ആത്മഹത്യ ഭീഷണി മുഴക്കിയ ഷിബിന്‍ ലക്ഷ്മിനായരുടെ പീഡനത്തിന് ഇര

-വികാസ് രാജഗോപാല്‍-

ലോ അക്കാദമിയില്‍ ആത്മഹത്യാ ഭീഷണി മുഴക്കി മരത്തിനു മുകളില്‍ കയറി ഷിബിന്‍ എന്ന വിദ്യാര്‍ത്ഥി ലക്ഷമി നായരുടെ പീഡനത്തിന് ഇര. നാലാം വര്‍ഷ എല്‍എല്‍ബി വിദ്യാര്‍ത്ഥിയായിരുന്ന ഷിബിന്‍ അപകടത്തില്‍പെട്ട് കിടപ്പിലായിരുന്നു. ഇതേ തുടര്‍ന്ന് ക്ലാസില്‍ ഹാജരായില്ലെന്ന കാരണം ചൂണ്ടിക്കാട്ട്ി ലക്ഷ്മിനായര്‍ ഷിബിനെ ഇയര്‍ ഔട്ടാക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് കാലില്‍ കമ്പിയിട്ട ഷിബിന്‍ നടക്കാന്‍പോലുമാകാതെ മാസങ്ങളോളം കിടപ്പിലായിരുന്നു. ചിക്തസകള്‍ക്കൊടുവില്‍ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റുമായി ക്ലാസിലെത്തിയെങ്കിലും ലക്ഷമിനായര്‍ അപമാനിച്ച് ഇറക്കിവിടുകയായിരുന്നു. നൂറ് രൂപ കൊടുത്താല്‍ ഏത് പട്ടിക്കും ഇത്തരമൊരു സര്‍ട്ടിഫിക്കറ്റ് ലഭിക്കുമെന്നായിരുന്നു പ്രിന്‍സിപ്പലിന്റെ പ്രതികരമം. ഷിബിന്‍ നല്‍കിയ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ചുരുട്ടി കൂട്ടി ചവറ്റുകുട്ടയില്‍ ഇടുകയും ചെയ്തു. ഇതോടെ ഷിബിന് വിലപ്പെട്ട ഒരു വര്‍ഷവും നഷ്ടപ്പെടുകയായിരുന്നു. ഇത്തരമൊരു ദുരനുഭവമാണ് സമരത്തിന് രക്തസാക്ഷിയാകാന്‍ പോലും ഷിബിനെ പ്രേരിപ്പിച്ചത്. തന്റെ ജീവന്‍ നഷ്ടപ്പെട്ടാലും മറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് ഇത്തരമൊരവസ്ഥ ഉണ്ടാകാന്‍ പാടില്ലെന്ന തീരുമാനമാണ് ആത്മഹത്യാ ഭീഷണിമുഴക്കിയുള്ള സമരത്തിലേക്ക് ഷിബിനെ നയിച്ചത്.

മകന്‍ ആത്മഹത്യാ ഭീഷണി മുഴക്കി മരത്തിന് മുകളിലിരിക്കുന്ന ദൃശ്യം ചാനലിലൂടെ കണ്ട് ഷിബിന്റെ മാതാവ് മിനിയും സഹോദരി ഷിബിനയും സമരഭൂമിയില്‍ എത്തി. മകന്‍ ഇയര്‍ ഓട്ടായത് മാതാവിനൊഴികെ മറ്റ് കുടുംബാംഗങ്ങള്‍ക്ക് അറിയില്ലായിരുന്നു. എങ്കിലും മകന്റെ സമരത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കി മിനിയും ഷിബിനയും ആല്‍ചുവട്ടില്‍ നിലയുറപ്പിച്ചിട്ടുണ്ട്. ഇതിനിടെ മകനുമായി മിനി ഫോണില്‍ സംസാരിച്ചു. ഇനിയൊരു വിദ്യാര്‍ത്ഥിക്കും ഇത്തരമൊരു അവസ്ഥയുണ്ടാകരുതെന്ന പ്രാര്‍ത്ഥനയിലാണ് ഇവര്‍.