സക്കീര്‍ നായ്ക്കിന്റെ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ നിരോധനം ശരിവെച്ച് പ്രത്യേക ട്രൈബ്യൂണല്‍

സക്കീര്‍ നായ്ക്കിന്റെ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചുകൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടിയെ ശരിവെച്ച് പ്രത്യേക ട്രൈബ്യൂണല്‍.

ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ ഇന്ത്യയുടെ പരമാധികാരത്തെയും ഐക്യത്തെയും അഖണ്ഡതയെയും സുരക്ഷയെയും ബാധിക്കുന്ന പ്രവര്‍ത്തനങ്ങളിലാണ് ഏര്‍പ്പെട്ടിരിക്കുന്നതെന്ന് ട്രൈബ്യൂണല്‍ അഭിപ്രായപ്പെട്ടു. യുവാക്കളെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനം നല്‍കുന്ന കാര്യങ്ങളിലാണ് ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്നും അത് രാജ്യത്തിന്റെ പരമാധികാരത്തിനും സുരക്ഷയ്ക്കും ഭീഷണിയാണെന്നും ട്രൈബ്യൂണല്‍ കണ്ടെത്തി.

ഇന്ത്യക്കെതിരെ അതൃപ്തി ഉണ്ടാക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഫൗണ്ടേഷന്റേതെന്നും അതുകൊണ്ടുതന്നെ സംഘടനയെ നിയമവിരുദ്ധമായി പ്രഖ്യാപിച്ചത് ശരിയാണെന്നും ട്രൈബ്യൂണല്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞ മാര്‍ച്ചില്‍ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനെ നിരോധിച്ചതിനെതിരെ ഡല്‍ഹി ഹൈക്കോടതിയില്‍ ഫൗണ്ടേഷന്‍ നല്‍കിയ പെറ്റീഷന്‍ കോടതി തള്ളിക്കളയുകയും സംഘടനയെ നിരോധിച്ചുകൊണ്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം ദേശീയ സുരക്ഷ മുന്‍നിര്‍ത്തിയാണെന്ന് അഭിപ്രായപ്പെടുകയുമുണ്ടായി.

കഴിഞ്ഞ വര്‍ഷം നവംബറിലാണ് ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനെ തീവ്രവാദ വിരുദ്ധ നിയമപ്രകാരം നിയമവിരുദ്ധ സംഘടനയായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിക്കുകയും അഞ്ചു വര്‍ഷത്തേക്ക് പ്രവര്‍ത്തനങ്ങള്‍ നിരോധിക്കുകയും ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര ക്യാബിനറ്റിലാണ് പ്രസ്തുത തീരുമാനം കൈക്കൊണ്ടത്.