ഡോ.വന്ദനാ ദാസ് കൊലക്കേസ്; ‘മകളുടെ മരണത്തില്‍ സംശയമുണ്ട്’, അപ്പീല്‍ നല്‍കും

കോട്ടയം: ഡോ. വന്ദനാ ദാസിന്റെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം തള്ളിയ ഹൈക്കോടതി ഉത്തരവിനെതിരെ ഡിവിഷന്‍ ബഞ്ചില്‍ അപ്പീല്‍ നല്‍കുമെന്ന് പിതാവ് മോഹന്‍ദാസ് അറിയിച്ചു.കൃത്യമായ അന്വേഷണത്തിന് കേരളത്തിന് പുറത്തുള്ള ഏജന്‍സി വേണമെന്നായിരുന്നു ആഗ്രഹം.ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.ഇതില്‍ തീരുമാനം ആകാത്തത് കൊണ്ടാണ് ഹൈക്കോടതിയെ സമീപിച്ചത്.20 തവണയാണ് ഹര്‍ജി മാറ്റിവച്ചത്.6 ജഡ്ജിമാര്‍ മാറി വന്നു.അതിനൊടുവിലാണ് സിബിഐ അന്വേഷണം വേണ്ടെന്ന വിധി വന്നത്.

ഇതുവരെ സര്‍ക്കാരിനെതിരെ ഞങ്ങള്‍ ഒന്നും പറഞ്ഞിട്ടില്ല..കോടതിയില്‍ അതി ശക്തമായാണ് സിബിഐ അന്വേഷണത്തെ സര്‍ക്കാര്‍ എതിര്‍ത്തത്.അത് എന്തിനെന്ന് മനസിലാകുന്നില്ല. എഡിജിപി ഉള്‍പ്പെടെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ഹാജരായി ഞങ്ങളുടെ വാദത്തെ എതിര്‍ത്തു.അപ്പീല്‍ ഡിവിഷന്‍ ബഞ്ചിന് നല്‍കും..നാലര മണിക്കൂറോളം മകള്‍ക്ക് ചികില്‍സ കിട്ടിയില്ല.സംഭവവുമായി ബന്ധപ്പെട്ട പല കാര്യങ്ങളും വിശ്വാസ യോഗ്യമല്ല.സംഭവസ്ഥലത്ത് ഉണ്ടായിരുന്ന പൊലീസുകാര്‍ അക്രമിയെ പിടിച്ചു മാറ്റാന്‍ പോലും തയാറായില്ല.ഒപ്പമുണ്ടായിരുന്ന എല്ലാവരും ഓടി മാറി .മകള്‍ നിലവിളിച്ചിട്ടും ആരും രക്ഷിക്കാന്‍ വന്നില്ല.പൊലീസിനെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു എന്ന് ആരെങ്കിലും സംശയിച്ചാല്‍ തെറ്റു പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

മകള്‍ക്ക് പ്രാഥമിക ചികില്‍സ പോലും നല്‍കിയില്ല.മുറിവുകളിലെ രക്തം പോലും തുടച്ചു മാറ്റിയില്ല.ഒരു ഡോക്ടര്‍ പോലും ഒപ്പം ആംബുലന്‍സില്‍ പോയില്ല.പൊലീസിന് വീഴ്ചയില്ലെന്ന് ഹൈക്കോടതി പറഞ്ഞാല്‍ എങ്ങിനെ ശരിയാവും.എന്റെ ഏക മകളല്ലേ . ഞങ്ങള്‍ക്ക് ഇനി വേറെ ആശ്രയമുണ്ടോ . ഞങ്ങള്‍ക്ക് സത്യം അറിയണ്ടേ.ആരാണ് മകള്‍ക്ക് ചികില്‍സ വൈകിപ്പിച്ചതെന്നും അദ്ദേഹം ചോദിച്ചു. ആശുപത്രി സംരക്ഷണ നിയമം പാസാക്കാന്‍ ഐ എം എ മകളുടെ രക്തസാക്ഷിത്വം ഉപയോഗിച്ചു.ഒരു ഡോക്ടര്‍ കൊല്ലപ്പെടുമെന്ന് ഐ എം എ നേതാക്കള്‍ പറഞ്ഞിരുന്നു.മെയ് 10 ന് മകള്‍ കൊല്ലപ്പെട്ടു. 17 ന് നിയമം പാസാക്കി.നേരിട്ടല്ലെങ്കിലും അവസരം കിട്ടിയപ്പോള്‍ അവരൊക്കെ അത് ഉപയോഗിച്ചു