മന്ത്രി വീണാ ജോര്‍ജിനെതിരെ അശ്ലീല പരാമര്‍ശം; ടി.പി നന്ദകുമാര്‍ അറസ്റ്റില്‍

കൊച്ചി: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന കേസില്‍ ക്രൈം വാരിക പത്രാധിപര്‍ നന്ദകുമാറിനെ അറസ്റ്റു ചെയ്തു. എറണാകുളം സൈബര്‍ പൊലീസാണ് നന്ദകുമാറിനെ അറസ്റ്റ് ചെയ്തത്. യൂ ട്യൂബ്, ഫേസ്ബുക്ക് എന്നിവയടക്കമുളള സാമൂഹ്യമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്നാരോപിച്ച് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാണ് പൊലീസില്‍ പരാതിപ്പെട്ടത്.

ഡിജിപിക്ക് നല്‍കിയ പരാതി അന്വേഷണത്തിനായി തൃക്കാക്കര സൈബര്‍ സ്‌റ്റേഷന് കൈമാറുകായിരുന്നു. തുടര്‍ന്ന് കേസെടുത്ത പൊലീസ് നന്ദകുമാറിനെ അറസ്റ്റ് ചെയ്തുകയായിരുന്നു. അറസ്റ്റിലായ നന്ദകുമാറിനെ പൊലീസ് എറണാകുളം സിജെഎം കോടതിയില്‍ ഹാജരാക്കി.

ഇക്കഴിഞ്ഞ ജൂലൈ മാസത്തില്‍ ക്രൈം നന്ദകുമാറിന്റെ ഓഫീസില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. പരിയാരം മെഡിക്കല്‍ കോളേജിനെ കുറിച്ച് തെറ്റായ വാര്‍ത്ത ചെയ്തു എന്ന പരാതിയിലായിരുന്നു പരിശോധന. തിരുവനന്തപുരം സൈബര്‍ പൊലീസാണ് അന്ന് നന്ദകുമാറിന്റെ ഓഫീസിലെത്തി പരിശോധന നടത്തിയത്. കൊച്ചി കല്ലൂരിലെ ഓഫീസിലായിരുന്നു പരിശോധന. ജൂണ്‍ അഞ്ചാം തിയതി പരിയാരം മെഡിക്കല്‍ കോളേജിനെ മോശപ്പെടുത്തുന്ന തരത്തില്‍ വാര്‍ത്ത നല്‍കിയെന്ന പരാതിയിലായിരുന്നു അന്നത്തെ പൊലീസ് നടപടി.