ജോയ് ആലുക്കാസില്‍ കേന്ദ്ര എക്സൈസിന്‍െറ റെയ്ഡ് , കോടികളുടെ നികുതി വെട്ടിപ്പ് കണ്ടെത്തി 

ജോയ് ആലുക്കാസിന്‍െറ ശാഖകളില്‍ എക്സൈസ് റെയ്ഡ് 

16 കോടി രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി 

പ്രമുഖ സ്വര്‍ണ്ണ വ്യാപികളായ ജോയ് ആലുക്കാസിനെതിരെ നികുതി വെട്ടിപ്പിന് കേസെടുക്കാന്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സെന്‍ട്രല്‍ എക്സൈസ് ഇന്‍റലിജന്‍സ് (ഡി.ജി.സി.ഇ.ഐ) നീക്കം ആരംഭിച്ചു. കഴിഞ്ഞയാഴ്ച ഡി.ജി.സി.ഇ.ഐ നടത്തിയ റെയ്ഡിലാണ് തൃശൂര്‍ ആസ്ഥാനമാണ് ജോയ് ആലുക്കാസില്‍ 5.7 ടണ്‍ സ്വര്‍ണ്ണത്തിന്‍െറ നികുതി അടച്ചിട്ടില്ലെന്ന് കണ്ടെത്തിയത്. ഏപ്രില്‍ മുതല്‍ നവംബര്‍ മാസങ്ങള്‍ വരെയുള്ള കാലയളവിലെ സ്വര്‍ണ്ണ വില്‍പ്പനയ്ക്ക് നിയമാനുസൃതമുള്ള ഒരു ശതമാനം എക്സൈസ് ഡ്യൂട്ടി അടച്ചിട്ടില്ലായെന്നും കണ്ടെത്തിയിട്ടുണ്ട്.

ജോയ് ആലുക്കാസിന്‍െറ 11 ശാഖകളിലും ഫാക്ടറികളിലുമാണ് ഡി.ജി.സി.ഇ.ഐ ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയത്. ഏതാണ്ട് 16 കോടി രൂപയുടെ നികുതി വെട്ടിപ്പാണ് കണ്ടെത്തിയിരിക്കുന്നത്. ജോയ് ആലുക്കാസിന് നികുതി വെട്ടിപ്പിന്‍െറ പേരില്‍ നോട്ടീസ് നല്‍കിയതായി ഡി.ജി.സി.ഇ.ഐ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. ദുബായ്, അബൂദബി, യു.എസ്.എ തുടങ്ങി വിദേശരാജ്യങ്ങളിലും ഇന്ത്യയിലെ പ്രധാന നഗരങ്ങളിലും ജോയ് ആലുക്കാസിന് ശാഖകളുണ്ട്. ഡി.ജി.സി.ഇ.ഐയുടെ റെയ്ഡിന് ശേഷം 10 കോടി രൂപ ജോയ് ആലുക്കാസ് നികുതി അടച്ചതായി ഡി.ജി.സി.ഇ.ഐ.യി അറിയിച്ചു.

ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള മാസങ്ങളില്‍ 5854 കിലോഗ്രാം സ്വര്‍ണ്ണം ജോയ് ആലുക്കാസ് വിറ്റഴിച്ചതായി ഡി.ജി.സി.ഇ.ഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഏതാണ്ട് 1500 കോടി രൂപയുടെ സ്വര്‍ണ്ണവില്‍പ്പനയാണ് ഇക്കാലയളവില്‍ നടന്നിരിക്കുന്നത്.