ജീരകമണികൾ (കഥ-എ എൻ സാബു)

എ എൻ സാബു

രാവിലെ എട്ടുമണിക്കു കട തുറന്ന്,
അയ്യപ്പന്റെ ഫോട്ടോക്കുമുന്നിലെ വിളക്കു തെളിച്ച് ചന്ദനത്തിരി കത്തിച്ചു വച്ച് പ്രാർത്ഥിക്കുമ്പോഴാണ് ഈയിടെയായി മനസു കൈവിട്ടു പായുന്നുണ്ടോന്ന് രാധേയന് ഉൾവിളിപോലൊരു ചിന്തയുണ്ടായത്.
ഇടക്കൊക്കെ അന്തരീക്ഷത്തിൽ പാറിപ്പറക്കുന്ന സ്വഭാവം നല്ലതാണെന്നാണ് കടയിൽവരാറുള്ള കവി, ദേവദാസ് പറയാറുള്ളത്. അയാളുടെ മദ്യപാനം ന്യായീകരിക്കാനുള്ള വാദഗതിയായിട്ടേ രാധേയൻ അതിനെ കണ്ടിട്ടുള്ളൂ.
പത്തുമണിയോടെ പണിക്കാർ മൂന്നുപേരും കടയിലെത്തുന്നതിന് മുമ്പായി അയാൾക്ക് അസ്വസ്ഥത തുടങ്ങുന്നു, അവരെല്ലാം ആത്മാർത്ഥമായി തൊഴിൽ ചെയ്യുന്നവരാണ് , അവരെയോർത്തല്ല വ്യാകുലത . പത്തുമണിക്കുമുമ്പെ പുറത്തു റോഡിലൂടെ തൊട്ടടുത്ത സർക്കാർ സ്ക്കൂളിലേക്ക് അനുരാധടീച്ചർ നടന്നു പോവുന്നതാണ് രാധേയന്റെ മനസിനെ പിടിച്ചുലക്കുന്നത്.
വിശാലമായ കടമുറിയിൽ അയാൾക്കായൊരുക്കിയിട്ടുള്ള ഇരിപ്പിടത്തിലിരുന്ന് ടീച്ചറെ കൗതുകത്തോടെ ശ്രദ്ധിച്ചു തുടങ്ങുന്നത് എത്രനാൾ മുമ്പെന്ന് രാധേയൻ ഓർക്കുന്നില്ല . ഒന്നു മാത്രമറിയാം ടീച്ചർ കടന്നുപോവുന്ന നേരമാവുമ്പോൾ അയാളുടെ ഹൃദയം പടപടാ ഇടിച്ചു തുടങ്ങും , അവർ കടയും കടന്നുപോവുന്നവരെ അതു തുടരുകയും ക്രമേണ സാധാരണ നിലയിലാവുകയും ചെയ്യും.
അളവിനനുസരിച്ച് തുണി മുറിച്ചു കൊടുക്കുന്ന ജോലി രാധേയനാണ് ചെയ്യുക. പിള്ളേരെല്ലാം നല്ല തയ്യൽക്കാരെങ്കിലും തുണിവെട്ടൽ ഇപ്പോഴും അവരെ പൂർണമായും ഏല്പിക്കാനുള്ള മനസ്സ് രാധേയനില്ല.
എത്രവേഗത്തിലാണ് മീറ്റർ കണക്കിന് മുന്നിലെത്തുന്ന പലനിറത്തിലും ഗുണത്തിലുമുള്ള ജൗളിത്തരങ്ങൾ വിവിധ രൂപത്തിലേക്കു പരിണാമപ്പെടുന്നത്.
രാധേട്ടന്റെ കയ്യിൽ കത്രിക കിളിയെപ്പോലെയാണ് സഞ്ചരിക്കുന്നതെന്ന് പിള്ളേരുടെയിടയിൽ സംസാരം തന്നെയുണ്ട്.
വെട്ടിക്കഴിഞ്ഞ തുണി നിശ്ചിതസമയത്തിനുള്ളിൽ തുന്നിത്തീർത്തില്ലെങ്കിൽ രാധേയന്റെ വക നോട്ടം സഹിക്കുക വിഷമമായതു കൊണ്ട് അവരെല്ലാം കൃത്യമായി തന്നെ ജോലി ചെയ്തുവരുന്നു. ഫലമോ ഉപഭോക്താക്കൾക്ക് സംതൃപ്തി, സന്തോഷം , രാധേയന്റെ തയ്യൽക്കടക്ക് കൂടുതൽ ഓർഡറും അഭിപ്രായവും .
തെരഞ്ഞെടുപ്പിന്റ ചൂടു കൂടിയപ്പോൾ സ്ഥാനാർത്ഥിയുടെ പേരും ചിഹ്നവും രൂപവുമടങ്ങുന്ന ബാനറുകൾ മത്സര ബുദ്ധിയോടെ സ്ഥലം പിടിച്ചതോടെ റോഡിലേക്കുള്ള കാഴ്ച രാധേയന്റെ ഇരിപ്പിടത്തിൽനിന്നു കിട്ടുക അസാധ്യമായിത്തുടങ്ങി. ഒമ്പതര കഴിയുന്നതോടെ അയാൾ കടയിൽ നിന്നുമിറങ്ങി മുന്നിലുള്ള തണൽ മരത്തിനു കീഴെ നിന്നു തുടങ്ങി. വരുന്നവരും പോവുന്നവരുമൊക്കെ അയാളെ നോക്കി കുശലമന്വേഷിക്കും.
എന്തേ രാധേട്ടാ മരച്ചുവട്ടിൽ ?
എന്തു നോക്കി നിൽക്കുകയാണ് രാധേയാ ?
എല്ലാചോദ്യങ്ങൾക്കുംനേരെ അയാൾ നിരുപദ്രവമായി ചിരിച്ചു കൊണ്ടങ്ങനെ നിൽക്കും.
അനുരാധടീച്ചറുടെ രൂപം അകലെ കണ്ടുതുടങ്ങുമ്പോഴേ മിടിപ്പ് കൂടിത്തുടങ്ങും . കൂടെക്കൂടെ അയാൾ ചുറ്റിനും നോക്കിക്കൊണ്ടിരിക്കും ആരെങ്കിലും തന്നെ ശ്രദ്ധിക്കുന്നുണ്ടോന്ന്. മരത്തിൽ നിന്നുവീണ ചുള്ളിക്കമ്പുകൾ അയാൾ വെറുതേ കാലുകൊണ്ടു തട്ടി കൂട്ടിവക്കും. ഇനിയും എത്തിയിട്ടില്ലാത്ത പണിക്കാർ അല്പം താമസിച്ചോട്ടെയെന്ന് മനസുകൊണ്ട് ആഗ്രഹിക്കും. ടീച്ചർ അടുത്തെത്തുന്നതോടെ അയാൾക്ക് പരിസരബോധം നന്നെ കുറയും, ശരീരത്തിന് നേരിയ വിറയൽ തോന്നിത്തുടങ്ങും . നേരെ നോക്കാതെ ഒളികണ്ണോടെയാവും അയാൾ ടീച്ചറെ വീക്ഷിക്കുക. നോട്ടത്തിലെ ഈ കള്ളത്തരത്തെ അയാൾ ബോധപൂർവം കുറ്റവിമുക്തമാക്കിയിരുന്നു. അനുരാധ കടന്നുപോവുന്നതോടെ മാത്രമാണ് അയാൾ സാധാരണ നിലയിലാവുന്നത്. അതോടെ അയാൾ റോഡിലൂടെ നടന്നു നീങ്ങുന്ന മറ്റുള്ളവരേയും കടയിലെ പണിക്കാരേയും ശ്രദ്ധിച്ചു തുടങ്ങും . അകലെ നടന്നു മറയുന്ന ടീച്ചറെ ഒന്നുകൂടി നോക്കി രാധേയൻ കടയിലേക്കു കയറും.
പ്രവൃത്തി ദിവസങ്ങളായിട്ടും ഒരാഴ്ചയോളം ടീച്ചറെ കാണാതായതോടെ രാധേയനു ഇരിക്കപ്പൊറുതിയില്ലാതായി. ആരോടും ചോദിക്കാനും വയ്യ പറയാനും വയ്യ . വീട്ടിലുംഷോപ്പിലുമൊക്കെ അയാൾ മൂകനായിരുന്നു. അകാരണമായ മൗനത്തിന്റെ കാരണമാരാഞ്ഞ ഭാര്യക്കും മറുപടിയൊന്നും കിട്ടിയില്ല. മക്കളോടയാൾ കാരണമില്ലാതെ വഴക്കുകൂടി . തീർത്തും ശാന്ത സ്വഭാവക്കാരനായ അച്ഛന്റെ അനവസരത്തിലെ ഭാവമാറ്റം മക്കൾക്ക് ഒട്ടും ഉൾക്കൊള്ളാൻ കഴിഞ്ഞില്ല.
സൈക്കിളുമായി രാധേയൻ സ്ക്കൂൾ പരിസരത്തെത്തി ടീച്ചുടെ വരവും പോക്കും ആർക്കും സംശയം തോന്നാതെ നിരീക്ഷിച്ചു തുടങ്ങി. അനുരാധ ടീച്ചർ മറ്റൊരു വഴിയിലൂടെയാണ് സ്ക്കൂളിലെത്തുന്നതെന്ന് മനസിലാക്കിയ അയാൾ പത്തുമണിക്കുമുമ്പായി പുതിയ റോഡിനോരത്ത് കാത്തു നിൽക്കാൻ തുടങ്ങിയത് അങ്ങനെയാണ്. അനുരാധ ടീച്ചർ കാണാതെ അവരെ ശ്രദ്ധിച്ചു പോന്ന രാധേയനെ ടീച്ചർ കാണുക തന്നെ ചെയ്തു, അതോടെ അവർ നടപ്പ് റോഡിന് എതിർവശത്തുകൂടിയാക്കുകയായിരുന്നു . ടീച്ചർ തന്റെ സാന്നിധ്യം മനസിലാക്കുന്നു എന്നത് രാധേയന് അല്പം പ്രയാസമുണ്ടാക്കിയെങ്കിലും ഒന്പതര എന്ന നേരമുണ്ടെങ്കിൽ രാധേയൻ റോഡരികിലുണ്ടാവും എന്ന രീതിയിലായി.
സൈക്കിളിൽ നിന്ന് സ്ക്കൂട്ടറിലേക്കു മാറുന്നതിന്റെ ഭാഗമായി നേരത്തേയുള്ള ഡ്രൈവിംഗ് ലൈസൻസിൽ
മേൽവിലാസം മാറ്റേണ്ട ആവശ്യമാണ് രാധേയനെ ആർടിഒ ഓഫീസിൽ എത്തിച്ചത്. അനുരാധ ടീച്ചറുടെ ഭർത്താവായ വിശ്വനാഥൻ സർ ആർടിഒ ഓഫീസ് ജീവനക്കാരനാണ്. കൗണ്ടറിൽ നിൽക്കുന്ന രാധേയനെ കണ്ടതും
വിശ്വനാഥൻസാർ ചിരിച്ചുകൊണ്ട് പുറത്തേക്കിറങ്ങി വന്നു. സാർ അടുത്തു വന്നപ്പോൾ അകാരണമല്ലാത്ത ഒരു സന്ദേഹം രാധേയനുണ്ടായി , തോളിൽ തട്ടി കുശലമന്വേഷിച്ചപ്പോൾ അത് ഇരട്ടിച്ചു.
രാധേയന്റെ ആവശ്യം മനസിലാക്കി ബന്ധപ്പെട്ട സെക്ഷനിൽ വേണ്ടതു ചെയ്യാൻ ഏർപ്പാടാക്കിയ ശേഷം വിശ്വനാഥൻസർ പറഞ്ഞു ഒരു ചായ കുടിക്കാം ല്ലേ എന്ന് . പറയുവാനുള്ളത് പറയുവാനും വേണമെങ്കിൽ വഴക്കിടാനും അതിനപ്പുറമുള്ള എന്തിനും ഒരിടമായിട്ടാവാം വിശ്വനാഥൻ സാർ ചായക്കടയെ കണ്ടിട്ടുള്ളതെന്ന് രാധേയന് തോന്നി. ഏറെ ഉൽക്കണ്ഠയോടെയാണ് സാറിനൊപ്പം നടന്നത്. കടയിൽ എതിരെ ഇരുന്നെങ്കിലും വിശ്വനാഥൻ സാറിനു നേരെ നോക്കി സംസാരിക്കാൻ അയാൾക്കു ബുദ്ധിമുട്ടു തോന്നി. തണുത്ത പ്രകൃതിയിലും നെറ്റിയിൽ വേർപ്പ് പൊടിഞ്ഞത് സാർ കണ്ടുകാണുമോന്ന് രാധേയൻ സംശയിച്ചു. സാറാകട്ടെ കടയിലെ കാര്യങ്ങളും നാട്ടിലെ ഇലക്ഷൻ ചൂടുമൊക്കെയാണ് സംസാരിച്ചത്.
ചായക്കടയിൽ നിന്ന് പുറത്തേക്കിറങ്ങിയപ്പോൾ രാധേയൻ മനപൂർവം അല്പം പുറകിലാണ് നടന്നത്. ഏതു നിമിഷവും സാർ പുറകോട്ടു തിരിഞ്ഞ് നിർണായകമായ ചോദ്യമെറിയുമെന്ന് ഉറപ്പിച്ചു കൊണ്ട് .
എന്നാൽ വിശ്വനാഥൻസാർ അയാൾ വിചാരിച്ചതു പോലെയൊന്നും സംസാരിച്ചില്ല. കേവലം സുഹൃത്തിനെ പോലെ അയാൾ ചിരിച്ച് തോളിൽ തട്ടി ഓഫീസിനകത്തേക്കു കയറി പോയപ്പോൾ എന്തെന്നില്ലത്ത ആശ്വാസമാണ് അയാൾക്കനുഭവപ്പെട്ടത്. താനാരാലും സംശയിക്കപ്പെടുന്നില്ല എന്ന തിരിച്ചറിയൽ കൂടുതൽ ആത്മവിശ്വാസം നൽകിയെങ്കിലും മറ്റുള്ളവർ തന്നെക്കാളും ഉയരെയാണ് എന്ന തോന്നലും അയാളെ കീഴടക്കി.
സഹപാഠിയും സുഹൃത്തുമായ ബഷീർ ഗൾഫിൽ നിന്ന് തിരിച്ചു വന്ന് പുതിയ വീടുവച്ച് ഇപ്പോൾ കുറച്ചകലെയാണ് താമസം . വീട്ടുകാരുടെ തുന്നൽ ജോലികളെല്ലാം രാധേയനാണ് ചെയ്യുന്നത്. രണ്ടു ദിവസം മുമ്പേ
ഏല്പിച്ചിരുന്നതെല്ലാം വാങ്ങിച്ചുപോയ ബഷീർ നിനച്ചിരിക്കാതെ കയറി വന്നപ്പോൾ രാധേയൻ വിചാരിച്ചു തയ്ച്ചുകൊടുത്തതിനേതിനെങ്കിലും അളവുതെറ്റിക്കാണുമെന്ന്. എന്നാൽ ബഷീർ രാധേയനെ പുറത്തേക്കിറങ്ങി വരാൻ ക്ഷണിക്കുകയായിരുന്നു . ഗൗരവമുള്ളതെന്തോ പറയുവാനാവുമെന്നു രാധേയനു തോന്നാതിരുന്നില്ല.
മരത്തണലിൽ അല്പ നേരം മിണ്ടാതെ നിന്നശേഷം അവൻ ചോദിച്ചു.
” നീ …..റെബേക്ക ഐപ്പിനെ ഓർക്കുന്നുണ്ടോ ? . ”
ഞങ്ങളുടെ പത്താംക്ലാസ് ബി ഡിവിഷനിലുണ്ടായിരുന്ന തരക്കേടില്ലാത്ത ഒരു പെൺകുട്ടി. അവളേയും ബഷീറിനേയും ചുറ്റിപ്പറ്റി കഥകൾ പ്രചരിച്ചിരുന്നു. നാല്പതു വർഷങ്ങൾക്കു ശേഷം ഇവൻ റബേക്കയെക്കുറിച്ചെന്തിനു സംസാരിക്കുന്നെന്നു രാധേയൻ
അത്‌ഭുതപ്പെട്ടു.
” അക്കാലം …. റബേക്ക മാത്രമല്ല മറ്റു പലരോടും ഇന്നത്തെ ഭാഷയിൽ പറഞ്ഞാൽ ലൈൻ ഉണ്ടായിരുന്നു .”
ശരിയാണ് ……. സുന്ദരനായ ബഷീറിന് അന്ന് ഒരുപാട് ആരാധികമാരുണ്ടായിരുന്നു. എന്നാൽ എല്ലാവരോടും ഏറെക്കുറെ ഒരേപോലെ പെരുമാറുന്ന പ്രകൃതമായിരുന്നു ബഷീറിനെന്നായിരുന്നു ഓർമ.
” അന്നും കാണാൻ തെറ്റില്ലെങ്കിലും ഒന്നിനും പിടികൊടുക്കാത്ത സ്വഭാവമായിരുന്നു നിന്റേത് ….. അല്ലേ …. രാധേയാ … ?”
പെട്ടെന്നാന്ന് അവന്റെ സംസാരത്തിൽ രാധേയന് ചില സംശയങ്ങൾ തോന്നിത്തുടങ്ങിയത്.
” പഠനമൊക്കെ കഴിഞ്ഞിട്ടും നിന്റെ സ്വഭാവത്തിൽ കാര്യമായ വ്യത്യാസമില്ലായിരുന്നു. വീട്ടുകാർ ആലോചിച്ചു നടത്തിയ വിവാഹവും കഴിഞ്ഞ് സ്വസ്ഥതയോടും സന്തോഷത്തോടും കഴിയുന്നു ….. അല്ലേ ? ”
ഇവനിതെന്താണ് പറഞ്ഞു വരുന്നതെന്നോർത്ത് രാധേയന് സമാധാനമില്ലാതായി . ഒന്നും തിരിച്ചു ചോദിക്കാനുള്ള മനസില്ലാതെ അയാൾ വിദൂരതയിലേക്കു നോക്കി നിന്നു.
” വളരെ നിയന്ത്രണത്തോടെ കൃത്യനിഷ്ഠയോടെ ജീവിച്ചു പോന്ന നിനക്ക് എവിടെയാണ് രാധേയാ പിഴച്ചത് ? ”
ഇതുവരെയും ആരും അറിഞ്ഞിട്ടില്ല, ആരും മനസിലാക്കിയിട്ടില്ല എന്നു വിചാരിച്ചതിലേക്കാണ് ബഷീർ പറന്നിറങ്ങുന്നതെന്ന് രാധേയനു തോന്നിത്തുടങ്ങി.
എങ്കിലും മറുവാക്കൊന്നും ഉരിയാടാതെ ബഷീറിന്റെ മുഖത്തേക്ക് നോക്കാനാവാതെ അയാൾ നിന്നു.
” കഴിഞ്ഞദിവസം വിശ്വനാഥൻ സാറിനെ കണ്ടിരുന്നു ….. അല്ലേ ? ”
രാധേയന്റെ എല്ലാ സംശയവും തീർത്ത ചോദ്യമായിരുന്നു, അത്. ബഷീർ വക ഒരു ക്രോസ് വിസ്താരം പ്രതീക്ഷിച്ച് അയാൾ മൗനമായി നിന്നു.
” വിശ്വനാഥൻസാർ മാന്യനായ ഒരാളാണ്, അയാൾക്ക് അങ്ങനെയേ പെരുമാറാൻ കഴിയൂ .”
ആദ്യമായി കുറ്റപ്പെടുത്തലിന്റെ ഭാഷ രാധേയൻ തിരിച്ചറിഞ്ഞു.
” രാധേയാ …… നിന്നോട് പ്രത്യേകം പറയേണ്ട ആവശ്യമൊന്നുമില്ല …. ആലോചിച്ച് യുക്തമായി പ്രവർത്തിക്കുക ”
അവൻ അങ്ങനെയാണ് . അളന്നുതൂക്കിയ വാക്കുകൾ , ആരെയും മുഷിപ്പിക്കാത്ത പ്രകൃതം. ഇതൊക്കെ ബന്ധങ്ങൾ മുറിഞ്ഞു പോവാതെ അവനെ പൊതിഞ്ഞു സംരക്ഷിക്കുന്നു. ഇപ്പോഴും സൗഹൃദത്തിന്റെ കുളിർമ കൈവിടാതെ സ്വന്തം നിർദ്ദേശം പറയാതെപറഞ്ഞ് അവൻ പിൻവാങ്ങുന്നു.
ബഷീർ പോയിട്ടും രാധേയന് മരത്തണലിൽ നിന്ന് അനങ്ങാൻ കഴിഞ്ഞില്ല. ഒട്ടും കുറ്റപ്പെടുത്താതെ എത്ര തന്മയത്വമായാണ് അവൻ സംസാരിച്ചത്. വർഷങ്ങളായുള്ള ഗൾഫ് ജീവിതം തന്റെ സുഹൃത്തിനെ ഇരുത്തംവന്ന
മനുഷ്യനാക്കിയിരിക്കുന്നു. വിശ്വനാഥൻ സാറും വിചാരിക്കാത്ത നിയന്ത്രണവും സംയമനവുമാണ് പാലിച്ചത്. എല്ലാവരും അവരുടേതായ രീതിയിൽ പക്വതയെത്തിയ മനുഷ്യരാവുമ്പോൾ ഇവിടെ താൻ മാത്രം ഒരു കുട്ടിയായി മുട്ടുകാലിൽ ഇഴയുകയാണെന്നു രാധേയനു തോന്നി.
അപകർഷതയുടെ കാണാകയത്തിലേക്ക് അയാൾ വീണു. റോഡിൽ ഉച്ചവെയിൽ ഉഷ്ണ തരംഗങ്ങളെ ഉയർത്തുന്ന പോലെ അയാളുടെ ഉള്ളുംപുകഞ്ഞുകൊണ്ടിരുന്നു. ഒരു കടിഞ്ഞാണിന്റെ ആവശ്യം അയാൾ തിരിച്ചറിഞ്ഞു തുടങ്ങി.
ചിന്തകളെ നിയന്ത്രിക്കാനുള്ള സ്വകാര്യ മാർഗമായാണ് ജീരകം കടയിലേക്കു കൊണ്ടു വന്നു തുടങ്ങിയത്. ടീച്ചർ എത്താനുള്ള സമയമടുക്കുമ്പോൾ അയാൾ അല്പം ജീരകമണികൾ വായിലിട്ട് ചവച്ച് മെഷീൻ വേഗത്തിൽ ചവിട്ടിത്തുടങ്ങും. പതിവില്ലാത്ത വേഗത്തിൽ തയ്യൽ മെഷീൻ ചവിട്ടുന്ന മുതലാളിയെ പണിക്കാർ കൗതുകത്തോടെ നോക്കും . ചിലർ ഒളിച്ചിരിയുമായി അവരുടെ പണിയിൽ വ്യാപൃതരാവും. ആർക്കും സംശയമില്ലാതിരിക്കാൻ അയാൾ മറ്റുനേരങ്ങളിലും ജീരകം വായിലിടുകയും തയ്യൽ മെഷീൻ തിടുക്കത്തിൽ ചവിട്ടുകയും ചെയ്യാൻ തുടങ്ങി. തയ്യൽ മെഷീൻ ചവിട്ടുന്നതു കുറഞ്ഞത് ഒരു വ്യായാമമെങ്കിലുമായി കാണാം. ജീരകം സ്ഥിരമായി കഴിക്കുന്നത് എന്തെങ്കിലും ആരോഗ്യപ്രശ്നമുണ്ടാക്കുമോന്നാണ് രാധേയന്റെ പേടി. അയാൾ ഗൂഗിളിൽ തെരഞ്ഞെങ്കിലും വ്യക്തമായ ഉത്തരം കണ്ടെത്താൻ കഴിഞ്ഞില്ല. ഇനി പാർശ്വഫലമെന്തെങ്കിലുമുണ്ടെങ്കിൽ തന്നെ ജീരകത്തെ ഉപേക്ഷിക്കാൻ അയാൾക്കാവില്ല. അത്രകണ്ട് ജീവിതവുമായി ഇഴുകി ചേർന്നിരിക്കുന്നു , ആ കുഞ്ഞു ജീരകവിത്തുകൾ .

എ എൻ സാബു