വടക്കാഞ്ചേരി പീഡനക്കേസില്‍ തെളിവുകള്‍ ഹാജരാക്കാനാകാതെ പൊലീസ്

വടക്കാഞ്ചേരി പീഡനക്കേസില്‍ തെളിവുകള്‍ ഹാജരാക്കാനാകാതെ പൊലീസ്. കേസ് കോടതിയുടെ മേല്‍നോട്ടത്തിലായതിനാല്‍ 10 ദിവസം കൂടുമ്പോള്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നുണ്ട്. ഇരുന്നൂറോളം പേരെ ചോദ്യം ചെയ്‌തെന്നും അന്വേഷണം നടക്കുന്നുവെന്നല്ലാതെ പോലീസിനും ഒന്നും പറയാനില്ല.

തിരിച്ചറിയല്‍ പരേഡ് നടത്തുന്ന കാര്യത്തിലും വ്യക്തതയായിട്ടില്ല. യുവതിയെ പീഡിപ്പിച്ചെന്നുപറയുന്ന സ്ഥലം കണ്ടെത്താന്‍ ഇതുവരെ പൊലീസിനു കഴിഞ്ഞിട്ടില്ല. കേസ് അന്വേഷണത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ഇര നല്‍കിയ ഹര്‍ജിയെ തുടര്‍ന്ന് കഴിഞ്ഞ ഡിസംബര്‍ മൂന്നിന് കോടതി മേല്‍നോട്ടം ഏറ്റെടുത്തിരുന്നു. കേസുകളില്‍ മൂന്നു മാസത്തിനകം കുറ്റപത്രം നല്‍കണമെന്ന ഡി.ജി.പിയുടെ ഉത്തരവും പൊലീസ് മറികടന്നെന്ന് ആരോപണമുണ്ട്. ഇതുള്‍പ്പെടെയുള്ള വിഷയങ്ങള്‍ ശ്രദ്ധയില്‍ കൊണ്ടുവരുമെന്ന് യുവതിയുടെ അഭിഭാഷകന്‍ സി.ആര്‍. ജെയ്‌സണ്‍ മംഗളത്തോടു പറഞ്ഞു. ഹര്‍ജിക്കാരിയുടെ ആരോപണങ്ങള്‍ സംബന്ധിച്ച് അന്വേഷണം വേണമെന്നു മജിസ്‌ട്രേറ്റ് നിര്‍ദ്ദേശിച്ചിരുന്നു. തിരുവുള്ളക്കാവു ഭാഗത്ത് ആള്‍താമസമില്ലാത്ത പണി പൂര്‍ത്തിയാകാനാണ് യുവതിയുടെ മൊഴി, ഇതു കണ്ടെത്താന്‍ കഴിഞ്ഞില്ല. യുവതിയെ പീഡിപ്പിക്കാന്‍ കൊണ്ടുപോയ കാര്‍ കസ്റ്റഡിയിലെടുത്തുവെങ്കിലും തുടരന്വേഷണമുണ്ടായില്ല.

ഇതിനിടെ ഇരയുടെ പേരു വെളിപ്പെടുത്തിയതിനു സി.പി.എം ജില്ലാ സെക്രട്ടറി കെ. രാധാകൃഷ്ണനെതിരേ കേസെടുത്തിരുന്നു. അന്വേഷണത്തിനിടെ യുവതിയോടു മോശമായി പെരുമാറിയെന്ന പരാതിയില്‍ പേരാമംഗലം സി.ഐ മണികണ്ഠനെ കഴിഞ്ഞ നവംബര്‍ ഏഴിന് സസ്‌പെന്റ് ചെയ്തു. ആരോപണവിധേയനായ വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലര്‍ ജയന്തനുള്‍പ്പെടെ നാലു പേരെ കഴിഞ്ഞ നവംബര്‍ നാലിന് സി.പി.എം സസ്‌പെന്റ് ചെയ്ത് പാര്‍ട്ടിതല അന്വേഷണം നടത്തുവാന്‍ തീരുമാനിച്ചിരുന്നു.

പ്രതിപ്പട്ടികയില്‍ സി.പി.എം നഗരസഭ കൗണ്‍സിലറും ഭരണകക്ഷി അനുഭാവികളുമായതിനാല്‍ പൊലീസ് ഉഴപ്പുകയാണെന്നു കാട്ടിയാണ് യുവതി ഹര്‍ജി നല്‍കിയത്. തെളിവുകള്‍ കണ്ടെത്തേണ്ടതും ശേഖരിക്കേണ്ടതും ഉദ്യോഗസ്ഥരാണെന്ന് കോടതിയും നിരീക്ഷിച്ചു.

ഭര്‍ത്താവിനു പരുക്കേറ്റ് ആശുപത്രിയിലാണെന്നു വിശ്വസിപ്പിച്ച് നഗരസഭ കൗണ്‍സിലറും മൂന്നു പേരും ചേര്‍ന്നു കാറില്‍ കൊണ്ടു പോയി കൂട്ടമായി പീഡിപ്പിച്ചെന്നാരോപിച്ച് 2016 ഓഗസ്റ്റ് 14-ന് മെഡിക്കല്‍ കോളെജ് പൊലീസില്‍ യുവതി പരാതി നല്‍കിയിരുന്നു. പിന്നീട് പരാതി ഇല്ലെന്ന് 164 പ്രകാരം വടക്കാഞ്ചേരി മജിസ്‌ട്രേറ്റ് കോടതിയില്‍ മൊഴി നല്‍കി. ഇതുള്‍പ്പൈടെയുള്ള കാര്യങ്ങള്‍ വിവരിച്ച് ഡബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ സാന്നിധ്യത്തില്‍ തലസ്ഥാനത്ത് ഇരയായ യുവതി നവംബര്‍ ആദ്യം പത്രസമ്മേളനം നടത്തിയതോടെയാണ് വിവാദം കത്തിയാളിയത്. അതിനിടെ കേസ് ഫയലുകള്‍ റേഞ്ച് ഐ.ജി എം.ആര്‍. അജിത്കുമാര്‍ വിളിച്ചു വരുത്തി പരിശോധിച്ചു. പാലക്കാട് എ.എസ്.പി; പൂങ്കുഴലിയാണ് അന്വേഷണ സംഘത്തെ നയിക്കുന്നത്. ഇരയ്ക്ക് തൃപ്തികരമായ വിധത്തില്‍ കേസ് അന്വേഷണം നടത്തിയിട്ടില്ലെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് പേരാമംഗലം സി.ഐയ്ക്ക് സസ്‌പെന്‍ഷന്‍ നല്‍കിയത്.