എം.വി ദേവൻ എന്ന നിഷേധിയെ ഓർമ്മിക്കുമ്പോൾ…

 സി.ടി.തങ്കച്ചൻ

എം.വി. ദേവൻ എന്ന മഠത്തിൽ വാസുദേവൻ സർഗ്ഗ പരതയുടെ കാതലുള്ള ഒരു കമ്മാളന്റെ നട്ടെല്ല് മരണം വരെ വളയ്ക്കാതെ ജീവിച്ച കലാകാരനായിരുന്നു. ചിത്രകാരൻ . പ്രഭാഷകൻ, എഴുത്തുകാരൻ, സംഘാടകൻ എന്നീ നിലകളിൽ പകരം വെക്കാൻ ഇല്ലാത്ത നിഷേധി.

സ്വന്തം ജീവിത വീക്ഷണത്തിലും കലാ സങ്കൽപ്പങ്ങളിലും അടിയുറച്ചു നിന്ന് പോരാടിയ ദേവൻ 1928 ജനുവരി 15ന് തലശ്ശേരിക്കടുത്ത് പന്ന്യന്നൂരി ചൊക്ലി എന്ന കൊച്ചുഗ്രാമത്തിലാണ് ജനിച്ചത്. അച്ഛന്‍ മഠത്തിൽ ഗോവിന്ദൻ ഗുരുക്കൾ. അമ്മ മല്ലോളി മാധവിയമ്മ സ്ക്കൂൾ ഫൈനൽ കഴിഞ്ഞ് മദിരാശി സ്കൂൾ ഓഫ് ആർട്സ് ആന്റ് ക്രാഫ്റ്റ്സിൽ ഡി.പി.റോയ് ചൗധരിയുടെയും കെ.സി.എസ്.പണിക്കരുടെയും കീഴിൽ ചിത്രകലാ പരിശീലനം. മദിരാശി ജിവിത കാലത്ത് കവി എം.വി.ഗോവിന്ദനുമായുള്ള സൗഹൃദം ദേവന്റെ സാഹിത്യ ജീവിതത്തിലേക്കുള്ള വഴി തുറക്കലായി. ഗോവിന്ദന്റെ സായാഹ്ന സാഹിത്യ ചർചകളിലും സജീവ സാന്നിദ്ധ്യമായി കാലം മുതൽ ആനുകാലികങ്ങളിൽ എഴുതിത്തുടങ്ങി.

പഠന ശേഷം മാതൃഭൂമിയിൽ ചേർന്നു. ഉറൂബിന്റേയും ബഷീറിന്റേയും കഥാപാത്രങ്ങൾ ദേവന്റെ രേഖാ രേഖാചിത്രങ്ങളിലൂടെ പുനർജ്ജനിച്ചു. മാതൃഭൂമി വിട്ട ശേഷം എം.കെ.കെ.നായരുമായുള്ള ബന്ധമാണ് ദേവനെ കൊച്ചിയിലെത്തിച്ചത്. ഫാക്റ്റിൽ ആർട് കൺസൾട്ടന്റായി നിയമനം. ഇതോടെ കൊച്ചിയിൽ താമസമായി. ഇക്കാലത്താണ് ഗോവിന്ദന്റെയും നാടകകൃത്ത് സി.എൻ ശ്രീകണ്ഠൻ നായരുടെയും എം.കെ.കെ നായരുടെയും നേതൃത്വത്തിൽ ആൾ ഇൻഡ്യ റൈറ്റേഴ്സ് കോൺഫറൻസ് കൊച്ചിയിൽ നടക്കുന്നത്. ഇതിനു ശേഷമാണ് കലാപീഠം എന്ന സാംസ്കാരിക സ്ഥാപനത്തിന്റെ പിറവി. പുല്ലേപ്പടിയിൽ പ്രവർത്തിച്ചിരുന്ന  കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർട്ട് എന്ന ചിത്രകലാ വിദ്യാലയത്തിലെ പ്രധാന പരിശീലകനായിരുന്നു എം.വി.ദേവൻ. സി.എൻ കരുണാകരൻ, എ സി കെ രാജ, കാനായി കുഞ്ഞിരാമൻ എന്നിവരായിരുന്ന അവിടുത്തെ അദ്ധ്യാപകർ. റൈറ്റേഴ്സ് കോൺഫറൻസിനു ശേഷമാണ് കേരള കലാപീഠം ദേവന്റെ നേതൃത്വത്തിൽ സ്ഥാപിക്കുന്നത് അതിനു ശേഷമാണ് മാഹി കലാകേന്ദ്രം സ്ഥാപിതമാകുന്നത് ദേവന്റെ പ്രേരണയാൽ ഒരു സുഹൃത്താണ് അവിടെ കലാകേന്ദ്രം സ്ഥാപിക്കുന്നത്.ദേവന്റെ ശ്രമഫലമായാണ് കേരള സർക്കാർ കേരള ലളിതകലാ അക്കാദമിക്ക് രൂപം നൽകിയത്. ഒരു ചിത്രകാരൻ എന്നതിലുപരി ഒരു സംഘാടകൻ എന്ന നിലയിലും ശ്രദ്ധേയമായ സംഭാവനകൾ നൽകിയ വ്യക്തിയായിരുന്നു ദേവൻ. ആധുനിക ചിത്രകലയുടെ ചരിത്രവും ചിത്രകാരൻമാരുടെ ചിത്രങ്ങളുടെ സവിശേഷതകളും ഞങ്ങളുടെ തലമുറ കൂടുതലറിഞ്ഞത് ദേവൻ മാഷിന്റെ എണ്ണമറ്റ പ്രഭാഷണങ്ങളിലൂടെയായിരുന്നു.’

എഴുത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നെങ്കിൽ ഭാരതത്തിലെ മികച്ച എഴുത്തുകാരിൽ ഒരാളായി അദ്ദേഹം മാറുമായിരുന്നു. അദ്ദേഹത്തിന്റെ “ദേവസ്പന്ദം എന്ന പുസ്തകം മാത്രം മതി അദ്ദേഹത്തിന്റെ സ്മരണ നിലനിർത്താൻ മലയാറ്റൂ പുരസ്കാരവും വയലാർ അവാർഡും ദേവസ്പന്ദനത്തെത്തേടിയെത്തി.അയപ്പപ്പണിക്കരുടെ കവിതകൾക്ക് ദേവനെഴുതിയ അവതാരിക പണിക്കരുടെ കവിതകളെക്കുറിച്ചുള്ള മികച്ച പഠനമാണ്.

വാസ്തുശിൽപ്പ കലാരംഗത്തും ശിൽപ്പ നിർമ്മാണത്തിലും തന്റെ കഴിവു തെളിയിച്ച ബഹുമുഖപ്രതിഭയായിരുന്നു ദേവൻ.യുവ ചിത്രകാരൻമാരോട് പുത്രനിർവിശേഷമായ അടുപ്പവും സ്റ്റേഹവും പ്രകടിപ്പിച്ച ഗുരുസ്ഥാനീയനുമായിരുന്നു മാഷ്.
അദ്ദേഹത്തിന്റെ രാഷ്ട്രിയ നിലപാടുകൾ സർക്കാറുകൾക്ക് പലപ്പോഴും അലേ സരമുണ്ടാക്കിയിരുന്നു. കലാകാരന്റെ സർഗ്ഗ പരതയുടെ ഗർവും ആരേയും കുസാത്ത മനസ്സും ദേവനെയെന്നും ഒറ്റയാനാക്ക അതു കൊണ്ടു തന്നെ ഭാരതത്തിലെ വലിയ ബഹുമതികളായ പത്മാ പുരസ്കാരങ്ങളൊന്നും അദ്ദേഹത്തെ തേടി വന്നില്ല. ഏഴു പതിറ്റാണ്ടോളം നീണ്ടു നിന്ന ഈ നിഷേധിയുടെ സാർത്ഥകമായ സർഗ്ഗ ജീവിതത്തിന് 2014 ഏപ്രിൽ 29ന് തിരശ്ശീലവിണു.