ഇക്കോ ഫ്രണ്ട്‌ലി ആഭരണങ്ങള്‍ നവതരംഗം

യുവതലമുറയിലെ പെണ്‍കുട്ടികളുടെയും ആണ്‍കുട്ടികളുടെയും ഒഴിച്ചുകൂടാനാവാത്ത ശരീരത്തിന്റെ ഭാഗമായി കഴിഞ്ഞു ഇപ്പോള്‍ ഇക്കോഫ്രണ്ട്‌ലി ആഭരണങ്ങള്‍. ടെറാക്കോട്ടാ മാലകളും മുള കൊണ്ടുള്ള കമ്മലും തടി വളകളും ഒക്കെ ഞങ്ങളും പ്രകൃതി സ്‌നേഹികളാണെന്ന് പറയാതെ പറഞ്ഞുവെയ്ക്കുന്നുണ്ട്. ഇവര്‍ ഈ ആഭരണങ്ങളൊക്കെ ചുരുങ്ങിയ കാലം കൊണ്ട് ഇത്രയും ജനശ്രദ്ധ നേടി എല്ലാവര്‍ക്കും പ്രിയപ്പെട്ടതായതിനു പിന്നില്‍ കുറേ കാരണങ്ങളുണ്ട്. കുറഞ്ഞ ചെലവില്‍ ഭംഗിയുള്ള ആഭരണം സ്വന്തമാക്കാം എന്നതാണ് പ്രധാനം. വെള്ളിയും സ്റ്റോണും ഒക്കെ ആഭരണത്തില്‍ഡ വരുമ്പോള്‍ അതിന്റെ വില പലപ്പോഴും ഇഷ്ടപ്പെട്ട ആഭരണം സ്വന്തമാക്കുന്നതില്‍ നിന്നും പിന്തിരിപ്പിക്കാറുണ്ട്.

14632993_1280333325312707_796062090315876736_nഎന്നാല്‍ കേരളത്തിലെ പല ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ചെറിയ വിലക്ക് ഇക്കോ ഫ്രണ്ട്‌ലി ആഭരണങ്ങള്‍ ലഭിക്കുന്നു. അതുതന്നെ വ്യത്യസ്ത കളറുകളിലും ആകൃതിയിലും ലഭ്യമാണ്. കോളേജിലെത്തുന്ന പെണ്‍കുട്ടികളുടെ മിക്കവരുടെയും കയ്യില്‍ ഡ്രസിനനുയോജ്യമായ വളകളും അതേ മോഡലുകളിലുള്ള മാലകളും ഇന്ന് സര്‍വ്വലാധാരണയായിരിക്കുന്നു. സ്വന്തം മനോഭാവത്തെ അടയാളപ്പെടുത്താം എന്നത് ഇത്തരം ആഭരണങ്ങളുടെ മറ്റൊരു സവിശേഷതയാണ്. ടൗണിലൊക്കെ ഷോപ്പിംഗിനും മറ്റുമായി പോകുമ്പോള്‍ പലരും നമ്മെ ശ്രദ്ധിക്കുന്നുണ്ട്. നമ്മള്‍ പറയാതെ തന്നെ ധരിച്ചിരിക്കുന്ന ആഭരണവും പെരുമാറ്റരീതികളും നമ്മളെക്കുറിച്ച് മറ്റുള്ളവരോട് പറയുന്നുണ്ട്. ആ കുട്ടി ബുദ്ധിജീവിയാണെന്നും തോന്നുന്നു എന്ന് ഒറ്റനോട്ടത്തില്‍ ആകെക്കൊണ്ടും പറയിപ്പിക്കുന്ന പ്രത്യേകത ഇത്തരം ആഭരണങ്ങള്‍ക്കുണ്ട്. അണിയുന്ന വേഷം കൊണ്ടും ആഭരണം കൊണ്ടും എങ്ങനെ വേറിട്ടു നില്‍കത്കാം എന്ന് സദാസമയവും ആലോചിച്ചു തലപുകക്കുന്ന യുവതലമുറക്കിടയില്‍ തരംഗം സൃഷ്ടിക്കുകയാണ് ഇപ്പോള്‍ ഇക്കോ ഫ്രണ്ട്‌ലി ആഭരണങ്ങള്‍.

പ്രകൃതിയോടിണങ്ങിച്ചേരുന്നതും പ്രകൃതിക്ക് ദോഷമുണ്ടാക്കാത്തതുമായ ഏതു വസ്തു കൊണ്ടുണ്ടാക്കുന്ന ആഭരണവും ഇക്കോ ഫ്രണ്ട്‌ലി ആഭരണമാണ്. ടെറാകോട്ട, ചിരട്ട, മുള, ചകിരി, തടി, വാഴനാര്, പേപ്പര്‍, മഞ്ചാടി, പുളിങ്കുരു തുടങ്ങിയവയൊക്കെ ഈ ഗണത്തില്‍പ്പെടുന്നു. ഉപയോഗമില്ലെന്നു കരുതി നമ്മള്‍ കളയുന്ന ഈ വസ്തുക്കളില്‍ നിന്നും മനോഹരമായ പല ആഭരണങ്ങളും ഉണ്ടാക്കിയെടുക്കാന്‍ സാധിക്കുന്നു എന്നത് കൗതുകകരമായ കാര്യമാണ്.

കേരളത്തിലെ ഒട്ടുമിക്ക സ്‌കൂളുകളിലും ഇപ്പോള്‍ പേപ്പര്‍ കൊണ്ടുള്ള കമ്മല്‍, മോതിരം തുടങ്ങിയവയൊക്കെ ഉണ്ടാക്കാന്‍ പഠിപ്പിക്കുന്നുണ്ട്. വീട്ടിലിരുന്ന് കടലാസ് വെട്ടിക്കളിക്കുന്ന മക്കളെ ചീത്ത പറഞ്ഞിരുന്ന അമ്മമാരൊക്കെ ഇപ്പോള്‍ പാര്‍ട്ടിയ്ക്കും പുറത്തു പോകുമ്പോഴും ധരിക്കുന്നത് ഇത്തരം ആഭരണങ്ങളാണ്. ഇത് കുട്ടികളിലെ സര്‍ഗ്ഗാത്മകതയെ പ്രോത്സാഹിപ്പിക്കുക മാത്രമല്ല ചെയ്യുന്നത്. ആള്‍ക്കൂട്ടത്തില്‍ വ്യത്യസ്തയാകാനും സ്വല്‍പം ഗമയില്‍ മക്കളുടെ കലാവാസനയെ മറ്റുള്ളവര്‍ക്ക് മുന്‍പില്‍ അവതരിപ്പിക്കാനും സാധിക്കും.

14907249_1283191021693604_7137286645671307772_n‘ആഭരണങ്ങളുടെ നിറം, അലങ്കാരപ്പണികള്‍, വലുപ്പം ഇവ അനുസരിച്ചു വേണം ഏതു വസ്ത്രത്തിന്റെ കൂടെയാണ് അണിയേണ്ടത് എന്ന് തീരുമാനിക്കാന്‍. ഒരേസമയം ഇത്തരം ആഭരണങ്ങള്‍ ഒന്നിലധികം ധരിക്കുന്നത് കാണുന്നവരിലും ഇഷ്ടക്കേട് വരുത്തും. പ്ലെയിന്‍ കളര്‍, കുര്‍ത്ത ടോപ്പ്, സല്‍വാര്‍, കോട്ടണ്‍ സാരി എന്നിവക്കൊപ്പം മണ്ണ് മാലകളും തടിവളകളും ഇണങ്ങും. മനോഹരമായ ചിത്രപ്പണികളുള്ള ആഭരണങ്ങള്‍, കോട്ടണ്‍, ജൂട്ട് വസ്ത്രങ്ങളുടെ കൂടെ ധരിക്കാം’ ആഭരണം ധരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യത്തെക്കുറിച്ച് ആഭരണ നിര്‍മ്മാതാവും ഫാഷന്‍ ഡിസൈനറുമായ മേരി പറയുന്നു.

പേപ്പര്‍ കൊണ്ടുള്ള ആഭരണമാണ് ജീന്‍സ് ധരിക്കുന്ന കുട്ടികള്‍ക്കിടയില്‍ പുതിയ ട്രെന്‍ഡ്. കളര്‍ഫുള്‍ വസ്ത്രങ്ങള്‍ മാത്രം ധരിക്കുന്ന ഇത്തരക്കാര്‍ക്ക് വസ്ത്രത്തിന് അനുയോജ്യമായതും വെറൈറ്റി ലുക്ക് നല്‍കുന്നതുമായ ആഭരണങ്ങള്‍ ധരിക്കാം- മേരി കൂട്ടിച്ചേര്‍ത്തു.

മാധ്യമപ്രവര്‍ത്തകര്‍, ടീച്ചര്‍മാര്‍, ഡോക്ടര്‍മാര്‍, വക്കീല്‍, വീട്ടമ്മ- ഇങ്ങനെ ഏതു മേഖലയിലുള്ളവരും ഇന്ന് ഒരു പോലെ ഇത്തരം ആഭരണങ്ങളെ ഇഷ്ടപ്പെടുന്നുണ്ട്.

മുള കൊണ്ടുള്ള ആഭരണങ്ങളും ഉപകരണങ്ങളുമൊക്കെ ജനങ്ങള്‍ സ്വീകരിക്കാന്‍ തുടങ്ങിയിട്ട് ചുരുങ്ങിയ വര്‍ഷമേ ആവുന്നുള്ളൂ. ട്രൈബല്‍ വര്‍ക്ക് ചെയ്ത ആഭരണങ്ങളാണ് ഇന്ന് ട്രെന്‍ഡായി നില്‍ക്കുന്നത്. ചിരട്ട കൊണ്ടും ചകിരി കൊണ്ടുമുള്ള ആഭരണങ്ങള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണെങ്കിലും കൂടുതലായി വിറ്റഴിക്കുന്നത് ഫാഷനും ക്രിയേറ്റിവിറ്റിയും ഒക്കെ കൂട്ടിച്ചേര്‍ത്ത് മഞ്ചാടി, പുളിങ്കുരു തുടങ്ങിയവ കൊണ്ടുണ്ടാക്ുകന്ന ആഭരണങ്ങളാണെന്ന് മുത്തങ്ങയിലെ ഫാന്‍സി ഉടമകള്‍ പറയുന്നു.

വെറുതെയിരിക്കാന്‍ ഞങ്ങളില്ല

14650636_1278388498840523_2380306025734858759_nരാവിലത്തെ വീട്ടു ജോലിയും മക്കളുടെ സ്‌കൂളില്‍ പോക്കും ഭര്‍ത്താവിന്റെ ജോലിക്ക് പോക്കും കഴിഞ്ഞാല്‍ വീട്ടില്‍ വെറുതെയിരുന്ന ടി.വി. കണ്ടിരുന്ന വീട്ടമ്മമാരുടെ കാലമൊക്കെ കഴിഞ്ഞു. എങ്ങനെ വീട്ടിലിരുന്ന് പണം സമ്പാദിക്കാം എന്ന് ക്രിയേറ്റീവായി ചിന്തിക്കുന്ന വീട്ടമ്മമാരുടെ കാലമാണിത്. അതില്‍ തന്നെ മലയാളികളായ പല വീട്ടമ്മമാരും കൂടുതലായി കേന്ദ്രീകരിച്ചിരിക്കുന്നത് ആഭരണനിര്‍മ്മാണത്തിലാണ്. ഫോണിലെ നെറ്റ് വാട്‌സ് ആപ്പിനും, ഫെയ്‌സ്ബുക്കിനും മാത്രമുള്ളതല്ല എന്നു തെളിയിച്ചു കൊണ്ട് മാലനിര്‍മ്മാണവും വള നിര്‍മ്മാണവുമൊക്കെ മൊബൈല്‍ ഫോണ്‍ വഴി പഠിപ്പിക്കുകയാണിന്നിവര്‍.

‘ആദ്യമൊക്കെ കുറച്ച് മടിയുണ്ടായിരുന്നു. പിന്നെ താല്‍പര്യത്തോടെ ചെയ്തപ്പോള്‍ നല്ല റിസള്‍ട്ട് ലഭിച്ചു. ഇപ്പോള്‍ ഇതാണെന്റെ വിനോദം. ഒപ്പം തന്നെ പോക്കറ്റ് മണിയും ലഭിക്കുന്നു-‘ നാദാപുരംകാരിയായ റുബീന പറഞ്ഞു.

പുതിയ ഡിസൈന്‍ മനസ്സില്‍ വന്നാല്‍  ആദ്യം പേപ്പറില്‍ സ്‌കെച്ച് വരയ്ക്കും. പിന്നീടാണ് അതുണ്ടാക്കാന്‍ വേണ്ട സാധനങ്ങള്‍ അന്വേഷിക്കുന്നത്. മാസത്തിലൊരിക്കല്‍ എല്ലാ സാധനങ്ങളും ഒരുമിച്ചു വാങ്ങുന്നു. വില്‍ക്കാനുള്ള മാര്‍ക്കറ്റ് കണ്ടു പിടിക്കുന്നതും വീട്ടമ്മമാര്‍ തന്നെയാണ്.

‘ജോലിക്കിടയില്‍ പലപ്പോഴും കൈപൊള്ളുകയും നഖം മുറിയുകയും ഒക്കെ ചെയ്തിട്ടുണ്ട്. പക്ഷേ അവസാനം ആഭരണം തയ്യാറാകുമ്പോള്‍ കിട്ടുന്ന ആത്മസംതൃപ്തി പൊള്ളലിന്റെ വേദനയൊക്കെ ഇല്ലാതാക്കുന്നു.’ റുബീന ആഭരണനിര്‍മ്മാണത്തിലെ വിശേഷങ്ങള്‍ പങ്കുവെച്ചു.

കേരളത്തിന്റെ എല്ലാ ഭാഗത്തും ഇത്തരത്തിലുള്ള വീട്ടമ്മമാരെ നമുക്ക് കാണാന്‍ സാധിക്കും. ഇതിനൊക്കെ കുറേ പണച്ചെലവ് വരില്ലെന്ന് കരുത് മാറിയിരിക്കുന്നവര്‍ക്ക് തെറ്റി. പൊട്ടിയ മാല കൊണ്ടും ചിരട്ട, കുപ്പി, ചകിരി ഇവയൊക്കെ കൊണ്ടും മനോഹരമായ ആഭരണങ്ങള്‍ നിര്‍മ്മിച്ചെടുക്കാന്‍ സാധിക്കും. അല്‍പം ക്രിയേറ്റീവ് ആയി ചിന്തിക്കണമെന്നു മാത്രം.

ഇനിയല്‍പ്പം ഓണ്‍ലൈന്‍ വിശേഷങ്ങള്‍

ഇഷ്ടപ്പെട്ട ഒരു മാല വാങ്ങാന്‍ പലപ്പോഴും ഒരു നൂറുകടകള്‍ കയറിയിറങ്ങേണ്ടി വരും. ഒടുവില്‍ ഒന്നും മനസ്സിനിണങ്ങിയത് ലഭിക്കാതെ ആദ്യം കയറിയ കടയിലെ ആദ്യം കണ്ട മാലയും വാങ്ങി വീട്ടിലേക്ക് തിരിച്ചുവരുന്ന അവസ്ഥ നമ്മളില്‍ പലര്‍ക്കും ഉണ്ടായിട്ടില്ലേ ? എന്നാല്‍ അതൊന്നും ഇനി വേണ്ട. വീട്ടിലിരുന്ന ആഭരണങ്ങള്‍ സെലക്ട് ചെയ്താല്‍ മാത്രം മതി. ഇഷ്ടപ്പെട്ട നിറത്തിലും ഡിസൈനിലും ഒക്കെയായി ഒരു ലിസ്റ്റ് തന്നെ നമ്മുടെ മുന്‍പിലെത്തും. അതില്‍ നിന്നും ഏത് സെലക്ട് ചെയ്യണം എന്ന കണ്‍ഫ്യൂഷന്‍ ഒഴിവാക്കിയാല്‍ മാത്രം മതി.

കൊല്ലം ആസ്ഥാനമായി ആഭരണങ്ങള്‍ക്ക് വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ ഷോപ്പ് ആണ് ‘ഷ്രായത്’. ഒരു വിരല്‍ത്തുമ്പില്‍ വൈവിധ്യമുള്ള ആഭരണങ്ങള്‍ നമ്മുടെ വീട്ടുപടിക്കലെത്തിക്കുന്ന ഇവര്‍ സ്വര്‍ണ്ണം, വെള്ളി ആഭരണങ്ങള്‍ മാത്രമല്ല വില്‍ക്കുന്നത്. ഇക്കോ ഫ്രണ്ട്‌ലി ആഭരണങ്ങളും കൂട്ടത്തിലുണ്ട്. ഇവര്‍ ഉണ്ടാക്കുന്ന ആഭരണങ്ങള്‍ കണ്ട് നിരവധി സ്ത്രീകള്‍ ഇന്ന് ഇത്തരത്തിലുള്ള ആഭരണങ്ങള്‍ ഉണ്ടാക്കുന്നുണ്ട്.

സെറാമിക് പോട്ടര്‍ ഉപയോഗിച്ച് ആഭരണങ്ങള്‍ ഉണ്ടാക്കി ഓണ്‍ലൈന്‍ വഴി വില്‍പ്പന നടത്തുന്ന ഫാഷന്‍ ഡിസൈനറാണ് ബേജല്‍ മോഡി. ഇവരുടെ പ്രധാന ലക്ഷ്യം പ്രകൃതിദത്ത സാധനങ്ങള്‍ കൊണ്ടുണ്ടാക്കുന്ന ആഭരണങ്ങള്‍ ജനശ്രദ്ധയില്‍ കൊണ്ടു വരിക എന്നതാണ്. ഇതില്‍ തന്നെ പ്രത്യേക പരിപാടികള്‍ക്ക് ധരിക്കാന്‍ പറ്റുന്ന ആഭരണങ്ങളും സ്ഥിരമായി ധരിക്കാന്‍ കഴിയുന്നവയും ഉണ്ട്.

ലോകമെമ്പാടും ആഭരണങ്ങള്‍ ഓണ്‍ലൈന്‍ വഴി വില്‍പ്പന നടത്തുന്ന ആളാണ് റിതിക ജെസ്രാനി. ഒരുപാട് പേരെ സ്വാധീനിക്കാനും ആഭരണരംഗത്ത് പുതിയ ഡിസൈനുകള്‍ കൊണ്ടുവരാനും ഇവരെക്കൊണ്ട് സാധിച്ചു.

മനുഷ്യന്‍ ഈ ഭൂമിയില്‍ ജീവിച്ചിരിക്കുന്നിടത്തോളം ആഭരണവിശേഷങ്ങളും തീരുന്നില്ല. അവയില്‍ പുതുമയും വിശ്വസ്തതയും ഉണ്ടായിക്കൊണ്ടിരിക്കും.