ലക്ഷ്മിനായരുടെ പേരില്‍ കോമഡി സ്‌കിറ്റ്: ട്രിവാന്‍ഡ്രം ക്ലബില്‍ തര്‍ക്കവും വാക്കേറ്റവും

ലോ അക്കാദമി വിവാദവും കുട്ടികളോടുള്ള പ്രിന്‍സിപ്പല്‍ ്‌ലക്ഷ്മി നായരുടെ പെരുമാറ്റവും പ്രമേയമായ സ്‌കിറ്റിനെ ചൊല്ലി ട്രിവാന്‍ഡ്രം ക്ലബില്‍ തര്‍ക്കവും വാക്കേറ്റവും. ലക്ഷ്മിനായരും ഭര്‍ത്താവും അംഗമായ ക്ലബില്‍ ശനിയാഴ്ച രാത്രി അരങ്ങേറിയ സ്‌കിറ്റ് ഒരു വിഭാഗത്തിന്റെ എതിര്‍പ്പ് മൂലം നിര്‍ത്തി വെച്ചു.

എല്ലാം രണ്ടാം ശനിയാഴ്ചകളിലും അംഗങ്ങള്‍ക്കായി ട്രിവാന്‍ഡ്രം ക്ലബില്‍ പ്രത്യേക കലാപരിപാടികള്‍ നടത്താറുണ്ട്. ഇതിന്റെ ഭാഗമായിട്ടാണ് പരിപാടി അവതരിപ്പിച്ചത്.

തിരുവനന്തപുരം മെഡിക്കല്‍ കോളെജ് പ്രിന്‍സിപ്പല്‍ തോമസ് മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്‌കിറ്റ് അവതരിപ്പിച്ചത്.

സ്‌കിറ്റിന്റെ തിരക്കഥ തയ്യാറാക്കിയ തോമസ് മാത്യുവും ക്ലബിലെ അംഗമാണ്. ക്ലബിലുണ്ടായിരുന്ന ലക്ഷ്മി നായരുടെ ഭര്‍ത്താവും സുഹൃത്തുക്കളും ഇതു തടയുകയും എതിര്‍ക്കുകയും ചെയ്തതോടെ മെഡിക്കല്‍ കോളെജ് പ്രിന്‍സിപ്പലും സംഘവും പരിപാടി പാതിവഴിയില്‍ നിര്‍ത്തി മടങ്ങുകയായിരുന്നു.

ക്ലബില്‍ പരിപാടി അവതരിപ്പിച്ചതു പുറത്തു നിന്നുള്ള സംഘമാണെന്നും ലക്ഷ്മിനായരും ഭര്‍ത്താവും ക്ലബിലെ അംഗങ്ങളാണെന്നു പരിപാടി അവതരിപ്പിച്ചവര്‍ക്ക് അറിയില്ലായിരുന്നുവെന്നുമാണ് സംവിധായകനും ട്രിവാന്‍ഡ്രം ക്ലബ് സെക്രട്ടറിയുമായ വിജി തമ്പി പറഞ്ഞത്.

നര്‍മ്മ കൈരളി എന്ന സംഘടനയിലെ കലാകാരന്മാരാണ് പരിപാടി അവതരിപ്പിച്ചതെന്നാണ് മാധ്യമങ്ങളോടും വിജി തമ്പി പറഞ്ഞത്. ക്ലബിലെ അംഗങ്ങളെ പരസ്യമായി അവഹേളിക്കുന്ന രീതിയില്‍ സ്‌കിറ്റ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് ഒരു വിഭാഗം അഭിപ്രായപ്പെട്ടപ്പോള്‍ സ്‌കിറ്റ് പാതിവഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു.

കുട്ടികളുടെ ഹോസ്റ്റലിലും പെണ്‍കുട്ടികളുടെ ടോയ്‌ലറ്റിലുമെല്ലാം ക്യാമറ സ്ഥാപിച്ചിരിക്കുന്നുവെന്നും അതിനെന്താ കുഴപ്പം ടോയ്‌ലറ്റിനകത്തേക്കൊന്നുമല്ലല്ലോ അതിന്റെ സൈഡിലല്ലേ സ്ഥാപിച്ചിട്ടുള്ളൂവെന്നുള്ള ലക്ഷ്മി നായരുടെ മറുപടിയുമെല്ലാം സ്‌കിറ്റില്‍ ഇടം പിടിച്ചതായും ഇതാണ് ലക്ഷ്മി നായരുടെ ഭര്‍ത്താവിനെ ചൊടിപ്പിച്ചതെന്നുമാണ് വിവരം. ഭര്‍ത്താവും സുഹൃത്തുക്കളും ഉടന്‍ തന്നെ ഇടപെടുകയായിരുന്നു.

അവതരിപ്പിച്ച സ്കിറ്റില്‍ നിന്ന് ഒരു രംഗം –