നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യം കോടതി തള്ളി

    കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായ നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കമെന്ന പ്രോസിക്യൂഷന്‍ ആവശ്യം വിചാരണക്കോടതി തള്ളി. ജാമ്യ വ്യവസ്ഥകള്‍ പാലിക്കാതെ പ്രധാന സാക്ഷികളായ വിപിന്‍ലാല്‍, ജിന്‍സണ്‍ എന്നിവരെ ഭീഷണിപ്പെടുത്തി അനുകൂല മൊഴിക്കു ശ്രമിച്ചു എന്നു ചൂണ്ടിക്കാണിച്ചായിരുന്നു പ്രോസിക്യൂഷന്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഉന്നയിച്ചത്.

    2020 ഒക്ടോബറില്‍ മൊഴിമാറ്റാന്‍ ശ്രമിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്. എന്നാല്‍ കഴിഞ്ഞ ഒക്ടോബറിലാണ് ഇതു സംബന്ധിച്ച് പരാതി ഉയര്‍ത്തിയത്. മൊഴിമാറ്റാന്‍ ശ്രമമുണ്ടായെന്ന പരാതി ക്രൈംബ്രാഞ്ച് അന്വേഷിച്ചിട്ടും തെളിവു ലഭിച്ചില്ലെന്നുമായിരുന്നു ദിലീപിന്റെ വാദം. ഇത് പരിഗണിച്ചാണ് ജാമ്യം റദ്ദാക്കേണ്ടതില്ലെന്ന വിചാരണക്കോടതി ഉത്തരവ്.

    മാപ്പുസാക്ഷിയാക്കിയ വിപിന്‍ ലാലിനെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ കെ.ബി. ഗണേഷ് കുമാര്‍ എംഎല്‍എയുടെ ഓഫിസ് സെക്രട്ടറി കോട്ടാത്തല പ്രദീപ് കുമാറിനെതിരെ പൊലീസ് കേസെടുത്തിരുന്നു. ദിലീപിനു വേണ്ടി ഇയാള്‍ വിപിന്‍ലാലിനെ ഭീഷണിപ്പെടുത്തി എന്നായിരുന്നു പ്രോസിക്യൂഷന്‍ നിലപാട്. കേസില്‍ നേരത്തെ വാദം കേള്‍ക്കലും വിചാരണയും പൂര്‍ത്തിയായെങ്കിലും കോടതി ഓഫിസ് സ്റ്റാഫില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വിധി പ്രഖ്യാപിക്കുന്നത് മാറ്റിവയ്ക്കുകയായിരുന്നു.