പണ്ട് എസ്.എഫ്.ഐയുടെ ഗുണ്ട; ഇന്ന് പോലീസ് എസ്.ഐ; യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ ജനനേന്ദ്രിയം അടിച്ചുതകര്‍ത്ത എസ്.ഐ സമ്പത്ത് ലോക്കപ്പ് മര്‍ദ്ദനത്തിന് പേരുകേട്ടവ്യക്തിയെന്ന് ആരോപണം

തിരുവനന്തപുരം: പൊതു പ്രവര്‍ത്തകര്‍ക്ക് പോലും കേരളത്തിലെ പോലീസ് സ്റ്റേഷനില്‍ രക്ഷയില്ലാത്ത വിധം പോലീസ് ഉദ്യോഗസ്ഥര്‍ അഴിഞ്ഞാടുന്നു, ഇതിന് ഏറ്റവുമൊടുവിലത്തെ ഉദാഹരണമാണ് നേമം എസ് ഐ സമ്പത്തിന്റെ ഗുണ്ടായിസം. നാട്ടിലെ അറിയപ്പെടുന്ന ജനകീയനായ രാഷ്ട്രീയ പ്രവര്‍ത്തകനെയാണ് ഒരു കാരണവുമില്ലാത്തെ ക്രൂരമായി മര്‍ദ്ദിച്ചത്. ജനനേന്ദ്രീയ തകര്‍ന്ന നിലയില്‍ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ് ഈ യുവാവ്.

വിദ്യാര്‍ത്ഥികാലഘട്ടം മുതല്‍ സി.പി.എം തണലില്‍ വളര്‍ന്നയാളാണ് സമ്പത്ത്. ഈ രാഷ്ട്രീയത്തണലിലാണ് സമ്പത്ത് എന്ന സബ് ഇന്‍സ്‌പെക്ടര്‍ നേമം അടക്കി വാണത്. എന്നാല്‍ സമ്പത്തിനെ ഈ വിഷയത്തില്‍ സി.പി.എം അക്ഷരാര്‍ത്ഥത്തില്‍ കൈവിട്ടു. ചെയ്ത തെറ്റിന് മാന്യമായ ശിക്ഷ കൊടുത്തേ മതിയാവൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിലപാട് എടുത്തു. ഇതോടെ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ മര്‍ദ്ദനത്തില്‍ അതിവഗ നടപടിയെടുത്തു. സമ്പത്തിനേയും പൊലീസുകാരന്‍ അജയനേയും സസ്പെന്റ് ചെയ്തു.
യൂണിവേഴ്സിറ്റി കോളേജിലും ലോ കോളേജിലുമായാണ് സമ്പത്തിന്റെ വിദ്യാഭ്യാസം. യുണിവേഴ്സിറ്റിയില്‍ പഠിക്കുന്ന തുടക്കകാലത്ത് വി എസ് അച്യുതാനന്ദന്‍ പക്ഷമായിരുന്നു സമ്പത്ത്. വി.എസിന് സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ച കാലത്ത് വി.എസ് എന്ന് ദേഹത്തെഴുതി പ്രകടനം നടത്തിയതില്‍ സമ്പത്തും ഉണ്ടായിരുന്നു. അതോടെ ഔദ്യോഗിക വിഭാഗത്തിന്റെ കണ്ണിലെ കരടായെങ്കിലും പിന്നീട് പിണറായി പക്ഷത്തേക്ക് മാറി സമ്പത്ത് പഠനം തുടര്‍ന്നു. യൂണിവേഴ്‌സിറ്റികോളജില്‍ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകന്‍ ഹക്കിംഷായെ വടിവാളിന് വെട്ടിയെന്ന കേസ് നിലനിന്നിരുന്നെങ്കിലും പിന്നീട് ഇതൊക്കെ അട്ടിമറിക്കപ്പെട്ടു. യൂണിവേഴ്സിറ്റി കോളേജ് കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്ന സമ്പത്തിന് ലോ കോളേജ് ഹോസ്റ്റലിലും ബന്ധങ്ങള്‍ ഏറെയുണ്ടായിരുന്നു. ഇതെല്ലാം ക്രിമിനല്‍ കേസുകള്‍ക്ക് വഴിയൊരുക്കുകയും ചെയ്തു.
ഓംപ്രകാശും പുത്തന്‍ പാലും രാജേഷുമായി അടുത്ത ബന്ധവും ഉണ്ടായിരുന്നു. പോള്‍ മുത്തൂറ്റ് വധക്കേസില്‍ ഉയര്‍ന്ന് കേട്ട പലപേരുകളുമായും സമ്പത്തിന് അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും ആരോപണമുണ്ട്. ഈ സമയത്ത് എസ് എഫ് ഐ നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തി.
ദക്ഷിണമേഖലാ ഐജി മനോജ് എബ്രഹാമാണ് സമ്പത്തിനെ സസ്പെന്റ് ചെയ്തത്. ഇവര്‍ക്കെതിരെ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ലോക്കപ്പ് മര്‍ദ്ദനത്തിന് പ്രാഥമിക തെളിവുള്ളതു കൊണ്ടാണ് ഇത്. നേരത്തെ പൊലീസ് മേധാവി സെന്‍കുമാറും ലോക്കപ്പ് മര്‍ദ്ദനത്തില്‍ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. ഇതും സമ്പത്തിനെ സസ്പെന്റ് ചെയ്യാന്‍ കാരണമായി. സി.പി.എം പിന്തുണയുള്ളതുകൊണ്ട് തന്നെ നടപടിയുണ്ടാകില്ലെന്നാണ് എസ് ഐ സമ്പത്ത് കരുതിയിരുന്നത്. എന്നാല്‍ സി.പി.എം ജില്ലാ നേതൃത്വത്തിലെ ചിലര്‍ സമ്പത്തിനെ കൈവിടുകയായിരുന്നു. ഈയിടെ ഒരു കേസുമായി ബന്ധപ്പെട്ട് സമ്പത്ത് പറഞ്ഞത് കേട്ടില്ലെന്ന പരാതിയാണ് പ്രാദേശിക നേതൃത്വത്തെ ചൊടിപ്പിച്ചത്. ഇതോടെ എസ് എഫ് ഐക്കാരനെന്ന പരിഗണനയും നഷ്ടമായി.
ലോ കോളേജിലെ പഠനം കഴിഞ്ഞതോടെ കോണ്‍ഗ്രസ് അനുകൂല അഭിഭാഷകനൊപ്പമായി പ്രാക്ടീസ്. ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയുമായി ഏറെ അടുപ്പമുള്ള അഭിഭാഷകനായിരുന്നു ഇദ്ദേഹം. ഇതിനിടെയാണ് എസ് ഐ റാങ്ക് ലിസ്റ്റില്‍ സമ്പത്ത് ഇടം നേടുന്നത്. പിഎസ് സി പട്ടികയില്‍ ഇടം നേടിയെങ്കിലും പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട് സമ്പത്തിന് വിനയായി. ഇന്റലിജന്‍സ് തന്നെ ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് ആഭ്യന്തര വകുപ്പിന് നല്‍കി. ഒരിക്കും എസ് ഐ തസ്തികയ്ക്ക് യോഗ്യനല്ലാത്ത വ്യക്തിയെന്നതായിരുന്നു ഇന്റലിജന്‍സ് പരാമര്‍ശം. ഇതോടെ സമ്പത്തിന്റെ എസ് ഐ മോഹങ്ങള്‍ക്ക് മങ്ങലേറ്റു. സീനിയറായ അഭിഭാഷകന്റെ രാഷ്ട്രീയ സ്വാധീനങ്ങളുടെ പിന്‍ബലത്തില്‍ ഇതിനെ അട്ടിമറിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെ പൊലീസ് ക്ലിയറന്‍സ് നഷ്ടമാകുന്ന അവസ്ഥയും എത്തി. എന്നാല്‍ ചെന്നിത്തലയുടെ ഓഫീസിലെ പ്രമുഖന്‍ തന്നെ സമ്പത്തിനെ രക്ഷിക്കാനെത്തി.
ഇടത് ഭരണകാലത്ത് തന്റെ നാടിനോട് ചേര്‍ന്ന നേമത്ത് എസ് ഐയായി രാഷ്ട്രീയ കരുത്ത് കാട്ടുകയും ചെയ്തു. ഇതോടെ യുത്ത് കോണ്‍ഗ്രസ്-ബിജെപി പ്രവര്‍ത്തകര്‍ എസ് ഐയ്ക്കെതിരെ നിരവധി പരാതികള്‍ ഉയര്‍ത്തി. രാഷ്ട്രീയ വിവേചനം ശക്തമായി ആരോപിക്കപ്പെട്ടു. എന്നാല്‍ സി.പി.എം പിന്തുണ സമ്പത്തിനൊപ്പമായിരുന്നു.

തിരുവനന്തപുരം നേമം സ്വദേശിയും യൂത്ത് കോണ്‍ഗ്രസ് നേമം നിയോജകമണ്ഡലം പ്രസിഡന്റിനാണ് നേമം പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ സമ്പത്തിന്റെ നേതൃത്വത്തിലുള്ള പൊലീസുകാര്‍ മര്‍ദ്ദിച്ച് അവശനാക്കിയത്. മര്‍ദ്ദനമേറ്റ് അവശനായ സജീറിനെ ആശുപത്രിയിലെത്തിക്കാന്‍ മനഃപൂര്‍വ്വം പൊലീസ് വൈകിപ്പിക്കുകയും ചെയ്തതായും യൂത്ത് കോണ്‍ഗ്രസ് പറയുന്നു. ഒടുവില്‍ കോവളം എംഎല്‍എ എം വിന്‍സെന്റ് ഇടപെട്ടാണ് സജീറിന് ചികിത്സയൊരുക്കുകയും ജീവന്‍ രക്ഷിക്കുകയും ചെയ്തത്. നേമം ഭാഗത്തെ ജനകീയനും പൊതു പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടുകയും ചെയ്യുന്ന കോണ്‍ഗ്രസുകാരനാണ് സജീര്‍. പ്രദേശത്തെ രണ്ട് യുവാക്കള്‍ തമ്മില്‍ ചില തര്‍ക്കങ്ങളും വാക്കേറ്റവും ഉണ്ടാവുകയും ചെറിയ രീതിയിലുള്ള സംഘര്‍ഷം പൊലീസ് കേസാവുകയും ചെയ്തിരുന്നു. ഈ കേസ് സ്റ്റേഷനിലെത്തിയപ്പോള്‍ ഒരു യുവാവ് സജീറിനെ വിവരമറിയിക്കുകയും സ്റ്റേഷനിലേക്ക് തന്റെയൊപ്പം വരണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതനുസരിച്ച് സജീര്‍ സ്റ്റേഷനിലേക്ക് പോയി. സ്റ്റേഷനിലെത്തിയപ്പോള്‍ എസ്‌ഐ സ്ഥലത്തില്ലെന്നും കാത്തിരിക്കാനുമായിരുന്നു പൊലീസുകാരുടെ നിര്‍ദ്ദേശം.

പിന്നീട് എസ്‌ഐ സമ്പത്ത് സ്റ്റേഷനിലെത്തിയ ശേഷം ഇവരെ അകത്തേക്ക് വിളിപ്പിക്കുകയും ചെയ്തു. സജീറിനൊപ്പമാണ് യുവാവിനേയും അകത്തേക്ക് വിളിപ്പിച്ച് കാര്യങ്ങള്‍ ചോദിക്കുകയായിരുന്നു. ഇതിനിടയില്‍ എസ്‌ഐ യുവാവിന്റെ കരണത്ത് അടിക്കുകയായിരുന്നു. പൊതു പ്രവര്‍ത്തകനായിട്ടാണ് ഇവിടേക്ക് വന്നതെന്നും കേസിന്റെ സ്ഥിതിഗതികള്‍ അറിയാന്‍ വന്നപ്പോള്‍ മുന്നില്‍ വെച്ച് ഒരാളെ ഉപദ്രവിക്കുന്നത് നമ്മളെയൊക്കെ അപമാനിക്കുന്നതിന് തുല്യമാണ് എന്ന് പറഞ്ഞയുടനെ എസ്‌ഐ സജീറിനെ നേരെ തിരിയുകയായിരുന്നു. നീ ആരെടാ മര്യാദ പഠിപ്പിക്കാന്‍ എന്ന് ആക്രോശിച്ച് കൊണ്ട് പാറാവിനു നിന്ന പൊലീസുകാരന്റെ കയ്യിലെ തോക്ക് ഉപയോഗിച്ച് അരമണിക്കൂറോളം എസ്‌ഐയും മറ്റ് പൊലീസുകാരും മര്‍ദ്ദിക്കുകയായിരുന്നുവെന്നും യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. തോക്കിന്റെ പാത്തി ഉപയോഗിച്ച് സജീറിന്റെ പുറത്തും അടിവയറ്റിലും മര്‍ദ്ദിക്കുകയും ചെയ്തു. ജനനേന്ദ്രീയം തകര്‍ക്കുകയും ചെയ്തു. ഇതിനിടയിലാണ് ഒപ്പമുണ്ടായിരുന്ന യുവാവ് ബന്ധുക്കളേയും മറ്റ് കോണ്‍ഗ്രസ് പ്രവര്‍ത്തകരേയും വിവരമറിയിച്ചത്. ഉടന്‍ തന്നെ ബന്ധുക്കളും മറ്റും സ്റ്റേഷനിലെത്തിയെങ്കിലും അപ്പോഴേക്കും സജീറിനെ സ്റ്റേഷനില്‍ നിന്നും മാറ്റിയിരുന്നു.

സജീറിനെ തിരുവല്ലം പൊലീസ് സ്റ്റേഷനിലേക്കാണ് കൊണ്ട് പോയത്. എന്നാല്‍ റിമാന്‍ഡ് ചെയ്യാനായി കൊണ്ട് പോയെന്നാണ് പൊലീസ് നല്‍കിയ വിവരം. പിന്നീട് കോവളം എംഎല്‍എ വിന്‍സെന്റ് ഇടപെട്ടാണ് സജീറിനെ തിരുവല്ലം സ്റ്റേഷനിലുണ്ടെന്ന് കണ്ടെത്തിയത്. ഇവിടെ എത്തിയ ബന്ധുക്കളും മറ്റും ചേര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ട് പോകണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് സജീറിനെ ജനറല്‍ ഹോസ്പിറ്റലിലേക്ക് കൊണ്ട പോയെങ്കിലും പരിക്ക് ഗുരുതരമാണെന്നും ഇവിടെ ചികിത്സിച്ചിട്ട് കാര്യമില്ലെന്നും എത്രയും വേഗം മെഡിക്കല്‍ കോളേജില്‍ എത്തിക്കണമെന്ന് നിര്‍ദ്ദേശിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചപ്പോഴും ചികത്സ നല്‍കി വിട്ടയക്കാനായിരുന്നു പൊലീസുകാര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ അത് പറ്റില്ലെന്നും അടിവയറ്റില്‍ രക്തം കട്ടപിടിച്ചിട്ടുണ്ടെന്നും എത്രയും വേഗം ശസ്ത്രക്രിയക്ക് വിധേയനാക്കണമെന്നും പറയുകയായിരുന്നു. ഈ സംഭവമാണ് സമ്പത്തിന്റെ തൊപ്പി തെറുപ്പിക്കുന്നത്.