ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടി മറികടന്നു

ന്യൂഡല്‍ഹി: തുടര്‍ച്ചയായി മൂന്നാമത്തെ മാസവും ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടി മറികടന്നു. അഞ്ചുമാസത്തെ ഉയര്‍ന്ന നിലവാരത്തിലെത്തുകയും ചെയ്തു. സെപ്റ്റംബറില്‍ 1,17,010 കോടി രൂപയാണ് ജിഎസ്ടിയിനത്തില്‍ സമാഹരിക്കാനായത്. ഓഗസ്റ്റില്‍ 1,12,020 രൂപയും ജൂലായില്‍ 1,16,393 കോടി രൂപയുമാണ് സമാഹരിച്ചത്.

നടപ്പ് സാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദത്തിലെ ശരാശരി ജിഎസ്ടി വരുമാനം 1.15 ലക്ഷം കോടി രൂപയാണ്. ഇത് ആദ്യപാദത്തിലെ ശരാശരിയായ 1.10 ലക്ഷം കോടി രൂപയേക്കാള്‍ അഞ്ച് ശതമാനം കൂടുതലാണ്.

കോവിഡ് വ്യാപനത്തെതുടര്‍ന്ന് പ്രാദേശിക തലത്തില്‍ അടച്ചിടല്‍ പ്രഖ്യാപിച്ചപ്പോള്‍ എട്ടുമാസത്തിനിടെ ആദ്യമായി ജൂണിലെ വരുമാനം ഒരു ലക്ഷം കോടി രൂപയില്‍ താഴെയെത്തിയിരുന്നു. അതിനുമുമ്പ് ഏപ്രിലില്‍ 1.41 ലക്ഷം കോടി രൂപയെന്ന റെക്കോഡിലേത്തിയശേഷമായിരുന്നു ഈ ഇടിവ്.

കോവിഡിന്റെ രണ്ടാം തരംഗത്തിനുശേഷം സമ്പദ്ഘടന ശക്തിപ്രാപിക്കുന്നതിന്റെ തെളിവാണ് ജിഎസ്ടി വരുമാനത്തിലെ വര്‍ധന. ഈയിനത്തില്‍ കൂടുതല്‍ വരുമാനം ലഭിക്കുന്നത് പുനരുജ്ജീവന പദ്ധതികള്‍ക്കായി കൂടുതല്‍ തുക ചെലവഴിക്കാന്‍ സര്‍ക്കാരിന് അവസരം നല്‍കും.