ഉമ്മന്‍ചാണ്ടി കലിപ്പിലെങ്കില്‍ രാഹുല്‍ കട്ടക്കലിപ്പില്‍ തന്നെ…!

എ ഗ്രൂപ്പിന്റെ പരാതി മുഖവിലയ്ക്കെടുക്കേണ്ടെന്ന് നിര്‍ദേശം

ഹൈക്കമാന്‍ഡിന്റെ ദൂതന്‍മാരുടെ റിപ്പോര്‍ട്ട് ഉമ്മന്‍ചാണ്ടിക്ക് എതിര് 

രാഹുലിന് ഷോക്ക് നല്‍കാനുറച്ച് എ ഗ്രൂപ്പും

-എബി ജോണ്‍-

തിരുവനന്തപുരം: ജനപിന്തുണയും കാര്യ പ്രാപ്തിയുമുള്ള നേതാക്കളെ മാറ്റി നിര്‍ത്തുക എന്നത് ശീലമാക്കിയ രാഹുല്‍ ഗാന്ധി കേരളത്തിലും തന്റെ നയം നടപ്പാക്കാനൊരുങ്ങുന്നു. ഡി.സി.സി പ്രസിഡന്റുമാരുടെ പുനസംഘടനയെ തുടര്‍ന്ന് പ്രതിഷേധത്തിലായ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയേയും അദ്ദേഹം നേതൃത്വം നല്‍കുന്ന എ ഗ്രൂപ്പിനെയും പ്രതിഷേധം തുടര്‍ന്നാല്‍ അവഗണിച്ചു മുന്നോടുപോകുവാന്‍ ഹൈകമാന്‍ഡ് നിര്‍ദ്ദേശം നല്‍കി.

രാഷ്ട്രീയകാര്യ സമിതി യോഗം ആര്‍ക്കുവേണ്ടിയും നീട്ടി വയ്ക്കേണ്ടതില്ലെന്നും തീരുമാനങ്ങളെടുത്ത് മുമ്പോട്ടു പോകണമെന്നുമാണ് ഹൈകമാന്‍ഡിന്റെ തീരുമാനം. ഇതിന്റെ അടിസ്ഥാനത്തിലാണ് അടുത്ത ആഴ്ച യോഗം ചേരാന്‍ കെ.പി.സി.സി  അധ്യക്ഷന്‍ വി.എം സുധീരന്‍ തീരുമാനിച്ചത്. എത്ര കഴിവുള്ള നേതാക്കളാണെങ്കിലും പാര്‍ട്ടിയാണ് പ്രധാനമെന്നാണ് രാഹുലിന്റെ നിലപാട്. കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തിലെത്തിയ ഹൈകമാന്‍ഡ് പ്രതിനിധികള്‍ ഈയൊരു വികാരമാണ് നേതാക്കളെ അറിയിച്ചത്.

തങ്ങള്‍ മാത്രമാണ് പാര്‍ട്ടി എന്ന ചിന്ത കേരളത്തിലെ നേതാക്കള്‍ ഉപേക്ഷിക്കണമെന്നും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. പുതിയ ഡി.സി.സികളുടെ പ്രവര്‍ത്തനത്തെ കുറിച്ച് വിലയിരുത്താനെത്തിയ എ.ഐ.സി.സി ചീഫ് തങ്കബാലുവിന്റെ റിപ്പോര്‍ട്ടും എ ഗ്രൂപ്പിനെതിരാണ്. പുതിയ ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍മാരുടെ നിയമനം പാര്‍ട്ടിക്ക് ഉണര്‍വ്വുണ്ടാക്കിയെന്നും അത് പാര്‍ട്ടിയുടെ പ്രതിച്ഛായ വര്‍ധിപ്പിച്ചെന്നുമാണ് അദ്ദേഹത്തിന്റെ കണ്ടെത്തല്‍. എ.ഐ.സി.സി സെക്രട്ടറി ദീപക് ബാബറിയായും ഏതാണ്ട് സമാന സ്വഭാവത്തിലുള്ള റിപ്പോര്‍ട്ടാണ് രാഹുല്‍ഗാന്ധിക്ക് നല്‍കിയിട്ടുള്ളത്.

എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശങ്ങളെ പാടെ അവഗണികകാനാണ് ഉമ്മന്‍ചാണ്ടിയുടെയും എ ഗ്രൂപ്പിന്റെയും തീരുമാനം. അടുത്ത ദിവസം ചേരുന്ന രാഷ്ട്രീയ കാര്യ സമിതി യോഗത്തില്‍ ഉമ്മന്‍ചാണ്ടി പങ്കെടുക്കേണ്ടതില്ലെന്നും ാേഗത്തില്‍ പങ്കെടുക്കുന്ന മറ്റ് ഗ്രൂപ്പ് പ്രതിനിധികള്‍ ഗ്രൂപ്പിന്റെ നിലപാട് അറിയിക്കാനുമാണ് എ ഗ്രൂപ്പ് തീരുമാനമെടുത്തിട്ടുള്ളത്.

ഉമ്മന്‍ചാണ്ടിയെ അവഗണിച്ചുകൊണ്ട് മുമ്പോട്ടുപോകാനാവില്ലെന്നും ഇവര്‍ പറയുന്നു. ഹൈക്കമാന്‍ഡ് തങ്ങളെ അവഗണിക്കാനാണ് തീരുമാനമെടുക്കുന്നതെങ്കില്‍ പ്രതിഷേധം കടുപ്പിക്കാനും പാര്‍ട്ടിക്ക് നിരന്തര തലവേദന സൃഷ്ടിക്കാനുമാണ് എ ഗ്രൂപ്പ് പദ്ധതിയിടുന്നത്. എ ഗ്രൂപ്പിലെ മുതിര്‍ന്ന നേതാക്കള്‍ ഔപചാരികമായി നാളെ യോഗം ചേരുന്നുണ്ട്. കോഴിക്കോട് വച്ചാകും യോഗം.