EXCLUSIVE: മന്നം ജയന്തിയ്‌ക്കെത്തിയ ചെന്നിത്തല നാണംകെട്ട് മടങ്ങി

 

ചെന്നിത്തലയേയും വാഴയ്ക്കനെയും മൈന്‍ഡ് ചെയ്യാതെ സുകുമാരന്‍ നായര്‍

കെ. മുരളീധരനും കെ.എസ് ശബരീനാഥനും ഊഷ്മള സ്വീകരണം

പെരുന്നയിലെ മാധ്യമ വിലക്കിനെക്കുറിച്ച് മിണ്ടാതെ പ്രമുഖര്‍

-പി.എ. സക്കീര്‍ ഹുസൈന്‍-

തിരുവനന്തപുരം: നായര്‍ സമുദായ ആചാര്യന്‍ മന്നത്ത് പദ്മനാഭന്റെ ജയന്തി ദിനത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പെരുന്നയിലെത്തിയ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്കും പരിവാരങ്ങള്‍ക്കും നാണംകെട്ട മടക്കം.

ramesh-chennithala_7ഇന്നലെ രാവിലെയാണ് പെരുന്നയിലെ എന്‍.എസ്.എസ് ആസ്ഥാനത്ത് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും കെ.പി.സി.സി വക്താവ് ജോസഫ് വാഴയ്ക്കനും പരിവാരങ്ങളുമെത്തിയത്.

മന്നം സമാധിയില്‍ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ നേതൃത്വത്തില്‍ പൂഷ്പാര്‍ച്ചന നടത്തുന്നതിനിടെയായിരുന്നു രമേശിന്റെയും സംഘത്തിന്റെയും വരവ്. എന്നാല്‍ പ്രതിപക്ഷ നേതാവിനെയും സംഘത്തെയും ഒന്ന് നോക്കാന്‍ പോലും സുകുമാരന്‍ നായര്‍ തയാറായില്ല. ഇതിനിടെ ആരും ക്ഷണിക്കാതെ തന്നെ സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തിയ ചെന്നിത്തല സുകുമാരന്‍ നായരുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ പഠിച്ചപണി പതിനെട്ടും പയറ്റിയെങ്കിലും കാര്യമായി ഏശിയില്ല.

സുകുമാരന്‍ നായര്‍ അകലം പാലിച്ചതോടെ മറ്റ് എന്‍.എസ്.എസ് ഭാരവാഹികളും തന്ത്രപൂര്‍വം ചെന്നിത്തലയ്ക്ക് മുന്നില്‍നിന്ന് മാറി നിന്നു. ഏറെ സമയത്തിന് ശേഷം പ്രതിപക്ഷ നേതാവിനോട് സുകുമാരന്‍ നായര്‍ സംസാരിച്ചെങ്കിലും അനുസ്മരണ സമ്മേളനത്തിലേക്ക് ക്ഷണിക്കുകയോ കൂടുതല്‍ അടുപ്പം പുലര്‍ത്തുകയോ ചെയ്തില്ല. രമേശ് നില്‍ക്കെ തന്നെ ബാബുപോള്‍ ഉള്‍പ്പെടെയുള്ളവരോട് അകത്തേക്ക് പോയാല്‍ ഇരിക്കാമെന്ന് സുകുമാരന്‍ നായര്‍ അറിയിച്ചു.

മുക്കാല്‍ മണിക്കൂറോളം സമാധിയില്‍ ചെലവഴിച്ച ചെന്നിത്തല ഇനിയും നിന്നാല്‍ കൂടുതല്‍ നാണക്കേടുണ്ടാകുമെന്ന് മനസിലാക്കി സ്ഥലം കാലിയാക്കുകയായിരുന്നു. എന്‍.എസ്.സ് ആസ്ഥാനത്ത് ദൃശ്യമാധ്യമങ്ങള്‍ക്ക് സുകുമാരന്‍നായര്‍ വിലക്കേര്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ ഈ നാണക്കേടിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടില്ല.

തലയില്‍ മുണ്ടിട്ട് ഒരു രാഷ്ട്രീയക്കാരനും തന്നെ കാണാന്‍ എത്തേണ്ടെന്ന് പ്രഖ്യാപിച്ച സുകുമാരന്‍ നായര്‍ എന്‍.എസ്.എസ് ആസ്ഥാനത്തുടനീളെ സി.സി.സി ടിവി കാമറകള്‍ ഘടിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ സമാധിയില്‍ ചെന്നിത്തലയ്ക്കും സംഘത്തിനുമുണ്ടായ നാണക്കേട് കാമറയില്‍ പതിഞ്ഞിട്ടുണ്ടെന്നാണ് എന്‍.എസ്.എസ് ആസ്ഥാനത്തെ ജീവനക്കാര്‍ പറയുന്നത്.

ആക്ഷേപഹാസ്യ പരിപാടികളില്‍ തന്നെ മോശമായി ചിത്രികരിക്കുന്നതില്‍ പ്രകോപിതനായാണ് സുകുമാരന്‍ നായര്‍ ഒരു വര്‍ഷം മുന്‍പ് ചാനലുകാരെ പെരുന്നയില്‍നിന്ന് പടിയടച്ച് പിണ്ഡം വച്ചത്. അസഹിഷ്ണുതയ്‌ക്കെതിരെ നാഴികയ്ക്ക് നാല്‍പതുവട്ടം പ്രസംഗിക്കുകയും പ്രസ്താവനയിറക്കുകയും ചെയ്യുന്ന രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക ബുദ്ധിജീവികളോ മാധ്യമ പ്രവര്‍ത്തകരുടെ സംഘടനാ നേതാക്കളോ സുകുമാരന്‍ നായരുടെ നപടിക്കെതിരെ ഒരക്ഷരം മിണ്ടിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

അടുത്തിടെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ രൂക്ഷവിമര്‍ശനമാണ് സുകുമാരന്‍ നായര്‍ ഉന്നയിച്ചിരുന്നത്. എന്‍.എസ്.എസ് ആസ്ഥാനത്തെത്തിയ കോണ്‍ഗ്രസിലെ യുവതുര്‍ക്കികളോടാണ് സുകുമാരന്‍ നായര്‍ ചെന്നിത്തലയ്‌ക്കെതിരെ പൊട്ടിത്തെറിച്ചത്.

അതേസമയം രമേശ് ചെന്നിത്തലയേയും വാഴയ്ക്കനെയും അപമാനിച്ചിറക്കിയെങ്കിലും കോണ്‍ഗ്രസ് നേതാക്കളായ കെ. മുരളീധരന്‍, കെ.എസ് ശബരീനാഥന്‍, കൊടിക്കുന്നില്‍ സുരേഷ്, പ്രയാര്‍ ഗോപാലകൃഷ്ണന്‍, ബി.ജെ.പി നേതാവ് എ.എന്‍ രാധാകൃഷ്ണന്‍, ജോസ് കെ.മാണി തുടങ്ങിയവര്‍ക്ക് സുകുമാരന്‍ നായര്‍ ഊഷ്മള സ്വീകരണമാണ് നല്‍കിയത്.

ഇതിനിടെ തനിക്കുണ്ടായ നാണക്കേട് മറ്റാരും അറിയില്ലെന്നുറപ്പാക്കാന്‍ കോട്ടയത്തെയും ചങ്ങനാശേരിയിലെയും പ്രമുഖ മാധ്യമപ്രവര്‍ത്തകരെ ചെന്നിത്തല നേരിട്ട് വിളിച്ച് കൂടുതല്‍ നാറ്റിക്കരുതെന്ന് ആവശ്യപ്പെട്ടതായാണ് വിവരം.

 

എന്‍.എസ്.എസ് ചെന്നിത്തലയെ കൈവിടുന്നു; വിശ്വസിക്കാന്‍ കൊള്ളാത്തവന്‍ എന്ന് സുകുമാരന്‍ നായര്‍