മെഡിക്കല്‍ ഫീസ് വര്‍ദ്ധനവ്: ഒടുവില്‍ എസ്.എഫ്.ഐയും സര്‍ക്കാരിനെതിരെ

മെഡിക്കല്‍ പിജി കോഴ്‌സുകളില്‍ ഫീസ് ഉയര്‍ത്തിയ സര്‍ക്കാര്‍ നടപടിക്കെതിരെ എസ്എഫ്‌ഐയും രംഗത്ത്. മെറിറ്റ് ക്വാട്ടയെ മുഖവിലയ്‌ക്കെടുക്കാത്ത ഫീസ് വര്‍ദ്ധനവ് പിന്‍വലിക്കണമെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി എം വിജിന്‍ ആവശ്യപ്പെട്ടു. ഫീസ് വര്‍ധിപ്പിച്ച് അഞ്ചുദിവസങ്ങള്‍ക്കുശേഷമാണ് ഇതില്‍ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയുടെ ഔദ്യോഗിക പ്രസ്താവന എത്തുന്നതും. മെഡിക്കല്‍ പി ജി കോഴ്‌സുകളില്‍ ഫീസ് ഏകീകരണത്തിന്റെ ഭാഗമായി നടത്തിയിരിക്കുന്ന വര്‍ദ്ധനവ് മെറിറ്റ് ക്വാട്ടയെ മുഖവിലയ്‌ക്കെടുക്കുന്നതല്ലെന്നാണ് വിജിന്‍ ഫേസ്ബുക്കില്‍ പറയുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം താഴെ…

”മെറിറ്റ് ക്വാട്ടയെ മുഖവിലയ്‌ക്കെടുക്കാത്ത ഫീസ് വര്‍ദ്ധനവ് പിന്‍വലിക്കണം
മെഡിക്കല്‍ പി ജി കോഴ്‌സുകളില്‍ ഫീസ് ഏകീകരണത്തിന്റെ ഭാഗമായി നടത്തിയിരിക്കുന്ന വര്‍ദ്ധനവ് മെറിറ്റ് ക്വാട്ടയെ മുഖവിലയ്‌ക്കെടുക്കുന്നതല്ല.സാധാരണക്കാരുടെ മെറിറ്റ് സീറ്റിലെ മെഡിക്കല്‍ പി ജി വിദ്യാഭ്യാസത്തെ പ്രതികൂലമായി ബാധിക്കുന്നതാണ് പുതിയ ഫീസ് വര്‍ദ്ധനവ്.അതുകൊണ്ടുതന്നെ സമഗ്രമായി പരിഷ്‌കരിച്ചുകൊണ്ട് സാധാരണക്കാരായ വിദ്യാര്‍ഥികളുടെ പ്രതീക്ഷയായ മെറിറ്റ് ക്വാട്ടയെ പരിഗണനയില്‍ ചെയ്യുന്നതാവണം ഫീസ് ഏകീകരണം.ഫീ റെഗുലേറ്ററി കമ്മിറ്റയുടെ തീരുമാനം പുനഃപരിശോധിച്ചു മെറിറ്റ് സീറ്റിലെ ഫീസ് വര്‍ദ്ധനവ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം.”