സുപ്രീം കോടതിക്കെതിരെ കര്‍ണന്‍  രാഷ്ട്രപതിയെ സമീപിച്ചു

കോടതിയലക്ഷ്യ നടപടി നേരിടുന്ന ജസ്റ്റിസ് സി.എസ് കര്‍ണന്‍ മാപ്പ് പറയില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍. കേടതിയലക്ഷ്യക്കേസില്‍ തടവുശിക്ഷ വിധിച്ചതിലൂടെ തന്നെ ഇംപീച്ച് ചെയ്യാനാണ് സുപ്രീം കോടതിയുടെ ശ്രമമെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് കര്‍ണന്‍ രാഷ്ട്രപതിയെ സമീപിച്ചു. ഇംപീച്ച് ചെയ്യാനുള്ള അധികാരം പാര്‍ലമെന്റിന് മാത്രമാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ മാത്യൂസ് ജെ. നെടുമ്പാറ വ്യക്തമാക്കി.

അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും എം.പിമാര്‍ക്കും ജസ്റ്റിസ് കര്‍ണന്‍ കത്ത് നല്‍കി. കോടതിയലക്ഷ്യ കേസില്‍ ജസ്റ്റിസ് കര്‍ണന് ആറ് മാസത്തെ തടവുശിക്ഷയാണ് സുപ്രീം കോടതി വിധിച്ചത്. എന്നാല്‍ സുപ്രീം കോടതി ഉത്തരവിന് നിയമ സാധുതയില്ലെന്ന് അഭിഭാഷകന്‍ വ്യക്തമാക്കി. ശിക്ഷ പിന്‍വലിക്കണമെന്ന് കാണിച്ച് രണ്ട് അപേക്ഷകള്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചതായും അഭിഭാഷകന്‍ വ്യക്തമാക്കി.