ജിഷ്ണുവിന്റെ മരണം ആത്മഹത്യയാക്കാന്‍ ആസൂത്രിത നീക്കം; ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലും അട്ടിമറി

കയ്യിലും കാലിലും അരക്കെട്ടിലും കാലിനടിയിലും മര്‍ദ്ദനമേറ്റതിന്റെ പാടുകള്‍ കണ്ടെത്തിയിരുന്നു

ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് അന്വേഷണ ഉദ്യോഗസ്ഥയെ കാണിക്കാതെ മുക്കിയതായി പരാതി

കോളേജ് അധികൃതരുടെ പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത പാമ്പാടി നെഹ്‌റു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണുവിന്റെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലെ പ്രധാന ഭാഗങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥയെ കാണിക്കാതെ മുക്കിയതായി പരാതി. 

ജിഷ്ണുവിന്റെ മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തിയ പഴയന്നൂര്‍ അഡീ. എസ്.ഐ. ചന്ദ്രാനന്ദനും കൂട്ടരുമാണ് ജിഷ്ണുവിന്റെ ശരീരത്തിലുള്ള പല മുറിവുകളുടെയും ചിത്രങ്ങളും മറ്റും അന്വേഷണ ഉദ്യോഗസ്ഥയായ തൃശൂര്‍ എ.എസ്.പി. കിരണ്‍ നാരായണനില്‍ നിന്ന് മറച്ചുവെച്ചതെന്ന് ബന്ധുക്കള്‍ പരാതിപ്പെടുന്നു. ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണമായ ഭാഗങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥ കഴിഞ്ഞ ദിവസമാണ് കണ്ടത്. ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തില്‍ അട്ടിമറി നടന്നതിന്റെ കൂടുതല്‍ സൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണ ഭാഗങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥ കണ്ടതോടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുമായി യോജിക്കാത്ത സ്ഥിതിയാണ്. പോസ്റ്റ്‌മോര്‍ട്ടം നടത്തിയ തൃശൂര്‍ മെഡിക്കല്‍ കോളേജുകളിലെ ഡോക്ടറെ ചോദ്യം ചെയ്ത ശേഷമേ ഇക്കാര്യത്തില്‍ വ്യക്തത ലഭിക്കാന്‍ സാധ്യതയുള്ളൂ. പോലീസിന്റെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ ജിഷ്ണുവിന്റെ മുഖത്ത് നാല് മുറിവുകളാണുള്ളത്. 

കയ്യിലും കാലിലും അരക്കെട്ടിലും കാലിനടിയിലും മര്‍ദ്ദനമേറ്റതിന്റെ പാടുകള്‍ കണ്ടെത്തിയിരുന്നു. നെഹ്‌റു കോളേജിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കാനുള്ള സാധ്യതയിലേക്കാണ് ഇത് വിരല്‍ചൂണ്ടുന്നത്. എന്നാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ നേരെ മറിച്ചാണ്. ജിഷ്ണു ആത്മഹത്യ ചെയ്തതാണെന്ന് വരുത്തി തീര്‍ക്കാനുള്ള ആസൂത്രിത നീക്കമാണ് ഇതിന് പിന്നിലെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഭരണതലത്തില്‍ നിന്നുള്ള സഹായവും സ്വാധീനവും ഇതിന് പിന്നിലുണ്ടെന്നും സംശയിക്കുന്നു. ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലെ പല കാര്യങ്ങളും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കാണുന്നില്ല. മുഖത്ത് മുറിവേറ്റത് മാത്രമാണ് പോസ്റ്റമോര്‍ട്ടത്തിലുള്ളത്. പോസ്റ്റ്‌മോര്‍ട്ടം നടന്നതിന് ശേഷം മൃതദേഹം മറ്റെവിടെയോ തട്ടിയാണ് മുഖത്ത് മുറിവുണ്ടായതെന്ന് ഈ മാസം ഏഴിന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് തയ്യാറാക്കിയ ഡോ. ജെറി ജോസഫ് ആരോഗ്യവകുപ്പ് നിയോഗിച്ച ഡോ. ശ്രീകുമാരിയ്ക്ക് മുമ്പാകെ മൊഴി നല്‍കിയത്. 

രക്തപ്പാടുകള്‍ ഉള്ള ഭാഗം മുറിച്ചു പരിശോധിച്ചിട്ടില്ല. 16-നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന്നത്. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്താതെ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോയത് ബന്ധുക്കളുടെ നിര്‍ബന്ധത്തെത്തുടര്‍ന്നായിരുന്നു. 

മെഡിക്കല്‍ കോളേജിലെ പി.ജി വിദ്യാര്‍ത്ഥിയാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ജിഷ്ണുവിന്റെ ബന്ധുക്കള്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജയ്ക്ക് നിവേദനം നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഡോ. ശ്രീകുമാരിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തെ ആരോഗ്യവകുപ്പ് നിയോഗിച്ചത്. പോസ്റ്റ്‌മോര്‍ട്ടത്തിലെ അപാകതകള്‍ സംബന്ധിച്ച് അന്വേഷണം തുടരുന്നതിനിടെ, ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലെ പ്രധാന ഭാഗങ്ങളും ചിത്രങ്ങളും അന്വേഷണഉദ്യോഗസ്ഥരില്‍ നിന്ന് മറച്ചുവെച്ചതിന്റെ വിവരം പുറത്തുവന്നത് ദുരുഹത വര്‍ദ്ധിപ്പിക്കുന്നു.