ക്രൈസ്തവ ദേവാലയങ്ങളുടെ അക്കൗണ്ട് വഴി വെളുപ്പിച്ചത് കോടികള്‍

60 ദേവാലയങ്ങളുടെ അക്കൗണ്ടുകള്‍ ആദായനികുതി വകുപ്പിന്റെ നീരീക്ഷണത്തില്‍

ന്യൂജനറേഷന്‍ ബാങ്കുകളില്‍ കോടികള്‍ നിക്ഷേപിച്ചത് നവംബര്‍ 13ന് ശേഷം പുതിയ അക്കൗണ്ടുകള്‍ തുടങ്ങി

തിരുവനന്തപുരം: നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപിച്ച നവംബര്‍ എട്ടിന് ശേഷം വിവിധ ക്രൈസ്തവ ദേവാലയങ്ങളുടെ അക്കൗണ്ടിലെത്തിയത് കോടിക്കണക്കിന് രൂപയെന്ന് ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ കണ്ടെത്തി. സംസ്ഥാനത്തെ വിവിധ ബാങ്കുകളിലായി നടത്തിയ പരിശോധനയില്‍ 60ലധികം ദേവാലയങ്ങളാണ് വന്‍തോതില്‍ നിക്ഷേപം നടത്തിയതായി കണ്ടെത്തിയത്. സാധാരണ ഗതിയില്‍ നിക്ഷേപിച്ചിരുന്ന തുകയുടെ 400 ഇരട്ടിവരെ നിക്ഷേപിച്ച ദേവാലയങ്ങളുണ്ട്.

അതുകൊണ്ടുതന്നെ കള്ളപ്പണം സൂക്ഷിച്ചിരുന്ന പലരും ദേവാലയങ്ങളുടെ അക്കൗണ്ടിലൂടെ തങ്ങളുടെ പണം വെളുപ്പിച്ചതാണെന്ന നിഗമനത്തിലാണ് ആദായ നികുതി വകുപ്പ്. ക്രൈസ്തവ ദേവാലയങ്ങളുടെ അക്കൗണ്ടിലാണ് പണം ഏറെ നിക്ഷേപിച്ചിരിക്കുന്നത്. സഹകരണ ബാങ്കില്‍ കറന്റ് അക്കൗണ്ടുള്ള ദേവാലയങ്ങളുള്ളതായും ഈ അക്കൗണ്ടില്‍ വന്‍തോതില്‍ പണം നിക്ഷേപിച്ചതായും കണ്ടെത്തിയിട്ടുണ്ട്. നവംബര്‍ 13നു ശേഷം ചില ദേവാലയങ്ങള്‍ ന്യൂ ജനറേഷന്‍ ബാങ്കുകളില്‍ തുടങ്ങിയ അക്കൗണ്ടില്‍ ലക്ഷങ്ങളാണ് നിക്ഷേപിച്ചിട്ടുള്ളത്.

ഇടുക്കി ജില്ലയിലെ ഒരു ക്രൈസ്തവ ദേവാലയത്തിന് പ്രദേശത്തെ ദേശസാല്‍കൃത ബാങ്കുകളിലൊന്നിലെ സേവിങ് അക്കൗണ്ടില്‍ മാസത്തില്‍ 5000 രൂപയില്‍ താഴെ മാത്രമായിരുന്നു നിക്ഷേപം. എന്നാല്‍ നവംബറിലെ മൂന്നു ദിവസങ്ങളിലായി 28 ലക്ഷം രൂപയാണ് ഇവര്‍ ബാങ്കിലിട്ടത്.

തൃശൂരിലെ ഒരു ക്രൈസ്തവ ദേവാലയത്തിന് സഹകരണ ബാങ്കില്‍ കറന്റ് അക്കൗണ്ടില്‍ നോട്ടു എടുക്കാന്‍ കഴിയുമായിരുന്ന നാലുദിവസങ്ങളിലായി ലക്ഷങ്ങള്‍ നിക്ഷേപമായി വന്നു. എറണാകുളം ജില്ലയില്‍ 16 പള്ളികളുടെ നിക്ഷേപത്തില്‍ 200 ഇരട്ടിയാണ് വര്‍ധനവ്. പത്തനംതിട്ടയിലും കോട്ടയത്തും എല്ലാ പള്ളികളുടെയും നിക്ഷേപത്തില്‍ വന്‍ വര്‍ധനവുണ്ട്. കോട്ടയത്തെ ഒരു കത്തോലിക്കാ ദേവാലയത്തിന് ഏഴു ബാങ്കുകളിലാണ് അക്കൗണ്ടുള്ളത്. ഈ അക്കൗണ്ടുകളില്‍ അരക്കോടിയിലേറെ രൂപയാണ് ഒരു മാസത്തിനിടെ നിക്ഷേപിച്ചത്. ന്യൂ ജനറേഷന്‍ ബാങ്കുകളില്‍ നവംബര്‍ 10ന് ശേഷം എടുത്ത അക്കൗണ്ടുകളിലും ലക്ഷങ്ങളാണ് വരവ്. പിന്‍വലിച്ച നോട്ടുകള്‍ തന്നെയാണ് ഈ അക്കൗണ്ടിലൂടെ മാറിയിട്ടുള്ളത്. അതേസമയം ഈ അക്കൗണ്ടിലൂടെ കാര്യമായ തോതില്‍ പണം പിന്‍വലിക്കല്‍ നടന്നിട്ടില്ല.

നോട്ട് പിന്‍വലിക്കലിന്റെ പശ്ചാത്തലത്തില്‍ വിശ്വാസികളുടെ നേര്‍ച്ചപ്പണത്തിന്റെ വരവ് കൂടിയതാണ് ഈ വര്‍ധനവിന് കാരണമെന്ന് ദേവാലയ അധികൃതര്‍ പറയുന്നുണ്ടെങ്കിലും ഇത്രയധികം വര്‍ധനവിന് പിന്നില്‍ കള്ളപ്പണം തന്നെയാണെന്നാണ് സൂചന. ചിലയിടങ്ങളില്‍ പള്ളി അധികൃതര്‍ പണം മാറി നല്‍കാമെന്ന് പരസ്യമായി പറഞ്ഞിരുന്നു. വിശ്വാസികളുടെ കയ്യില്‍ നിന്നും പണം വാങ്ങി മാറി നല്‍കുന്നതിന് ചെറിയ തോതിലുള്ള കമ്മീഷന്‍ വാങ്ങുന്നതായി ചില ദേവാലയങ്ങളെപ്പറ്റി പരാതികള്‍ ഉയര്‍ന്നിരുന്നു.
സംശയമുള്ള അക്കൗണ്ടുകളെക്കുറിച്ച് വിശദമായ അന്വേഷത്തിനൊരുങ്ങുകയാണ് ആദായ നികുതി വകുപ്പ്.