ഷാജി പാപ്പനും പിള്ളേരും വീണ്ടും വരുന്നു

 തിരുവനന്തപുരം: ലോകത്ത് പല ഹിറ്റ് സിനിമകളുടെയും തുടര്‍ച്ച വന്നിട്ടുണ്ടെങ്കിലും പരാജയപ്പെട്ട ചിത്രത്തിന്റെ രണ്ടാം ഭാഗം ആരും ഒരുക്കിയിട്ടില്ല. എന്നാല്‍ ചരിത്രത്തിലാദ്യമായി മലയാളത്തില്‍ അത് സംഭവിക്കുന്നു. ജയസൂര്യയുടെ പരാജയപ്പെട്ട സിനിമയായ ആട് ഒരു ഭീകരജീവിയാണ് എന്ന സിനിമയുടെ രണ്ടാം ഭാഗം വരുന്നു.

ഇക്കൊല്ലം ക്രിസ്മസിന് റിലീസ് ഉണ്ടാകുമെന്ന് ജയസൂര്യ പറഞ്ഞു. സിനിമ പരാജയമായിരുന്നെങ്കിലും ഡി.വി.ഡി ഇറങ്ങിയതോടെ ഷാജി പാപ്പന്‍ എന്ന നായക കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടതോടെയാണ് രണ്ടാം ഭാഗത്തിന് സംവിധായകന്‍ മിഥുന്‍ മാനുവേലും നിര്‍മാതാവ് വിജയ്ബാബുവും തീരുമാനിച്ചത്.

ടോറന്റില്‍ ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്ത മലയാളം സിനിമകളില്‍ ഒന്നാണ് ആട് ഒരു ഭീകരജീവി. ട്രോളുകളിലും ചാനലുകളിലെ കോമഡി പരിപാടികളിലും ഷാജി പാപ്പന്‍ വലിയ താരമായി. അതിനിടെ മിഥുന്‍ മാനുവേലിന്റെ ആന്‍മരിയ കലിപ്പിലാണ് എന്ന ചിത്രവും സൂപ്പര്‍ഹിറ്റായി.

ഇതോടെയാണ് രണ്ടാം ഭാഗം തീരുമാനിച്ചത്. ഒന്നാം ഭാഗത്തിലെ പ്രധാനകഥാപാത്രമായ പിങ്കി എന്ന ആട് രണ്ടാം ഭാഗത്തിലും ഉണ്ടാകും. പിങ്കി അമ്മയായി അവള്‍ക്ക് കുട്ടികളുണ്ട്. അത് പോലെ ഷാജി പാപ്പന്റെ കൂടെയുള്ള സുഹൃത്തുക്കളും ഇത്തവണയും ഉണ്ടാകും. ഷാജി പാപ്പന്റെ ജീവിതത്തിലെ സംഭവങ്ങള്‍ കൂടി കോര്‍ത്തിണക്കിയ ആക്ഷന്‍ കോമഡി ചിത്രമായിരിക്കും രണ്ടാം ഭാഗം.