താരങ്ങളുടെ മസില്‍ പെരുപ്പിക്കുന്ന ചെറുപ്പക്കാരന് ചാകര

കൊച്ചി: മലയാളസിനിമയിലെ യുവ മസില്‍വീരന്‍ ഉണ്ണിമുകുന്ദന്‍, നിവിന്‍പോളി, കുഞ്ചാക്കോബോബന്‍, ടൊവീനോ, ജയറാം തുടങ്ങി നിരവധി താരങ്ങളുടെ ഫിറ്റ്‌നസ് ട്രെയിനറായ ഷൈജാന്‍ അഗസ്റ്റിന് സൂപ്പര്‍സ്റ്റാറുകളേക്കാള്‍ തിരക്കാണ്.

ഒരുകാലത്ത് ജോലിയില്ലാതെ നടന്ന തന്നെ ജിം തുടങ്ങാന്‍ സഹായിച്ചത് തിരക്കഥാകൃത്ത് സേതുവും ഉണ്ണിമുകുന്ദനുമാണെന്ന് ഈ ചെറുപ്പക്കാരന്‍ പറയുന്നു. അവര്‍ പണം നല്‍കിയത് കൊണ്ടാണ് കാറ്റാമൗണ്ട് എന്ന സ്വന്തം ജിം തുടങ്ങാനായത്. ഇപ്പോള്‍ താരങ്ങളും സംവിധായകരും അടക്കമുള്ള സിനിമാക്കാര്‍ ഷൈജാന് പിന്നാലെയാണ്. വിനുമോഹന്‍, അനുമോഹന്‍, സംവിധായകരായ ജോണ്‍പോള്‍ ജോര്‍ജ്, രൂപേഷ് പീതാംബരന്‍ അങ്ങനെ നിരവധി ശിഷ്യ ഗണങ്ങളാണ് ഷൈജാന്‍ ആശാനുള്ളത്.

12 വര്‍ഷമായി ഷൈജാന്‍ ഫിറ്റ്‌നസ് ട്രെയിനറാണ്. നാല് വര്‍ഷം മുമ്പാണ് സ്വന്തമായി ജിം തുടങ്ങിയത്. ഒരു ദിവസം ഉണ്ണിമുകുന്ദന്‍ ജിമ്മില്‍ എത്തിയതാണ് ജീവിതത്തില്‍ വഴിത്തിരിവായത്. ഷൈജാന്റെ പരിശീലനം ഇഷ്ടപ്പെട്ട ഉണ്ണി തന്റെ പേഴ്‌സണല്‍ ഇന്‍ട്രക്റ്ററായി നിയമിച്ചു.

v
v

എന്നാല്‍ ഉണ്ണിക്ക് സിനിമയില്‍ ഇടയ്ക്ക് ഗ്യാപ്പ് ഉണ്ടായപ്പോള്‍ ഏറെ ബുദ്ധിമുട്ടിയെന്ന് ഷൈജാന്‍ ഓര്‍മിക്കുന്നു. ആ സമയത്താണ് ഒരു ബന്ധു ജിം ഏറ്റെടുത്ത് നടത്തുന്നതിനെ കുറിച്ച് പറഞ്ഞത്. എന്നാല്‍ പണമില്ലായിരുന്നു. അതറിഞ്ഞ ഉണ്ണിമുകുന്ദനും സേതുവും സഹായിക്കാനെത്തി. രണ്ട് പേരോടും തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ട്.

നടന്‍ അനുമോഹന്‍ വഴിയാണ് ടൊവീനോ തോമസ് ഷൈജാനെ തേടിയെത്തിയത്. പിന്നീട്  ടൊവീനോയ്ക്കും ഒപ്പം സെറ്റുകളില്‍ ട്രെയിനറായി പോയിത്തുടങ്ങി. ഗപ്പി, ഗോദ എന്നീ ചിത്രങ്ങളുടെ ലൊക്കേഷനിലെ പരിശീലനം കണ്ടാണ് സംവിധായകരായ ജോണ്‍പോള്‍ ജോര്‍ജും രൂപേഷ് പീതാംബരനും എത്തിയത്.

ഒരു മെക്‌സിക്കന്‍ അപാരതയിലെ രൂപേഷ് പീതാംബരന്റെ ബോഡിമേക്ക് ഓവര്‍ കണ്ടിട്ട് പലരും വിളിച്ച് അഭിനന്ദിച്ചിരുന്നു. മാനസികമായ ആരോഗ്യത്തിനാണ് താന്‍ മുന്‍കരുതല്‍ നല്‍കുന്നതെന്ന് ഷൈജാന്‍ പറഞ്ഞു. ദിവസം 12 മണിക്കൂര്‍ ജോലി കഴിഞ്ഞാണ് പല താരങ്ങളും വര്‍ക്കൗട്ട് ചെയ്യുന്നത്. പലരും കഥാപാത്രങ്ങള്‍ക്ക് അനുസരിച്ചാണ് ശരീരം രൂപപ്പെടുത്തുന്നത്. അത് വലിയ അധ്വാനവും ആത്മസമര്‍പ്പണവുമാണ്.