസ്വരങ്ങളിലെ രണ്ടാമത്തെ ഋഷഭമായ ചതുര്‍ശ്രുതിഋഷഭത്തിന്റെ അതേസ്ഥാനത്തു തന്നെയാണുള്ളത്.

മേളകര്‍ത്താരാഗ പദ്ധതി
====================

6 രാഗങ്ങള്‍ വീതം അടങ്ങിയ 12 ചക്രങ്ങളായി ഇവയെ തരം തിരിച്ചിരിക്കുന്നു.

ആദ്യത്തെ 6 ചക്രങ്ങള്‍ക്കു പൂര്‍വ്വമേളം എന്നും
അതിനു ശേഷമുള്ള 6 ചക്രങ്ങള്‍ക്കു ഉത്തരമേളം എന്നും പറയും.

പൂര്‍വ്വമേളത്തില്‍ ശുദ്ധമധ്യമവും (കോമളമധ്യമം)
ഉത്തരമേളത്തില്‍ പ്രതിമധ്യമവും (തീവ്രമധ്യമം) എന്നതാണിവ തമ്മിലുള്ള വ്യത്യാസം.

ചക്രങ്ങള്‍
———–
1. ഇന്ദുചക്രം – ചന്ദ്രനെ സൂചിപ്പിക്കുന്നു.—അതൊരണ്ണം.
2. നേത്രചക്രം – കണ്ണിനെ സൂചിപ്പിക്കുന്നു – അവ രണ്ട്
3. അഗ്നിചക്രം – മൂന്നു ദിവ്യാഗ്നികള്‍ – അഗ്നി, സൂര്യന്‍, മിന്നല്‍
4. വേദചക്രം – നാലു വേദങ്ങള്‍ – ഋഗ്വേദം , യജുര്‍വേദം, സമവേദം, അഥര്‍വ്വവേദം
5. ബാണചക്രം – മന്മഥന്റെ പഞ്ചബാണങ്ങള്‍ – അരവിന്ദം, അശോകം, ചൂതം, മല്ലിക, നീലോല്പലം.
6. ഋതുചക്രം – ആറു ഋതുക്കള്‍- വസന്തം, ഗ്രീഷ്മം, വര്‍ഷം, ശരത്ത്, ഹേമന്തം, ശിശിരം.
7. ഋഷിചക്രം – സപ്തര്‍ഷികള്‍- ഗൗതമന്‍, ഭരദ്വാജന്‍, വിശ്വാമിത്രന്‍, ജമദഗ്നി, വസിഷ്ഠന്‍, കാശ്യപന്‍, അദ്രി.
8. വസുചക്രം – അഷ്ടവസുക്കള്‍ – ആപ, ധ്രുവ, സോമ, ധര, അനില, അനല, പ്രാദ്വിത, പ്രഭാസ എന്നിങ്ങനെ എട്ടു വസുക്കള്‍.
9. ബ്രഹ്മചക്രം – ഒമ്പതു ബ്രാഹ്മണ ശ്രേഷ്ഠര്‍–അംഗിരസ്സ്, അത്രി, കൃതു, പുലസ്യന്‍, ബലഹന്‍ ഭൃഗു, മരീചി, വസിഷ്ഠന്‍, ദക്ഷന്‍.
10 . ദിശിചക്രം – പത്തു ദിക്കുകള്‍ – കിഴക്ക്, പടിഞ്ഞാറ്, തെക്ക്, വടക്ക് ,വടക്കു-കിഴക്ക്, തെക്കു –കിഴക്ക്, തെക്കു –പടിഞ്ഞാറ്, വടക്കു -പടിഞ്ഞാറ്, ആകാശം, പാതാളം
11. രുദ്രചക്രം – പതിനൊന്ന രുദ്രന്മാര്‍ . അജ, ഏകപാദ, അഹിര്‍ബുധിനി, ദ്വാഷ, രുദ്ര, ഹര, ശംഭു ത്ര്യയംബക, അപരാജിത, ഈശാന, ത്രിഭുവന.
12. ആദിത്യചക്രം – ആദിത്യന്മാര്‍ പന്തണ്ട്– മിത്രന്‍, രവി, സൂര്യന്‍, ഭാനു, കോക, ഭൂഷന്‍, ഹിരണ്യഗന്‍, മരീചി, ആദിത്യന്‍, സവിത്രന്‍, അര്‍ക്കന്‍, ഭാസ്ക്കരന്‍.

മേളകർത്താരാഗങ്ങൾ
==================
ഇന്ദു ചക്രം
—————
1. കനകാംഗി
2. രത്നാംഗി
3. ഗാനമൂർത്തി
4. വനസ്പതി
5. മാനവതി
6. താനരൂപി

നേത്രചക്രം
—————-
7. സേനാവതി
8. ഹനുമതോടി
9. ധേനുക
10. നാടകപ്രിയാ
11. കോകിലപ്രിയ
12. രൂപവതി

അഗ്നി ചക്രം
—————–
13. ഗായകപ്രിയ
14. വാകുളാഭരണം
15. മായാമാളവഗൗള
16. ചക്രവാകം
17. സൂര്യകാന്തം
18. ഹാടകാംബരി

വേദചക്രം
————–
19. ഝങ്കാരധ്വനി
20. നഠഭൈരവി
21. കീരവാണി
22. ഖരഹരപ്രിയ
23. ഗൗരിമനോഹരി
24. വരുണപ്രിയ

ബാണചക്രം
——————
25. മാരരഞ്ജിനി
26. ചാരുകേശി
27. സാരസാംഗി
28. ഹരികാംബോജി
29. ധീരശങ്കരാഭരണം
30. നാഗനന്ദിനി

ഋതുചക്രം
—————
31. യാഗപ്രിയ
32. രാഗവർദ്ധിനി
33. ഗാംഗേയഭൂഷണി
34. വാഗധീശ്വരി
35. ശൂലിനി
36. ചലനാട്ട

ഋഷിചക്രം
————–
37. സാലഗം
38. ജലാർണ്ണവം
39. ഝാലവരാളി
40. നവനീതം
41. പാവനി
42. രഘുപ്രിയ

വസുചക്രം
—————–
43. ഗവാംബോധി
44. ഭവപ്രിയ
45. ശുഭപന്തുവരാളി
46. ഷഡ്വിധമാർഗ്ഗിണി
47. സുവർണ്ണാംഗി
48. ദിവ്യമണി

ബ്രഹ്മ ചക്രം
——————
49. ധവളാംബരി
50. നാമനാരായണി
51. കാമവർദ്ധിനി
52. രാമപ്രിയ
53. ഗമനശ്രമ
54. വിശ്വംഭരി

ദിശിചക്രം
—————
55. ശ്യാമളാംഗി
56. ഷണ്മുഖപ്രിയ
57. സിംഹേന്ദ്രമധ്യമം
58. ഹൈമവതി
59. ധർമ്മവതി
60. നീതിമതി

രുദ്രചക്രം
————-
61. കാന്താമണി
62. ഋഷഭപ്രിയ
63. ലതാംഗി
64. വാചസ്പതി
65. മേചകല്യാണി
66. ചിത്രാംബരി

ആദിത്യചക്രം
——————–
67. സുചരിത്ര
68. ജ്യോതിസ്വരൂപിണി
69. ധാതുവർദ്ധിനി
70. നാസികാഭൂഷണി
71. കോസലം
72. രസികപ്രിയ

ദേവി