മാനഭംഗത്തിനിരയായ ബധിരയും മൂകയുമായ യുവതിക്ക്‌ അധികൃതരുടെ മാനസിക പീഡനം

-പി ബി കുമാർ-

ക്രൂരമായ ബലാൽസംഗത്തിനു ഇരയായ ബധിരയും മൂകയുമായ നാല്പത്തിരണ്ടുകാരിയെ കേരള പോലീസും ഡോക്ടർമാരും ചേർന്ന് മാനസിക മാനഭംഗത്തിനിരയാക്കി.

ഇരയെ ജനറൽ വാർഡിൽ പ്രവേശിപ്പിച്ച് തൃശൂർ മെഡിക്കൽ കോളേജും ജനറൽ വാർഡിൽ പ്രതിയെ കൊണ്ടുവന്ന് പരസ്യ തെളിവെടുപ്പ് നടത്തി പോലീസും യുവതിയെ അപമാനിക്കാൻ മത്സരിച്ചു.ഇതിനെ ചോദ്യം ചെയ്ത മനുഷ്യാവകാശ കമ്മീഷനു മുമ്പിൽ തങ്ങൾ ചെയ്തതിൽ ഒരു തെറ്റുമില്ലെന്ന് ഇരുവരും ഏറ്റുപറഞ്ഞു.

ത്യശൂരിലാണ് സംഭവം. നാട്ടിക സ്വദേശിനിയായ ഭിന്നശേഷിക്കാരിയെ 2016 ജൂലൈ 8 ന് വൈകിട്ട് അഞ്ചരയോടെയാണ് മെഡിക്കൽ കോളേജിലെ കാഷ്വാലിറ്റയിൽ എത്തിച്ചത്. മൂത്രമൊഴിക്കുന്നതിനിടയിൽ മൂത്രമൊഴിക്കുന്ന ഭാഗത്ത് പാമ്പുകടിയേറ്റെന്നാണ് യുവതിയെ ആശുപത്രിയിലെത്തിച്ച അയൽക്കാരി പറഞ്ഞത്.

യുവതിയെ പരിശോധിച്ച ഡോക്ടർമാർ മൊഴിയിൽ അസ്വഭാവികത കണ്ടെത്തിയതിനെ തുടർന്ന് രോഗിയെ വിശദമായി പരിശോധിച്ചു. യോനീനാളത്തിൽ ശുക്ളം കണ്ടെത്തിയതിനെ തുടർന്ന് ജനറൽ മെഡിസിൻ വിഭാഗത്തിൽ നിന്നും ഗൈനക്കോളജി വിഭാഗത്തിലേക്ക് മാറ്റി.ഡോ.എ.വി.ദീപക്കാണ് തുടർന്ന് രോഗിയെ പരിശോധിച്ചത്. രോഗി പരിശോനയ്ക്ക് വിസമ്മതിച്ചതിനെ തുടർന്ന് അനസ്തീഷ്യ നൽകി. യോനിയിൽ ഗുരുതരമായ പരിക്കുകൾ കണ്ടെത്തിയതിനെ തടർന്ന് ആന്റിബയോട്ടിക്കുകൾ ഉപയോഗിച്ച് ചികിത്സ ആരംഭിച്ചു.മാനഭംഗം നടന്നതായി സ്ഥിതീകരിച്ചു. പോലീസിനെ വിവരമറിയിച്ചു.രണ്ട് ദിവസങ്ങൾക്കുശേഷം രോഗിയെ വാർഡിലേക്ക് മാറ്റി.

മാനഭംഗത്തിന് ഇരയാകുന്നവരെ സ്വകാര്യമായി ചികിത്സക്കണമെന്ന് വിവിധ കോടതി വിധികൾ ഉള്ളപ്പോൾ തൃശൂരിൽ മാനഭംഗത്തിന് ഇരയായ യുവതിയെ മെഡിക്കൽ കോളേജ് ജനറൽ വാർഡിലാണ് പ്രവേശിപ്പിച്ചത്.ഇതിനിടെ യുവതിയെ മാനഭംഗപ്പെടുത്തിയ കേസിൽ പ്രതി ബിഹാറി ബിജുവിനെ പോലീസ് അറസ്റ്റ് ചെയ്തു.

പോലീസ് പ്രതിയെയും കൊണ്ട് ജനറൽ വാർഡിലെത്തി തെളിവെടുത്തു. ആംഗ്യ ഭാഷ അറിയുന്ന ആളുകളുടെ സഹായത്തോടെയായിരുന്നുെ തെളിവെടുപ്പ്. യുവതിയുടെ വാർഡിലുണ്ടായിരുന്ന ആർക്കും അവർ മാനഭംഗത്തിന് ഇരയായ വ്യക്തിയാണെന്ന് അറിയുമായിരുന്നില്ല. മുഖം നോർത്ത് കൊണ്ട് മുടിയ നിലയിൽ പ്രതിയെ കൊണ്ട് വന്നപ്പോഴാണ് ഇക്കാര്യം എല്ലാവരും തിരിച്ചറിഞ്ഞത്.നിയമപ്രകാരം ഇത്തരം കേസിലെ പ്രതികൾക്ക് പൂർണമായ സ്വകാര്യത നൽകണം.പ്രതിയെ കൊണ്ടുവന്നതറിഞ്ഞ് തിക്കിതിരക്കിയ ജനങ്ങളെ നിയന്ത്രിക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർ പാടുപെട്ടു.

സംഭവം വിവാദമായതോടെ മനുഷ്യാവകാശ കമ്മീഷൻ വിഷയത്തിൽ ഇടപെട്ടു.മെഡിക്കൽ കോളേജിൽ നിന്നും പോലീസിൽ നിന്നും വിശദീകരണം ആവശ്യപ്പെട്ടു.

രോഗിയെ ഒന്നാം നമ്പർ വാർഡിലേക്കാണ് മാറ്റിയതെന്നായിരുന്നു ആശുപത്രി സൂപ്രണ്ടിന്റെ വിശദീകരണം. ഇവിടെ സന്ദർശകർക്ക് നിയന്ത്രണമുണ്ടെന്നും വിശദീകരണത്തിൽ പറയുന്നു. സംഭവം നടന്നത് വാടാനപ്പള്ളി പോലീസിന്റെ പരിധിയിലാണെന്നും മൊഴി രേഖപ്പെടുത്തേണ്ടത് സംഭവം നടന്ന സ്റ്റേഷൻ പരിധിയിലുള്ള പോലീസ് ഉദ്യോഗസ്ഥരുടെ ബാധ്യതയാണെന്നും തൃശൂർ ജില്ലാ പോലീസ് മേധാവി റിപ്പോർട്ടിൽ പറയുന്നു. തങ്ങൾ തങ്ങളുടെ കടമയാണ് നിർവഹിച്ചത്. ഏത് രോഗിയെ ഏത് വാർഡിൽ പ്രവേശിപ്പിക്കണമെന്ന് തീരുമാനിക്കേണ്ടത് മെഡിക്കൽ കോളേജാണ്. അതിൽ തങ്ങൾക്ക് ഇടപെടാനാവില്ലെന്നാണ് പോലീസിന്റെ വിശദീകരണം.

ക്രിമിനൽ നടപടി ചട്ടങ്ങളിലെ 164 എ വകുപ്പ് അനുസരിച്ച് പീഡനത്തിന് ഇരയാകുന്ന ഒരാളുടെ മൊഴി രേഖപ്പെടുത്തേണ്ടത് തികച്ചും സ്വകാര്യമായാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അന്വേഷണവും ചികിത്സയും തുടർ പീഡനമാകരുതെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇരയുടെ പേരും മേൽവിലാസവും പരസ്യമാക്കുന്നത് പോലും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 228 എ വകുപ്പ് അനുസരിച്ച് കുറ്റകരമാണ്.

എന്നാൽ മെഡിക്കൽ കോളേജ് സൂപ്രണ്ട് ഇരയുടെ പേരും മേൽവിലാസവും അധികൃതർക്ക് മുമ്പിൽ വെളിപ്പെടുത്തി.

തൃശുർ ജില്ലാ പോലീസ് മേധാവി പരസ്യമായ തെളിവെടുപ്പിനെ ന്യായീകരിക്കുകയാണ് ചെയ്തിരിക്കുന്നത്. ആശുപത്രി അധികൃതരും തങ്ങളുടെ പ്രവർത്തനം ന്യായീകരിച്ചിരിക്കുന്നു.

കേരള ഗവർണർ ജസ്റ്റിസ് പി.സദാശിവം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയിരിക്കമ്പോൾ ഇരയുടെ അവകാശം സംബന്ധിച്ച് പാസാക്കിയ ഉത്തരവിന്റെ ലംഘനമാണ് സംഭവം. എന്നിട്ടും മേലധികാരികളുടെ ഭാഗത്തു നിന്നും ഒരു നടപടിയും ഉണ്ടായില്ല.