EXCLUSIVE: മാര്‍ത്തോമ ബിഷപ്പ് നിയമനത്തിന് സ്‌റ്റേ

 

നാല് ബിഷപ്പുമാരെ നിയമിക്കാനുള്ള നീക്കമാണ് തടഞ്ഞത്

ബോര്‍ഡ് യോഗത്തിന്റെ തീരുമാനം നിയമാനസൃതമല്ലെന്ന് കോടതി

ഉത്തരവ് തിരുവല്ല മുന്‍സിഫ് കോടതിയുടേത്

ഹരി ഇലന്തൂര്‍

തിരുവല്ല: മാര്‍ത്തോമാ സഭയില്‍ പുതുതായി നാല് ബിഷപ്പുമാരെ നിയമിക്കാനുള്ള നടപടിക്രമങ്ങള്‍ തിരുവല്ല മുന്‍സിഫ് കോടതി സ്‌റ്റേ ചെയ്തു. എപ്പിസ്‌കോപ്പല്‍ നോമിനേഷന്‍ ബോര്‍ഡില്‍ നിന്ന് നാലു പേര്‍ രാജിവച്ചശേഷം കൈക്കൊണ്ട തീരുമാനങ്ങള്‍ക്ക് നിയമ സാധുതയില്ലെന്നാണ് ഉത്തരവില്‍ പറയുന്നത്.

മാര്‍ത്തോമാ സഭയില്‍ ബിഷപ്പ് നിയമനവുമായി ബന്ധപ്പെട്ട് നടന്ന തട്ടിപ്പുകളും ക്രമക്കേടുകളും വെളിച്ചത്തുകൊണ്ടുവന്നത് ദി വൈഫൈ റിപ്പോര്‍ട്ടറായിരുന്നു.

ബിഷപ്പ് നിയമനവുമായി ബന്ധപ്പെട്ട് വ്യാപക ക്രമക്കേട് നടന്നെന്നും അതേക്കുറിച്ച് അന്വേഷിക്കണമെന്നും സഭയിലെ മുതിര്‍ന്ന ബിഷപ്പും സഫ്രഗന്‍ മെത്രാപൊലീത്തയുമായ ഗീവര്‍ഗീസ് മാര്‍ അത്തനേഷ്യസ് ആവശ്യപ്പെട്ടെങ്കിലും അതൊന്നും സ്വീകരിക്കാന്‍ മാര്‍ത്തോമാസഭയുടെ പരമാധ്യക്ഷനായ ജോസഫ് മാര്‍ത്തോമാ മെത്രാപൊലീത്ത തയാറായില്ല. ഇതേത്തുടര്‍ന്ന് സഫ്രഗന്‍ മെത്രാപൊലീത്ത ഉള്‍പ്പെടെ നാലു പേര്‍ എപ്പിസ്‌കോപ്പല്‍ നോമിനേഷന്‍ ബോര്‍ഡില്‍നിന്ന് രാജി വച്ചിരുന്നു. പിന്നീടാണ് ബിഷപ്പ് സ്ഥാനത്തേക്ക് നിര്‍ദ്ദേശിക്കപ്പെട്ട നാല് വൈദികരുടെ നിയമനങ്ങള്‍ക്ക് ബോര്‍ഡും സഭാകൗണ്‍സിലും അംഗീകാരം നല്‍കിയത്.

ഇതേത്തുടര്‍ന്ന് ബിഷപ് നിയമനത്തിലെ ക്രമക്കേടുകളെക്കുറിച്ച് വ്യാപകമായ പരാതി സഭയ്ക്കുള്ളില്‍നിന്ന് ഉയര്‍ന്നെങ്കിലും അതൊന്നും ഗൗനിക്കാതെയാണ് മറ്റ് നടപടിക്രമങ്ങളുമായി ജോസഫ് മാര്‍ത്തോമായും കൂട്ടരും മുന്നോട്ട് നീങ്ങിയത്. ബിഷപ്പ് നിയമനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് എപ്പിസ്‌കോപ്പല്‍ നോമിനേഷന്‍ ബോര്‍ഡിലെ അംഗമായിരുന്ന സാബു അലക്‌സ് ആണ് കോടതിയെ സമീപിച്ചത്.

ബിഷപ്പ് സ്ഥാനത്തേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട റവ: ജേക്കബ് ചെറിയാന്‍ എന്ന മുതിര്‍ന്ന വൈദികന്‍ പത്തനംതിട്ട- നെല്ലിക്കാല മാര്‍ത്തോമാപള്ളിയില്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 16-ന് നടന്ന ആരാധനയില്‍ കുര്‍ബാന കുപ്പായം (കാപ്പ) ധരിക്കാതെ കുര്‍ബാന അനുഷ്ടിച്ചെന്ന് ബിഷപ്പ് നോമിനേഷന്‍ ബോര്‍ഡിലെ ഒരംഗം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അന്നേദിവസം ആ പള്ളിയിലുണ്ടായിരുന്ന മറ്റ് രണ്ട് ബോര്‍ഡ് അംഗങ്ങള്‍ ഇക്കാര്യം നിഷേധിക്കുകയും ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ രണ്ട് അംഗങ്ങളുടെ റിപ്പോര്‍ട്ടും തള്ളിക്കളഞ്ഞ് കാപ്പ ധരിച്ചില്ലെന്ന റിപ്പോര്‍ട്ട് അംഗീകരിച്ചു. ഇതോടെ ജേക്കബ് ചെറിയാന്‍ ബിഷപ്പ് തെരഞ്ഞെടുപ്പില്‍നിന്ന് പുറത്തായി. വ്യാജ റിപ്പോര്‍ട്ട് സ്വീകരിച്ച് ഉത്തമനായ ഒരു വൈദികനെ ബിഷപ്പ് നിയമനപ്രക്രിയയില്‍നിന്ന് പുറത്താക്കിയതില്‍ പ്രതിഷേധിച്ച് നോമിനേഷന്‍ ബോര്‍ഡ് അംഗങ്ങളായിരുന്ന സാബു അലക്‌സ്, റവ: എ.ടി സഖറിയ, ജേക്കബ് ജോണ്‍ എന്നിവര്‍ രാജി വച്ചു. എന്നാല്‍ ഇവരുടെ രാജി ജോസഫ് മാര്‍ത്തോമാ മെത്രാപൊലീത്ത സ്വീകരിച്ചില്ല. അവരുടെ അസാന്നിധ്യം അവധിയായി പരിഗണിച്ചു.

പുതിയ ബിഷപ്പുമാരുടെ തെരഞ്ഞെടുപ്പ് അടുത്തമാസം 28, 29 തീയതികളില്‍ ചേരുന്ന പ്രത്യേക സഭാപ്രതിനിധി മണ്ഡല യോഗത്തിന്റെ അംഗീകാരം തേടാനിരിക്കെയാണ് കോടതി ഇടപെടല്‍.

റവ: ഡോ. പി.ജി ജോര്‍ജ്, റവ: സാജു സി. പാപ്പച്ചന്‍, റവ: ജോസഫ് ഡാനിയേല്‍, റവ:മോത്തി വര്‍ക്കി എന്നീ വൈദികരെയാണ് ബോര്‍ഡ് നാമനിര്‍ദ്ദേശം ചെയ്തിരിക്കുന്നത്. അതേസമയം കോടതിവിധി ജോസഫ് മാര്‍ത്തോമയ്ക്ക് കനത്തതിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ജോസഫ് മാര്‍ത്തോമയുമായുള്ള കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് സഭയിലെ രണ്ടാമനും സഫ്രഗന്‍ മെത്രാപൊലീത്തയുമായ മാര്‍ അത്തനേഷ്യസ് കഴിഞ്ഞവര്‍ഷം നവംബര്‍ 29-ന് നോമിനേഷന്‍ ബോര്‍ഡില്‍നിന്ന് രാജി വച്ചിരുന്നു. ജേക്കബ് ചെറിയാന്‍ എന്ന വൈദികനെ വ്യാജരേഖകളുണ്ടാക്കി ബിഷപ്പ് സ്ഥാനാര്‍ഥിയാക്കുന്നതില്‍നിന്ന് പുറത്താക്കിയതിനെക്കുറിച്ച് അന്വേഷണം വേണമെന്നായിരുന്നു സഫ്രഗന്‍ മെത്രാപൊലീത്തയുടെ ആവശ്യം.

എന്നാല്‍ ഇക്കാര്യം സാധ്യമല്ലെന്ന് മാര്‍ത്തോമാ മെത്രാപൊലീത്ത വ്യക്തമാക്കിയതോടെയാണ് ഇവര്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ പരസ്യമായത്. കഴിഞ്ഞയാഴ്ച സമാപിച്ച മാരാമണ്‍ കണ്‍വെന്‍ഷന്റെ ഒരു യോഗത്തില്‍ മാത്രമാണ് സഫ്രഗന്‍ മെത്രാപൊലീത്ത പങ്കെടുത്തത്. കോടതി വിധ വന്നതോടെ സഭയിലെ ചേരിതിരിവ് വീണ്ടും രൂക്ഷമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

 

RELATED NEWS:

BREAKING NEWS: മാര്‍ത്തോമ്മാസഭയില്‍ നാല് ബിഷപ്പുമാരെ നിയമിക്കാനുള്ള നടപടികള്‍ വിവാദത്തില്‍

SPECIAL STORY: മാര്‍ത്തോമ്മാ ബിഷപ്പ് തെരഞ്ഞെടുപ്പ് പൊട്ടിത്തെറിയിലേക്ക്; ചേരിതിരിഞ്ഞ് ആരോപണ പ്രത്യാരോപണങ്ങള്‍

FOLLOW UP: മാര്‍ത്തോമ്മാ ബിഷപ്പ് നിയമനം: രാജി നമ്പര്‍ 4 

FOLLOW UP : മാര്‍ത്തോമ്മാ ബിഷപ്പ് നിയമനം: എപ്പിസ്‌കോപ്പല്‍ നിയമന ബോര്‍ഡില്‍ നിന്ന് വീണ്ടും രാജി

BREAKING NEWS: മാര്‍ത്തോമ്മ ബിഷപ്പ് നിയമനം സ്റ്റേ ചെയ്യണമെന്ന ഹര്‍ജി തിരുവല്ല മുന്‍സിഫ് കോടതി ഫയലില്‍ സ്വീകരിച്ചു

മാര്‍ത്തോമ്മാ ബിഷപ്പ് നിയമനം; സഫ്രഗന്‍ മെത്രാപ്പോലീത്ത രാജിവെച്ചു

FOLLOW UP :: മാര്‍ത്തോമ്മാ സഭയിലെ ബിഷപ്പ് തെരഞ്ഞെടുപ്പില്‍ ഗൂഢാലോചന നടന്നുവെന്ന് ജേക്കബ് ചെറിയാന്‍ അച്ചന്‍