ലക്ഷ്മിനായരുടെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടില്ല; പൊലീസിന്റെ അപേക്ഷ നിരസിച്ചു

പട്ടികജാതിക്കാരനായ വിദ്യാര്‍ത്ഥിയെ ജാതി പറഞ്ഞ് അധിക്ഷേപിച്ചതിന് ജാമ്യമില്ലാ കേസില്‍ പ്രതിയാക്കിയ ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മിനായരുടെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടാനുള്ള പൊലീസിന്റെ അപേക്ഷ കേന്ദ്ര വിദേശകാര്യമന്ത്രാലയം നിരസിച്ചു. പാസ്‌പോര്‍ട്ട് കണ്ടു കെട്ടാന്‍ എഫ്.ഐ.ആര്‍. മാത്രം മതിയാവില്ലെന്നും ലക്ഷ്മിനായര്‍ക്കെതിരെ കുറ്റപത്രമോ കോടതി ഉത്തരവോ വേണമെന്നും റീജിയണല്‍ പാസ്‌പോര്‍ട്ട് ഓഫീസര്‍ ആഷിഖ് കാരാട്ടില്‍ പൊലീസിനെ രേഖാമൂലം അറിയിച്ചു.

പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തടയാനുള്ള കേന്ദ്രനിയമത്തിലെ വകുപ്പുകള്‍ ചുമത്തി കേസെടുത്തതിനെത്തുടര്‍ന്ന് ലക്ഷ്മിനായര്‍ രാജ്യം വിടുന്നത് തടയാനാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ കന്റോണ്‍മെന്റ് അസി. കമ്മീഷണര്‍ കെ.ഇ. ബൈജു പാസ്‌പോര്‍ട്ട് കണ്ടു കെട്ടാന്‍ അപേക്ഷ നല്‍കിയത്. പാസ്‌പോര്‍ട്ട് പിടിച്ചെടുക്കണമെന്നും പൊലീസിന്റെ ക്ലിയറന്‍സില്ലാതെ മടക്കി നല്‍കരുതെന്നുമാണ് പൊലീസ് ആവശ്യപ്പെട്ടത്.

ലക്ഷ്മി നായരില്‍ നിന്ന് പിടിച്ചെടുത്ത പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ് സഹിതമായിരുന്നു പോലീസിന്റെ അപേക്ഷ. എന്നാല്‍ പാസ്‌പോര്‍ട്ട് മൗലികാവകാശമാണെന്നും കോടതി പുറപ്പെടുവിച്ച വാറണ്ട്, സമന്‍സ് പൊലീസ് സമര്‍പ്പിച്ച കുറ്റപത്രം എന്നിവയിലേതെങ്കിലുമുണ്ടെങ്കിലേ 1967-ലെ പാസ്‌പോര്‍ട്ട് ആക്ട് 10(3) ചട്ടപ്രകാരം കണ്ടുകെട്ടാന്‍ കഴിയുള്ളുവെന്നുമാണ് റീജിയണല്‍ പാസ്‌പോര്‍ട്ട് ഓഫീസറുടെ മറുപടി. പോലീസിനോ കോടതിക്കോ പാസ്‌പോര്‍ട്ട് കണ്ടു കെട്ടാനോ പിടിച്ചെടുക്കാനോ കഴിയില്ലെന്ന് 2013 ജനുവരിയില്‍ മദ്രാസ് ഹൈക്കോടതി ഉത്തരവുണ്ട്.

നാലാംവര്‍ഷ എല്‍.എല്‍.ബി വിദ്യാര്‍ത്ഥിയായ വിവേകിന്റെ പരാതിയിലാണ് ലക്ഷ്മിനായര്‍ക്കെതിരെ കേസെടുത്തത്. സഹപാഠിയ്‌ക്കൊപ്പം കോളേജിലേക്ക് വരുമ്പോള്‍ ലക്ഷ്മിനായര്‍ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്നാണ് വിവേകിന്റെ പരാതി.

ലക്ഷ്മിനായരുടെയും പരാതിക്കാരന്റെയും സാക്ഷിയുടെയും മൊബൈല്‍ ടവര്‍ രേഖകള്‍ ഉടനടി നല്‍കാന്‍ സേവനദാതാക്കള്‍ക്ക് പോലീസ് നിര്‍ദ്ദേശം നല്‍കി. ലക്ഷ്മിനായര്‍ അന്വേഷണവുമായി സഹകരിക്കുന്നതിനാല്‍ തെളിവുകള്‍ ശേഖരിച്ച ശേഷം അറസ്റ്റ് ചെയ്താല്‍ മതിയെന്നാണ് പോലീസിന്റെ തീരുമാനം. കേന്ദ്രനിയമപ്രകാരം 90 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കേണ്ടതുണ്ട്.