ഡേ കെയറുകളെ കുറിച്ച് പൊലീസ് വിവരങ്ങൾ ശേഖരിക്കുന്നു

ഡേകെയറിലെ കുഞ്ഞുങ്ങളെ മര്‍ദ്ദിച്ചതിന്റെ പേരില്‍ അറസ്റ്റിലായ കളിവീട് ഡേ കെയര്‍ ഉടമ മിനി മാത്യു, കളിവീട് ഡേ കെയര്‍

എറണാകുളം പാലാരിവട്ടത്തെ ഡേ കെയറിൽ കുട്ടികളെ മർദ്ദിച്ച സംഭവം വിവാദമായതിനെ തുടർന്ന് സംസ്ഥാനത്തെ ഡേ കെയറുകളെ കുറിച്ച് പൊലീസ് വിവരങ്ങൾ ശേഖരിക്കുന്നു. ഷാഡോ പൊലീസ് ആണ് ഡേ കെയറുകളുടെ വിവരശേഖരണം നടത്തുന്നത്.

കുട്ടികളുടെ എണ്ണം, നടത്തിപ്പുകാർക്ക് എന്തെങ്കിലും ക്രിമിനൽ പശ്ചാതലമുണ്ടോ തുടങ്ങിയവയാണ് അന്വേഷിക്കുന്നത്. ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശത്തെ തുടർന്നാണ് വിവരശേഖരണം. ഡേ കെയറുകളെ കുറിച്ച് ഉടൻ വിവരശേഖരണം പൂർത്തിയാക്കി റിപ്പോർട്ട് നൽകാനും നിർദേശവുമുണ്ട്.

കഴിഞ്ഞ ദിവസം പാലാരിവട്ടം പി.ജെ ആന്റണി റോഡിൽ പ്രവർത്തിച്ചുവരുന്ന കളിവീടെന്ന ഡേ കെയറിലാണ് സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവമുണ്ടായത്. കുട്ടികൾക്കെതിരെയുള്ള ക്രൂരത കണ്ട് സഹിക്ക വയ്യാതെ ഇവിടുത്തെ ജീവനക്കാരിയാണ് കുട്ടികളെ മർദ്ദിക്കുന്ന വിവരം രക്ഷിതാക്കളെ അറിയിച്ചത്. തുടർന്ന്, ഡേ കെയറിൽ കാമറ ഒളിച്ചു വയ്ക്കുകയായിരുന്നു. ഇതിലാണ് കുട്ടികളെ മർദ്ദിക്കുന്നതും ഭയപ്പെടുത്തുന്നതുമായ ദൃശ്യങ്ങൾ ലഭിച്ചത്.