ക്രിസ്മസ് മുതല്‍ അഞ്ച് ദിവസം മലയാള സിനിമയ്ക്ക് നഷ്ടം 14 കോടി

തിരുവനന്തപുരം: ക്രിസ്മസ് മുതല്‍ തിങ്കളാഴ്ച വരെ മലയാള സിനിമക്ക് നഷ്ടമായത് 14 കോടി രൂപ. ക്രിസ്മസ് റിലീസിലൂടെ കോടികള്‍ വാരാന്‍ കാത്തിരുന്ന മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ജോമോന്റെ  സുവിശേഷങ്ങള്‍, ഫുക്രി, എസ്ര എന്നീ സിനികള്‍ പെട്ടിയിലായതോടെയാണ് നാല് അവധി ദിവസം കൊണ്ട് ഇത്രയും കോടിയുടെ നഷ്ടമുണ്ടായത്. തിയേറ്റര്‍ കളക്ഷന്‍ വിഹിതം സംബന്ധിച്ച് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും തീയേറ്റര്‍ ഉടമകളുടെ സംഘടനയും തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് ക്രിസ്മസ് റിലീസുകള്‍ വേണ്ടെന്നുവെച്ചത്. ഇത് സമീപകാലത്ത് മലയാള സിനിമാ മേഖലക്കുണ്ടായ കനത്ത തിരിച്ചടിയാണെന്ന് സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. ഓണം കഴിഞ്ഞാല്‍ ഏറ്റവുമധികം കളക്ഷന്‍ നേടാനാകുന്നത് ക്രിസ്മസ്, പുതുവത്സര സീസണിലാണ്. അതാണ് ഇപ്പോള്‍ നഷ്ടമായിരിക്കുന്നത്. ഈമാസം 31നകം റിലീസ് ഉണ്ടായില്ലെങ്കില്‍ നഷ്ടം ഇരട്ടിയായേക്കും. റിലീസാകുന്ന, താരമൂല്യമുള്ള ചിത്രങ്ങള്‍ക്ക് ഒരു ദിവസം 70 ലക്ഷം രൂപ കളക്ഷന്‍ ലഭിക്കുമെന്നാണ് കണക്ക്. മള്‍ട്ടി പ്ലക്സിലെ ക്ളക്ഷന്‍ കൂടെ കൂട്ടുമ്പോള്‍ ഇതിലും ഇരട്ടിയാകും നഷ്ടം.

നിര്‍മ്മാതാവിന് മാത്രമല്ല തിയേറ്റര്‍ ഉടമകള്‍ക്കുമുണ്ട് നഷ്ടത്തിന്റെ കണക്കുകള്‍. നാലു സിനിമകള്‍ക്കുമായി നല്ല തുക തിയേറ്റര്‍ ഉടമകളും അഡ്വാന്‍സ് നല്‍കിയിരുന്നു. മുന്തിരിവള്ളികള്‍ റിലീസ് ചെയ്യാന്‍ ആദ്യദിനമായ വ്യാഴാഴ്ച മാത്രം മുന്‍കൂട്ടിബുക്ക് ചെയ്തത് 160 കേന്ദ്രങ്ങളായിരുന്നു. അതേസമയം വിഹിതത്തെ ചൊല്ലി നിര്‍മ്മാതാക്കളും വിതരണക്കാരും തിയേറ്റര്‍ ഉടമകളും പിടിവാശിയില്‍ നിന്ന സാഹചര്യം ശരിക്കും മുതലാക്കിയത് അമീര്‍ഖാന്റെ ‘ദങ്കല്‍’ ആണ്. ക്രിസ്മസ് പ്രമാണിച്ചുള്ള രണ്ടുദിവസങ്ങളില്‍ കേരളത്തില്‍ നിന്ന് ദങ്കലിന് കിട്ടിയത് ഒരു കോടി രൂപയാണ്.

സൂപ്പര്‍ ഹിറ്റ് ചിത്രം പുലിമുരുകന്‍ ഇപ്പോഴും തിയേറ്റുകള്‍ നിറക്കുന്നുണ്ട്. കട്ടപ്പനയിലെ ഋതിക് റോഷനും മോശമല്ലാത്ത പ്രകടനം കാഴ്ചവെക്കുന്നു. എന്നാല്‍ ഈ രണ്ട് സിനിമകളും കണ്ടുകഴിഞ്ഞ സിനിമാപ്രേമികളെ മറ്റ് സിനിമകള്‍ ഇല്ലാതായത് നിരാശപ്പെടുത്തി.

നിലവില്‍ നല്‍കുന്ന വിഹിതത്തില്‍ നിന്ന് ഏഴു ശതമാനം കുറക്കാനാണ് തീയറ്റര്‍ ഉടമകള്‍ തീരുമാനിച്ചത്. എ.സി തിയേറ്ററില്‍ ആദ്യ ആഴ്ച വരുമാനത്തിന്റെ 60 ശതമാനവും ശേഷിക്കുന്ന ദിവസങ്ങളില്‍ 55 ശതമാനവുമാണ് നിര്‍മാതാക്കള്‍ക്ക് നിലവില്‍ നല്‍കുന്ന വിഹിതം. നോണ്‍ എ.സി തിയേറ്ററില്‍ ആദ്യ ആഴ്ച വരുമാനത്തിന്റെ 65 ശതമാനവും തുടര്‍ന്നുള്ള ദിവസങ്ങളില്‍ 55 ശതമാനവും നല്‍കുന്നുണ്ട്. എന്നാല്‍ ഡിസംബര്‍ 16 മുതല്‍ എ.സി തിയേറ്ററില്‍ ആദ്യ ആഴ്ച 52 ശതമാനവും ശേഷിക്കുന്ന ദിവസങ്ങളില്‍ 47 ശതമാനവും നോണ്‍ എ.സി തിയേറ്ററില്‍ ആദ്യ ആഴച 57 ശതമാനവും ശേഷിക്കുന്ന ദിവസം 50 ശതമാനവും നല്‍കാനാണ് തിയറ്റര്‍ ഉടമകളുടെ സംഘടന തീരുമാനിച്ചത്. ഇതോടെയാണ് സിനിമകളുടെ റിലീസ് മുടങ്ങിയത്.