ലോ അക്കാദമി സമരം: എസ്.എഫ്.ഐക്ക് മൂക്കുകയറിട്ട് സി.പി.എം

ലക്ഷ്മി നായര്‍ക്ക് മുന്നില്‍ എസ്.എഫ്.ഐ മുട്ടുമടക്കണമെന്ന് പാര്‍ട്ടി നിര്‍ദ്ദേശം

ആദ്യഘട്ടത്തില്‍ സമരത്തില്‍നിന്ന് പിന്നാക്കം പോയതിന്റെ പേരുദോഷം മാറുന്നതിന് മുന്‍പ് മുദ്രാവാക്യം മാറ്റണമെന്ന പാര്‍ട്ടി നിര്‍ദ്ദേശം എസ്.എഫ്.ഐ നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. 

തിരുവനന്തപുരം: ലോ അക്കാദമി ലോ കോളജിലെ വിദ്യാര്‍ഥി സമരത്തില്‍ പങ്കെടുക്കുന്ന എസ്.എഫ്.ഐക്ക് മൂക്കുകയറിട്ട് സി.പി.എം നേതൃത്വം. അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ രാജിവയ്ക്കണമെന്ന ആവശ്യത്തില്‍നിന്ന് പിന്നാക്കം പോകണമെന്നാണ് സി.പി.എം സംസ്ഥാന- ജില്ലാ നേതൃത്വങ്ങള്‍ എസ്.എഫ്.ഐ നേതാക്കളോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ഇതിന്റെ ഭാഗമായി കഴിഞ്ഞദിവസം രാത്രി ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി പ്രജിന്‍, ലോ അക്കാദമിയിലെ യൂണിറ്റ് ഭാരവാഹികള്‍ എന്നിവരെ ജില്ലാ കമ്മറ്റി ഓഫീസില്‍ വിളിച്ചുവരുത്തി ലക്ഷ്മി നായരെ മാറ്റണമെന്ന ആവശ്യത്തില്‍നിന്ന് പിന്‍മാറാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

ജില്ലയിലെ മുതിര്‍ന്ന നേതാവ് കോലിയക്കോട് കൃഷ്ണന്‍ നായരുടെ സഹോദരപുത്രിയായതാണ് ലക്ഷ്മി നായര്‍ക്ക് തുണയായയത്. അതേസമയം സമരം ചെയ്യുന്ന വിദ്യാര്‍ഥികളെ ഇക്കാര്യം എങ്ങനെ ബോധ്യപ്പെടുത്തുമെന്നത് എസ്.എഫ്.ഐ നേതാക്കളെ കുഴയ്ക്കുകയാണ്. ആദ്യഘട്ടത്തില്‍ സമരത്തില്‍നിന്ന് പിന്നാക്കം പോയതിന്റെ പേരുദോഷം മാറുന്നതിന് മുന്‍പ് മുദ്രാവാക്യം മാറ്റണമെന്ന പാര്‍ട്ടി നിര്‍ദ്ദേശം എസ്.എഫ്.ഐ നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

ശക്തമായ വിദ്യാര്‍ഥി സമരത്തിനിടയിലും സി.പി.എം നേതാക്കളില്‍നിന്ന് ലഭിച്ച പിന്തുണയാണ് പ്രിന്‍സിപ്പല്‍ സ്ഥാനത്ത്‌നിന്ന് മാറാന്‍ തയാറല്ലെന്ന് പ്രഖ്യാപിക്കാന്‍ ലക്ഷ്മി നായരെ പ്രേരിപ്പിക്കുന്നതെന്നും സൂചനയുണ്ട്.

അതേസമയം ബി.ജെ.പിക്ക് പിന്നാലെ കോണ്‍ഗ്രസ് നേതാക്കളും വി.എസ് അച്യുതാനന്ദനും സമരമുഖത്തെത്തിയത് സര്‍ക്കാരിനെയും മാനേജ്‌മെന്റിനെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.