ആര്‍ദ്രമനസ്‌കനായ സഖിയെ എന്നിട്ടും മാര്‍ത്തോമ്മ സഭ തിരിച്ചറിഞ്ഞില്ല

ലോകത്തിന്‍െറ പല കോണില്‍ നിന്ന് തനിക്കുവേണ്ടി നിരവധിപേര്‍ പ്രാര്‍ത്ഥിച്ചപ്പോഴും താന്‍ ജനിച്ചുവളര്‍ന്ന മാര്‍ത്തോമ്മാ സഭ തിരിഞ്ഞുനോക്കിയില്ലെന്ന് സഖി ജോണ്‍ 

പപ്പായില്‍ ഞാന്‍ ദൈവത്തെ കാണുന്നു എന്ന എന്‍െറ മകന്‍െറ വാക്കുകളാണ് എനിക്ക് ലഭിച്ച ഏറ്റവും വലിയ അഭിനന്ദനമെന്ന് സഖി ജോണ്‍ 

വൃക്കദാനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ലഘൂകരിക്കണം, എന്നാലേ കൂടുതല്‍ പേര്‍ അവയവദാനത്തിന് തയ്യാറാവുകയുള്ളൂ

ന്യൂഡല്‍ഹി : തന്‍റേത് സ്‌നേഹത്തിന്റെയും ദാനത്തിന്റേയും പങ്കുവെയ്ക്കലിന്റേയും കഥയാണെന്ന് അപരിചതനായ വ്യക്തിക്കുവേണ്ടി വൃക്കദാനം നടത്തിയ ഡോ. സഖി ജോണ്‍. ന്യൂ ഡല്‍ഹിയിലെ കേരള ക്ലബില്‍ നല്‍കിയ സ്വീകരണത്തില്‍ പങ്കെടുത്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യാതൊരു മുന്‍പരിചയവുമില്ലാത്ത തൃശൂര്‍ ജില്ലയിലെ പീച്ചി സ്വദേശിയായ ഷാജുപോളിന് വൃക്കയിലൊന്ന് മുറിച്ചു നല്‍കിയത്. ഡല്‍ഹിയിലെ ജാമിയ ഹംദര്‍ദ് യൂണിവേഴ്‌സിറ്റി അധ്യാപകനാണ് സഖി.  സഖിയുടെ വൃക്കദാനത്തെക്കുറിച്ച് ദി വൈഫൈ റിപ്പോര്‍ട്ടര്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

വൃക്ക നല്‍കാനുള്ള തീരുമാനം പെട്ടെന്നുണ്ടായതല്ല. തന്റെ പിതാവിന്റെ ഇരു കണ്ണുകളും മരണാനന്തരം ദാനം ചെയ്തിരുന്നു. പിതാവിന്റെ കണ്ണുകള്‍ 14 വര്‍ഷമായി ലോകത്തെ കാണുകയാണ്. ഇപ്പോള്‍ തന്റെ ഒരു വൃക്ക ഡല്‍ഹിയിലും മറ്റൊന്ന് പീച്ചിയിലുമാണ്.

വൃക്ക ദാനം ചെയ്യുന്നതിന് തന്റെ കുടുംബത്തിന്റെ പൂര്‍ണ്ണ പിന്തുണ ഉണ്ടായിരുന്നു. ശസ്ത്രക്രിയ നടന്ന ദിവസം ഡല്‍ഹിയിലെ ക്ഷേത്രങ്ങളും മോസ്‌ക്കുകളിലും പള്ളികളിലും തനിക്കു വേണ്ടി പ്രത്യേകം പ്രാര്‍ത്ഥനകള്‍ നടന്നിരുന്നു. കൊച്ചിയിലെ ലേക്ക്‌ഷോര്‍ ആശുപത്രിയില്‍ ശസ്ത്രക്രിയക്കായി 15 ദിവസം കിടന്നു. ആ ദിവസങ്ങളില്‍ തന്നെ കാണാന്‍ ഒരുപാട് പേര് വന്നിരുന്നു. വിവിധ സഭകളിലെ പുരോഹിതര്‍ തനിക്കു വേണ്ടി പ്രാര്‍ത്ഥിച്ചു. പ്രത്യേകിച്ച് കത്തോലിക്ക, ഓര്‍ത്തഡോക്‌സ്, സി.എസ്.ഐ, സി.എന്‍.ഐ, യാക്കോബായ സഭകളിലെ 30-ലധികം വൈദികര്‍, കന്യാസ്ത്രീകള്‍, പാസ്റ്ററന്മാര്‍ ഇങ്ങനെ ഒരുപാട് പേര്‍ വന്ന് തനിക്കും ഷാജുപോളിനും വേണ്ടി പ്രാര്‍ത്ഥിച്ചു. ശസ്ത്രക്രിയയുടെ തലേദിവസം ആശുപത്രിയില്‍ വച്ച് കത്തോലിക്കസഭയിലെ പുരോഹിതന്‍ കുര്‍ബാന തന്നു.

പക്ഷേ താന്‍ ജനിച്ചു വളര്‍ന്ന മാര്‍ത്തോമ്മ സഭയിലെ പുരോഹിതരാരും തന്നെ തിരിഞ്ഞു നോക്കിയില്ല. ഒരാളു പോലും തന്നെ കാണാന്‍ ആശുപത്രിയില്‍ എത്തിയില്ല. എന്താണിതിന് കാരണമെന്ന് അറിയില്ലെന്ന് സഖി പറഞ്ഞു.

‘പപ്പായില്‍ ഞാന്‍ ദൈവത്തെ കാണുന്നു. പപ്പായിലൂടെ ദൈവത്തിന്റെ സ്‌നേഹം തനിക്ക് കാണാന്‍ കഴിയുന്നു എന്ന് തന്റെ മകന്‍ ജോയല്‍ ഓപ്പറേഷന്റെ തലേന്ന് പറഞ്ഞത് വിലമതിക്കാനാവാത്ത അഭിനന്ദനമായി കരുതുന്നു. സഖി ജോണ്‍ തന്റെ ജീവിതത്തിലെ അന്ധകാരം മാറ്റിയെന്നാണ് ഷാജുപോള്‍ പറഞ്ഞത്. ഷാജുവിന്റെ ബന്ധുവല്ലാത്തതിനാല്‍ വൃക്കദാനം ചെയ്യാനുള്ള നടപടിക്രമങ്ങള്‍ സഖിയെ വല്ലാതെ വലച്ചു. ജലവിഭവവകുപ്പ് മന്ത്രി മാത്യു ടി. തോമസ് സഹായിച്ചതു കൊണ്ടാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനായത്. ഷാജുവിന്റെ ചികിത്സയ്ക്കായി പാവപ്പെട്ട നാട്ടുകാര്‍ 22 ലക്ഷം രൂപയാണ് പിരിച്ചു നല്‍കിയത്.

സഖിയുടെ ജീവിതം; ഒരു സഖാവിന് തുണയാവുന്നു

ജീവന്‍ പകുത്തുനല്‍കിയ നല്ല ഇടയന്‍മാര്‍