നവംബറിന്റെ നഷ്ടം; സംവിധായകന്‍ പി.എ. ബക്കര്‍ വിടപറഞ്ഞിട്ട്‌ നാളെ നവംബര്‍ 22ന് 21 വര്‍ഷം പൂര്‍ത്തിയാകുന്നു

സംവിധായകന്‍ പി.എ. ബക്കര്‍ മരിച്ചിട്ട് നാളെ നവംബര്‍ 22ന് 21 വര്‍ഷം പൂര്‍ത്തിയാകുന്നു;

-സി.ടി.തങ്കച്ചൻ-

മലയാള സിനിമയിലെ എക്കാലത്തേയും റെബലായിരുന്ന പി.എ.ബക്കർ വേർപിരിഞ്ഞിട്ട് നവംബർ 22 ന് 21 വർഷങ്ങൾ പൂർത്തിയാവുന്നു ജോൺ എബ്രഹാം ‘അരവിന്ദൻ പത്മരാജൻ എന്നീ ചലച്ചിത്രകാരൻമാരുടെ വേർപാടുപോലെ ആകസ്മികമായിരുന്നു ബക്കറിന്റെയും അന്ത്യം. തന്റെ സ്വപ്ന പദ്ധതികളായ രണ്ടു സിനിമകൾ മലയാളികൾക്ക് സമ്മാനിക്കാൻ കഴിയാതെയാണ് രണ്ടു പതിറ്റാണ്ടുകൾക്കു മുൻപ് അദ്ദേഹം രംഗമൊഴിഞ്ഞത് ‘ഇതിഹാസ കഥാപാത്രമായ ബദർ മുനീറിന്റെ ജീവിതം സിനിമയാക്കാനുള്ള അണിയറ പ്ര പ്രവർത്തനങ്ങൾക്കിടയിലാണ് അദ്ദേഹം ജീവൻ വെടിയുന്നത്.പി.കൃഷ്ണപിള്ളയുടെ ജീവിത കഥയായിരുന്നു. മറ്റൊരു സംരംഭം ഈ ചിത്രത്തിന്റെ അവസാന മിനുക്കുപണികൾ പൂർത്തിയാക്കാനും കാലം ബഷീറിനെ അനുവദിച്ചില്ല
നമ്മുടെ സിനിമ മദിരാശിയിലെ വട്ടിപ്പണക്കാരന്റെ കാൽക്കീഴിൽ അമർന്നു കിടക്കുന്ന ഒരു കാലത്താണ് ചലച്ചിത്ര പ്രവർത്തനങ്ങളുമായ് ബക്കർ മദിരാശിയിലെത്തുന്നത്. മദിരാശി തെന്നിന്ത്യയിലെ ഹോളിവുഡ് എന്നറിയപ്പെട്ടിരുന്ന ഒരു കാലം. അക്കാലത്തിറങ്ങൂന്ന സിനിമകൾക്കൊന്നും സംവിധായകൻ എന്ന ലേബൽ ഉണ്ടായിരുന്നില്ല. ഉണ്ടായിരുന്നെങ്കിൽത്തന്നെ അങ്ങനെയൊരു മേൽവിലാസക്കാരനെ പ്രേക്ഷകൾക്ക് പരിചയമുണ്ടായിരുന്നില്ല സത്യൻ നസീർ കൊട്ടാരക്കര തുടങ്ങിയ താരങ്ങളുടെ പേരിലായിരുന്നു അന്ന് സിനിമകൾ അറിയപ്പെട്ടിരുന്നത് .അന്നത്തെ സംവിധായകർ സംവിധായകൻ എന്നതിലുപരി ഒരു ” ചലച്ചിത്ര കണ്ടക്ടർ ” ആയിരുന്നു.ഇവരും തങ്ങളുടെ സിനിമകൾ താരങ്ങളുടെ പേരിൽ അറിയപ്പെടാനാണ് ആഗ്രഹിച്ചത്.

pa-backar-thewifireporter
ഏതാണ്ട് അറുപതുകളോടെയാണ് മലയാളത്തിൽ സംവിധായകന്റെ സാന്നിദ്ധ്യം അനുഭവപ്പെട്ടു തുടങ്ങുന്നത്.രാമുകാര്യാട്ട് സേതുമാധവൻ തുടങ്ങിയ ചില ചലച്ചിത്രകാരൻമാർ സിനിമ സംവിധായകന്റെ കൂടി സൃഷ്ടിയാണ് എന്ന നിലപാടെടുത്തു. സിനിമ സംവിധായകന്റെ മാത്രം സൃഷ്ടിയാണെന്നു സ്ഥാപിക്കാൻ പിന്നെയും കാലമെടുത്തു. എഴുപതുകളോടെ മലയാള സിനിമ ഒരു കുതിച്ചു ചാട്ടം തന്നെ നടത്തി.സിനിമ സംവിധായകന്റെ മാത്രം കലയാണെന്ന് ഉറക്കെ വിശ്വസിച്ചു കൊണ്ട് ഒരു കൂട്ടം ന്യൂവേവ് ചലച്ചിത്രങ്ങളുമായ് പുതിയ ചലച്ചിത്രകാരൻമാരെത്തി. ധീരമായ പരീക്ഷണങ്ങളുമായാണ് അവരെത്തിയത്.പി .എൻ .മേനോൻ (ഓളവും തീരവും) ജോൺ എബ്രഹാം (അഗ്രഹാരത്തിലെ കഴുത ..തമിഴ്) അരവിന്ദൻ (ഉത്തരായണം ) കെ.പി കുമാരൻ (അതിഥി) അടൂർ ഗോപാലകൃഷ്ണൻ (സ്വയംവരം) പി എ ബക്കർ (കബനീനദി ചുവന്നപ്പോൾ കെ ജി ജോർജ്ജ് (സ്വപ്നാടനം ) തുടങ്ങിയവരായിരുന്നു ഈ ചലച്ചിത്രകാരന്മാർ.
ഇക്കൂട്ടത്തിൽ വിഗ്രഹഭഞ്ജകനെപ്പോലെ, നിലവിലിരിക്കുന്ന സിനിമാ സങ്കൽപ്പങ്ങളുമായി കലഹിച്ചു കൊണ്ട് സ്വന്തം അഭിപ്രായങ്ങൾ ( പലർക്കും അപ്രീയമായിരുന്നിട്ടു കൂടി) ഉറക്കെ വിളിച്ചു പറഞ്ഞ ചലച്ചിത്രകാരനായിരുന്നു പി.എ ബക്കർ .മലയാള സിനിമയിൽ സൗന്ദര്യ ശാസ്ത്രപരമായ ഒരു പാട് ധാരണകളെ തിരുത്തിയ ചലച്ചിത്രമായിരുന്നു കബനീനദി ചുവന്നപ്പോൾ. അന്ന് മലയാളത്തിൽ നിലവിലിരുന്ന താരാധിപത്യത്തെ ചോദ്യം ചെയ്ത ആദ്യചിത്രവും കമ്പനീനദി തന്നെ. കലാകാരൻ എന്ന നിലയിൽ മനുഷ്യന്റെ വിമോചനത്തിനു വേണ്ടി പക്ഷം ചേരുന്ന ചലച്ചിത്രകാരനാണെന്ന് ആദ്യമായി പ്രഖ്യാപിച്ച ചലച്ചിത്രകാരൻ കൂടിയാണ് ബക്കർ .വിഷയ സ്വീകരണത്തിലും ചലച്ചിത്ര ഘടനയിലും ബക്കറിനെപ്പോലെ ചങ്കുറ്റം കാണിച്ച സംവിധായകർ അക്കാലത്ത് വിരളമായിരുന്നു.

pa-backar

കാൽപ്പനികമായ അംശത്തെ പൂർണ്ണമായി നിരാകരിച്ചു കൊണ്ട് അപമാനിക്കപ്പെടുന്നവന്റെയും അടിച്ചമർത്തപ്പെടുന്നവന്റേയും ജീവിതമാണ് ബക്കർ തന്റെ സിനിമകൾക്ക് വിഷയമാക്കിയത്. മനുഷ്യന്റെ മോചനത്തെ സ്വപ്നം കാണുന്ന ഗോപി എന്ന നക്സലൈറ്റിന്റെ ജീവിതവും ജീവിത വീക്ഷണവുമായിരുന്നു കബിനി നദിയുടെ കാതൽ. അനിവാര്യമായ ജീവിത സാഹചര്യങ്ങളിൽ വേശ്യാവൃത്തിയിലേക്ക് വലിച്ചിഴക്കപ്പെടുന്ന ഒരു പാട് സ്ത്രീകളുടെ പ്രതിനിധിയാണ് ചുവന്ന വിത്തുകളിലെ നായിക. തന്റെ കഷ്ടപ്പാടുകൾ നിറഞ്ഞ ജീവിതത്തിൽ നിന്നുള്ള മോചനത്തിന് ഒരു രക്ഷകനെ കാത്തിരിക്കുന്ന ഇടത്തരക്കാരന്റെ ജീവിതമാണ് സംഘഗാനം എന്ന സിനിമ .ആകാശത്തുകാണുന്ന നക്ഷത്രങ്ങളൊക്കെ, മരിച്ചിട്ട് സ്വർഗ്ഗത്തിൽ പോയവരാണ് എന്ന് വിശ്വസിക്കുന്ന ജോസഫിന്റെയും ഹരിയുടെയും അനാഥത്വമാണ് മണിമുഴക്കത്തിന്റെ പ്രമേയം. വീട്ടിൽ പട്ടിണിയും പരിവട്ടവുമായ് കഴിഞ്ഞുകൂടുന്ന കൊച്ചി തുറമുഖത്തിലെ കയറ്റിറക്കി തൊഴിലാളികളുടെ ജീവിതവും സംഘടിത തൊഴിലാളി വർഗ്ഗത്തിന്റെ ഉയർത്തെഴുന്നേൽപ്പിന്റെ ചരിത്രവുമാണ് ചാപ്പ എന്ന സിനിമ പുരോഗമനപരമായ തന്റെ വീക്ഷണം സിനിമയിലും ജീവിതത്തിലും നിലനിർത്തിയ അപൂർവ്വ ചലച്ചിത്രകാരനായിരുന്നു പി.എ ബക്കർ.. എടുത്തു പറയാൻ ഒരു ബിരുദമോ അക്കാദമിക് പാണ്ഡിത്വമോ ഇല്ലാതിരുന്ന ഈ ചലച്ചിത്രകാരന്റെ ദർശനം മനുഷ്യ മോചനത്തിൽ അധിഷ്ടിതമായിരുന്നു.
ശ്രീ നാരായണ ഗുരു. മണ്ണിന്റെ മാറിൽ, ഉണർത്തുപാട്ട് ചാരം, പ്രേമലേഖനം ഇന്നലെയുടെ ബാക്കി സഖി തുടങ്ങി 13 കഥാചിത്രങ്ങളും ഒരു ഹ്രസ്വചിത്രവും നമുക്ക് സമ്മാനിച്ച് ബക്കർ ഓർമ്മയായിട്ട് ഈ 22 ന് 21 ആണ്ടുകൾ തികയുന്നു.