ലോ അക്കാദമിയിലെ പെമ്പിളൈ ഒരുമൈ

    -വികാസ് രാജഗോപാല്‍-

    വിദ്യർത്ഥി സമരത്തിൻ്റെ തീച്ചൂളയിൽ വാർത്തെടുത്തതാണ് കേരളത്തിലെ കലാലയ ജീവിതം. ചുവപ്പും നീലയും കാവിയും അങ്ങനെ അനേകം കൊടികൾക്ക് കീഴിൽ ഒരിക്കലെങ്കിലും അണിനിരന്നവർ.  അഭിനവ സ്വാശ്രയ കോളേജുകളിലല്ലാതെ പഠിച്ചവരില്‍ ഒരിക്കലെങ്കിലും  മുദ്രാവാക്യം വിളിച്ചവരുമാകും. പക്ഷെ ഇവിടെയെല്ലാം സമരങ്ങൾ നടത്തിയത്  ഏതെങ്കിലും  ഇസങ്ങളോട് ആഭിമുഖ്യം പ്രകടിപ്പിച്ചിരുന്നവരാണ്.

    തിരുവനന്തപുരം ലോ അക്കാദമിയിലെ സമരമാണ് ഇവിടെ പ്രത്യേക പരാമർശം അർഹിക്കുന്നത്. കോളേജ് കവാടം കൊടി-തോരണങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്നു. വഴിക്ക് ഇരുവശവുമായി സമര പന്തലുകളുമുണ്ട്. അവിടെങ്ങളിലെല്ലാം പ്രധാന വിദ്യാർത്ഥി സംഘടനാംഗങ്ങൾ നിരാഹാരം കിടക്കുന്നു. ഇടക്കിടെ  വീര്യം കൂട്ടാനായി  മുദ്രാവാക്യം വിളികൾ മുഴങ്ങുന്നുമുണ്ട് .

    ഇവക്കെല്ലാം ഇടയിൽ ഉള്ള വ്യത്യസ്തമായ സമര പന്തലിലാണ് ശ്രദ്ധ ചെന്നെത്തുക . ലോ അക്കാദമിയിലെ പെൺകുട്ടികൾ പടുത്തുയർത്തിയതാണത് . ഇവിടെ  രാഷ്ട്രീയമില്ല, മതമില്ല, പ്രൻസിപ്പൽ പറയും പോലെ ജാതിയതയുമില്ല. സ്ത്രീയെന്ന സ്വത്വം മാത്രം.  തങ്ങളുടെ അവകാശങ്ങൾ ആർക്കു മുന്നിലും അടിയറവ് വെക്കാതെ തല ഉയർത്തിപ്പിടിച്ച് പഠിക്കാനാകണം എന്ന് ആഗ്രഹിക്കുന്ന ഒരു കൂട്ടം പെൺ കുട്ടികൾ. ഇതൊരു സാധാരണ കാഴ്ച്ചയല്ല

    മൂന്നാറിലെ തണുപ്പിനെ പോലും സമരത്തിൻ്റെ തീച്ചൂടറിയിച്ച് പെമ്പിളെ ഒരുമൈ ചെയ്തതും ഇതൊക്കെ തന്നെയല്ലെ. സഹിക്കാനാകുന്നതിൻ്റെ പരമാവധി സഹിച്ചു കഴിഞ്ഞ ഒരു വിഭാഗത്തിൻ്റെ  ഉയിർത്തഴുന്നേൽപ്പാണ് അവിടെ വിജയം കണ്ടത് .

    ഇവിടെയും സ്ഥിതി അതൊക്കെത്തന്നെ, പേര്  നിയമ വിദ്യാ‌ർത്ഥികൾ എന്നൊക്കെയാണ്. നിയമവും അവകാശവുമൊക്കെ അങ്ങ് പുസ്തകത്തിൽ മാത്രം. അതൊക്കെ പ്രിൻസിപ്പൽ ലക്ഷ്മി നായരോട് പറയാൻ പോയാൽ പണി കിട്ടും. അവരുടെ ഹിറ്റ് ലിസ്റ്റിൽ പെട്ടാൽ ജീവിതം കഷ്ടത്തിലാണെന്ന് വിദ്യാർത്ഥിനികൾ ഏക സ്വരത്തിൽ പറയുന്നു.

    കോളേജ് ക്യാമ്പസിനകത്ത് തന്നെയാണ് ഇവരിൽ ഏറെപ്പേരും താസിക്കുന്നത്, കോളേജ് വക ഹോസ്റ്റലുണ്ട്.  അവിടുത്തെ അവസ്ഥ എന്താണെന്ന് അതിനു മുന്നിൽ ഇപ്പോൾ എഴുതിയിരിക്കുന്ന സമരവാക്യം തന്നെ പറയും.. “ഇതെന്താ കോൺസൻട്രേഷൻ ക്യാംപോ” എന്ന്.

    ആഘോഷങ്ങളും സന്തോഷവുമെല്ലാം ഇവ‌ർക്ക് നിഷേധിക്കപ്പെട്ടിരിക്കുന്നു. പിറന്നാൾ വന്നാലും പുതുവർഷം പിറന്നാലും ആഘോഷങ്ങൾ പാടില്ല. ഹോസ്റ്റലിൻ്റെ അടുത്ത് തന്നെ താമസിക്കുന്ന പ്രിൻസിപ്പൽ ശബ്ദം കേട്ടാൽ കോപിക്കും. പിന്നെ ഉണ്ടാകുന്നത് അസഭ്യ വർഷമാണ്. അപ്രഖ്യാപിത കർഫ്യു ഇവിടെ നിലവിലുണ്ട്,  പെൺ കുട്ടികൾ കൂട്ടം ചേർന്ന് നടക്കാൻ പാടില്ലത്രെ. കൂടെ പഠിക്കുന്നവരുടെ  ഹോസ്റ്റൽ മുറികളിൽ സന്ദർശിക്കാൻ പാടില്ല അങ്ങനെ ചെയ്യുന്നർ ലെസ്ബിയനുകളെന്ന് പറഞ്ഞ് പരത്തും. ആൺ കുട്ടികളോട് കൂട്ട് കൂടിയാല്‍ അവരെല്ലാം പോക്കാണെന്ന് മുദ്ര കുത്തപ്പെടും.

    ഇതുകൊണ്ടൊന്നും ഒതുങ്ങിയില്ലെങ്കിൽ പ്രിൻസിപ്പലിന് മരുന്നുണ്ട്  രക്ഷിതാക്കള വിളിക്കും. വീട്ടിൽ നിന്നും മാറി താമസിക്കുന്ന മകളെപ്പറ്റി അപഖ്യാതി പറയും. നിറകണ്ണുകളോടെയാണ് ഇതൊക്കെ കേട്ട് ആറ്റ് നോറ്റ് വളർത്തിയ രക്ഷിതാക്കൾ മടങ്ങാറുള്ളതെന്ന് ഇവ‌ർ പറയുന്നു. ഇവർ എന്നു പറഞ്ഞതിൽ ക്ഷമിക്കുക , എല്ലാവർക്കും സ്വന്തം പേരുകളുണ്ട് . അതിവിടെ പറഞ്ഞാൽ പിന്നെയും പീഡനം ഉണ്ടാകുമെന്ന്  ഇവ‌ർ ഭയക്കുന്നു.

    ഇതെല്ലാം ഇന്നലെ പൊട്ടിമുളച്ച പ്രശ്നങ്ങളല്ലേയെന്ന് ചിലർ ചോദിച്ചേക്കാം. എന്നാ‌ൽ അങ്ങനെയല്ല അവകാശ ലംഘനങ്ങളും പീഡന പർവ്വമുമൊക്കെ നാളുകളായി വിദ്യാർത്ഥിനികൾ  സഹിക്കുകയായിരുന്നു. അതിൻ്റെ ഔന്നിത്യത്തിൽ സമരമായി പോട്ടിപ്പുറപ്പെട്ടു എന്നുമാത്രം. ഇവിടെ നിന്നും പഠിച്ചിറങ്ങുന്നവർ ഇതൊക്ക തന്നെയല്ലേ  കോടതിയിൽ കക്ഷികൾക്കായി വാദിക്കേണ്ടത് എന്ന് ചോദിച്ചാൽ വിരോധാഭാസം എന്നല്ലാതെ എന്തു പറയാൻ .

    സമരങ്ങളിൽ പങ്കെടുത്തവർക്ക്  അക്കാഡമിയുടെ എല്ലാം എല്ലാം ആയ പ്രിൻസിപ്പൽ ഇൻറ്റേണൽ മാർക്ക് കുറക്കുമെന്നും  ,യൂണിവേഴ്സ്റ്റിയെ സ്വാധീനിച്ച് പരീക്ഷക്ക് തോപ്പിക്കുമെന്ന ഭയവും ഉണ്ട്. പക്ഷെ

    അടിയന്തരാവസ്ഥക്കാലത്ത് പറഞ്ഞ് പഴകിയ ചോല്ല് ഇവിടെ പറയട്ടെ

    കുനിയാൻ പറഞ്ഞപ്പോൾ  ഞാൻ കുനിഞ്ഞെന്നും അവർ എന്റെ നട്ടെല്ല് ഒടിക്കാൻ ശ്രമിച്ചപ്പോൾ പ്രതികരിച്ചന്നും. അതു തന്നെയാണ് ഇവിടെയും നടന്നത് .