മാടമ്പി നായര്‍ക്ക് മുന്നില്‍ മുട്ടുമടക്കാതെ കെ.ടി. ജലീല്‍

വിവാദമായ ലോ അക്കാദമിയുടെ സ്ഥലത്ത് പ്രവർത്തിക്കുന്ന രണ്ട് കെട്ടിടങ്ങൾക്ക് നമ്പർ നൽകണമെന്നാശ്യപ്പെട്ട് ലോ അക്കാദമി സെക്രട്ടറിയും ലക്ഷ്മി നായരുടെ അച്ഛനുമായ നാരായണൻ നായർ മന്ത്രിയുടേയും മേയറുടേയും മുന്നിലെത്തിയത് തനി മാടമ്പി സ്റ്റൈലിൽ.

മന്ത്രി കെ.ടി ജലീൽ, തിരുവനന്തപുരം മേയർ വി.കെ പ്രശാന്ത് ഡെപ്യൂട്ടി മേയർ രാഖി വിജയകുമാർ എന്നിവരുടെ മുന്നിലാണ് മുണ്ട് മടക്കിക്കുത്തി നാരായണൻ നായർ എത്തിയത്. ബഹുമാനമുള്ളവർക്കു മുന്നിലും, പൊതുവേദികളിലും എത്തുമ്പോൾ മടക്കിക്കുത്തിയ മുണ്ട് അഴിച്ചിടുകയാണ് മലയാളികൾ പിന്തുടരുന്ന ശീലം.

ഇതിന് ഘടകവിരുദ്ധമായി മന്ത്രി അടക്കമുള്ളവരുടെ മുന്നിൽ  മടക്കി ഉടുത്ത മുണ്ടുമായാണ് നാരായണൻ നായരെത്തിയത്. മാടമ്പിയെപ്പോലെയാണ്  നാരായണൻ നായർ വന്നതെങ്കിലും എഴുന്നേറ്റ് നിന്ന് അദ്ദേഹത്തെ സ്വീകരിക്കാൻ ജലീൽ അടക്കമുള്ളവർ മര്യാദ കാട്ടി.

അദാലത്ത് കഴിയും വരെ മുണ്ട് മടക്കിക്കുത്തിത്തന്നെയാണ് നാരായണൻ നായർ മന്ത്രി അടക്കമുള്ളവർക്ക് മുന്നിൽ നിന്നത്.  കഴിഞ്ഞ വർഷം ഏപ്രിൽ 24, മെയ് 25 എന്നീ തിയതികളിൽ അദ്ദേഹം കുടപ്പനക്കുന്ന് സോണൽ ഓഫീസിൽ കെട്ടിട നമ്പരിന് അപേക്ഷ നൽകിയിരുന്നെങ്കിലും സോണൽ ഓഫീസ്  നമ്പർ അനുവദിച്ചില്ല. ഇതേ തുടർന്നാണ് നാരായണൻ നായർ അദാലത്തിൽ നേരിട്ടെത്തിയത്. എന്നാൽ  നാരായണൻ നായരുടെ പരാതി അദാലത്ത് തള്ളി.