മുത്തലാഖില്‍ സ്ത്രീകള്‍ക്ക് അവകാശം നല്‍കണമെന്ന് സുപ്രീംകോടതി; വിവാഹകരാറില്‍ ഇക്കാര്യം ഉള്‍പ്പെടുത്തണം

മുത്തലാഖില്‍ സ്ത്രീകള്‍ക്ക് അവകാശം നല്‍കികൂടേയെന്ന് സുപ്രീംകോടതി. സ്ത്രീകള്‍ക്ക് മുത്തലാഖ് അംഗീകരിക്കാതിരുന്നൂടേയെന്നും സുപ്രീംകോടതി ചോദിച്ചു. വിവാഹകാര്യത്തില്‍ ഇക്കാര്യം ഉള്‍പ്പെടുത്തണമെന്നും  വാദത്തിനിടയില്‍ സുപ്രീംകോടതി മുസ്ലീം വ്യക്തിനിയമ ബോര്‍ഡിനോട് നിര്‍ദേശിച്ചു. മുത്തലാഖ് വിഷയത്തില്‍ കോടതിയില്‍ വാദം തുടരുകയാണ്. ഒറ്റയടിക്കുള്ള നിര്‍ത്തലാക്കിന് നിയമസാധുതയില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഒറ്റയടിക്കുള്ള മുത്തലാഖിന് നിയമസാധുതയില്ലെന്ന് വ്യക്തമാക്കണം. താഴെ തട്ടിലുള്ളവര്‍ക്ക് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കാന്‍ കഴിയുമോയെന്നും കോടതി ചോദിച്ചു. മുത്തലാഖ് പാപമാണെന്ന് പ്രമേയം ഇറക്കിയിട്ടുണ്ടെന്നാണ് ഇതിന് മുസ്ലീം വ്യക്തി നിയമ ബോര്‍ഡ് മറുപടി നല്‍കിയത്. പ്രമേയത്തിന്റെ പകര്‍പ്പ് കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. മുത്തലാഖ് സംബന്ധിച്ച് സുപ്രീം കോടതിയുടെ നിര്‍ദേശങ്ങള്‍ പരിഗണിക്കാമെന്നും നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് നടപടിയെടുക്കാമെന്നും ബോര്‍ഡ് കോടതിയില്‍ പറഞ്ഞു.

മുത്തലാഖ് വിഷയത്തില്‍ ഭരണഘടനാപരമായ ധാര്‍മികതയോ നീതിയോ പരിശോധിക്കേണ്ടതില്ലെന്ന് മുസ്ലീം വ്യക്തി നിയമബോര്‍ഡ് വാദിച്ചിരുന്നു  മുത്തലാഖ് 1400 വര്‍ഷമായി ആചരിക്കുന്ന സമ്പ്രദായമാണെന്നും ഇസ്ലാം വിശ്വാസത്തിന്റെ ഭാഗമാണിതെന്നും മുസ്ലീം വ്യക്തി നിയമ ബോര്‍ഡിന് വേണ്ടി മുന്‍ കേന്ദ്ര നിയമമന്ത്രിയും മുതിര്‍ന്ന അഭിഭാഷകനുമായ കപില്‍ സിബല്‍ വാദിച്ചു. ഇതിന് മറുപടി നല്‍കുകയായിരുന്നു കോടതി