നികേഷിന് 6.5 കോടിയുടെ കെ.എഫ്.സി വായ്പ; നടപടികള്‍ പാലിക്കാതെയെന്ന് ആരോപണം

കോടതി വിധി ലംഘിച്ചാണ് നികേഷിന്‍െറ ചാനലിന് വായ്പ അനുവദിച്ചതെന്ന് ആരോപണം 

ചാനലിന്‍റെ ഓഹരി കൈമാറ്റം സംബന്ധിച്ച് നിരവധി കേസുകള്‍ കോടതിയില്‍ നില്‍ക്കുമ്പോഴാണ് സംസ്ഥാന സര്‍ക്കാരിന്‍െറ ഉടമസ്ഥതയിലുള്ള കെ.എഫ്.എസി വായ്പ അനുവദിച്ചിരിക്കുന്നത് 

സി.പി.എം അനുഭാവിയും റിപ്പോര്‍ട്ടര്‍ ടി.വിയുടെ ഉടമയുമായ നികേഷ്‌കുമാറിന്റെ ഉടമസ്ഥതയിലുള്ള റിപ്പോര്‍ട്ടര്‍ ടി.വിയ്ക്ക് കെ.എഫ്.സിയില്‍ നിന്ന് ക്രമം വിട്ട് വായ്പ അനുവദിച്ചത് വിവാദമാകുന്നു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സി.പി.എം സ്ഥാനാര്‍ത്ഥിയായി അഴീക്കോട് മത്സരിച്ച എം.വി. നികേഷ്‌കുമാറിന്റെ ഉടമസ്ഥതയിലുള്ള ഇന്തോ-ഏഷ്യന്‍ ന്യൂസ് ചാനല്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കാണ് 2016 ഡിസംബര്‍ 29-ന് ആറു കോടി രൂപ വായ്പ അനുവദിക്കാന്‍ കേരള സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ തീരുമാനമെടുത്തത്. രണ്ടു ദിവസത്തിനുള്ളില്‍ തന്നെ അതായത് ഡിസംബര്‍ 31-ന് വായ്പാ തുക നല്‍കുകയും ചെയ്തു. 7.64 ശതമാനം പലിശ നിരക്കിലാണ് വായ്പ അനുവദിച്ചത്. വായ്പാ അപേക്ഷ ലഭിച്ച് 15 ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വായ്പ അനുവദിക്കാന്‍ തീരുമാനം എടുത്തു. നികേഷിന്‍െറ കമ്പനിക്ക് വേണ്ടത്ര പരിശോധനകളോ അന്വേഷണമോ കൂടാതെയാണ് സര്‍ക്കാര്‍ വായ്പ അനുവദിച്ചിരിക്കുന്നത്. വായ്പയ്ക്കായി ഈടു നല്‍കിയിരിക്കുന്നത് കളമശ്ശേരിയിലെ ഓഫീസ് കെട്ടിടമാണ്. പലതരത്തിലുള്ള സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട കേസുകളില്‍ കുടുങ്ങി കിടക്കുന്ന കമ്പനിയാണിത്. റിപ്പോര്‍ട്ടര്‍ ടി.വിയിലെ ഓഹരി കൈമാറ്റത്തെക്കുറിച്ച് നിരവധി കേസുകള്‍ കേരള ഹൈക്കോടതിയിലും കമ്പനി ലോ ബോര്‍ഡിലും നില നിലനില്‍ക്കുമ്പോഴാണ് ഇടതുസര്‍ക്കാര്‍ പ്രത്യേക താല്‍പര്യമെടുത്ത് 6.5 കോടി രൂപ അനുവദിച്ചത്.

2015 നവംബറില്‍ ചെന്നൈ കമ്പനി ലോ ബോര്‍ഡിന്റെ വിധിയനുസരിച്ച് ധനകാര്യസ്ഥാപനങ്ങളില്‍ നിന്നോ ബാങ്കുകളില്‍ നിന്നോ വായ്പ എടുക്കുന്നതിന് മുമ്പ് റിപ്പോര്‍ട്ടര്‍ ടി.വിയിലെ ഓഹരി ഉടമയും കമ്പനി ലോ ബോര്‍ഡിലെ പരാതിക്കാരനുമായ എ.കെ. മന്‍സൂരിനെ വിവരമറിയിക്കണമെന്ന കോടതി വിധി ലംഘിച്ചു കൊണ്ടാണ് കെ.എഫ്.സിയില്‍ നിന്ന് വായ്പ എടുത്തതെന്നറിയുന്നു. റിപ്പോര്‍ട്ടര്‍ ടി.വിയിലെ മുഖ്യ ഓഹരി ഉടമയും വിദേശ വ്യവസായിയുമായ എ.കെ. മണ്‍സൂറിന്റെ കോടികളുടെ നിക്ഷേപവും ഓഹരികളും നികേഷും ഭാര്യയും ചേര്‍ന്ന് തട്ടിയെടുത്തുവെന്നായിരുന്നു പരാതി. റിപ്പോര്‍ട്ടര്‍ ടി.വിയുടെ നടത്തിപ്പുകാരായ ഇന്തോ ഏഷ്യന്‍ ന്യൂസ് ചാനല്‍ പ്രൈവറ്റ് ലിമിറ്റഡ് നല്‍കിയ ഓഹരികള്‍ വ്യാജരേഖ ചമച്ച് എം.വി. നികേഷ്‌കുമാറും ഭാര്യ റാണി വര്‍ഗ്ഗീസും ചേര്‍ന്ന് തട്ടിയെടുത്തു എന്ന് ആരോപിച്ച് തൊടുപുഴ സ്വദേശിനി ലാലിയ ജോസഫിന്റെ പരാതിയെ സംബന്ധിച്ച കേസ് ഇപ്പോള്‍ ഹൈക്കോടതിയിലാണ്. തൊടുപുഴ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന എം.വി. നികേഷ്‌കുമാറിന്റെയും ഭാര്യ റാണി വര്‍ഗ്ഗീസിന്റെയും ആവശ്യം ഈ അടുത്തകാലത്ത് ഹൈക്കോടതി തള്ളിയിരുന്നു. പരാതിക്കാരിയുടെ ആരോപണം കഴമ്പില്ലാത്തതാണെന്ന് പറയാനാവില്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി ഒട്ടേറെ തര്‍ക്കവിഷയങ്ങളുള്ള കേസ് തെളിവുകളുടെ അടിസ്ഥാനത്തില്‍ തീര്‍പ്പ് കല്‍പ്പിക്കേണ്ടതാണെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിരുന്നു.