പുറ്റിങ്ങല്‍ വെടിക്കെട്ടിന് അനുമതി ലഭ്യമാക്കിയതു മുന്‍ എം.പി. പീതാംബരക്കുറുപ്പാണെന്നു സംഘാടകര്‍ മൈക്കിലൂടെ പറഞ്ഞതായി സാക്ഷി മൊഴിയുണ്ടെന്നും ഈ മൊഴിയുടെ സത്യാവസ്ഥ കണ്ടെത്താന്‍ കൂടുതല്‍ അന്വേഷണം വേണമെന്നും ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു.
പീതാംബരക്കുറിപ്പിനു നന്ദിപറഞ്ഞായിരുന്നു അനൗണ്സ്മെന്റെന്നു രണ്ട് പൊലീസ് ഉദ്യോഗസ്ഥരടക്കം ഏഴു പേര് മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ അനുമതിക്കായി സമ്മര്‍ദ്ദം ചെലുത്തിയില്ലെന്നാണ് പീതാംബരക്കുറുപ്പിന്റെ മൊഴി.. വെടിക്കെട്ടിന് അനുമതി നല്കാനാകുമോ എന്നാരാഞ്ഞ് പൊലീസ് ഉദ്യോഗസ്ഥരെ ഫോണില്‍ വിളിച്ചെങ്കിലും സാങ്കേതിക പ്രശ്നങ്ങളും അപകടവും ബോധ്യപ്പെടുത്തിയതോടെ താന്‍ പിന്മാറിയെന്നുമാണ് പീതാംബര കുറുപ്പ് പറയുന്നത്. പൊലീസ് ഉദ്യോഗസ്ഥരില്‍ ചിലര്‍ നല്കിയ മൊഴിയും ഇതിനെ സാധൂകരിക്കുന്നു. ഈ സാഹചര്യത്തില്‍ പീതാംബരകുറുപ്പിന്റെ ഇടപെടലിനെക്കുറിച്ച് സാക്ഷികള്‍ നല്കിയ മൊഴില്‍ കൂടുതല്‍ അന്വേഷണം വേണം. നിജസ്ഥിതി കണ്ടെത്താന്‍ രാഷ്ട്രീയ നേതാക്കളുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും ഫോണ്‍ കോള്‍ രേഖകള്‍ പരിശോധിക്കണമെന്നും ഇതിനു സമയം വേണമെന്നും തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്.പി ജി. ശ്രീധരന് നല്കിയ സ്റ്റേറ്റ്മെന്റില്‍ പറയുന്നു.
വെടിക്കെട്ട് ദുരന്തം സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പി.കെ. വിദ്യാസാഗര്‍ നനല്‍കിയ ഹര്‍ജിയിലാണ് ക്രൈംബ്രാഞ്ച് ഇക്കാര്യം വിശദീകരിച്ചത്. സംഭവത്തില്‍ പ്രേരണാക്കുറ്റം ചുമത്താനാകുമോയെന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് നല്കാന് ഡിവിഷന് ബെഞ്ച് ക്രൈംബ്രാഞ്ചിനു നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതനുസരിച്ചുള്ള സ്റ്റേറ്റ്മെന്റാണ് ക്രൈംബ്രാഞ്ച് സമര്‍പ്പിച്ചത്. ഇതു പരിഗണിച്ച ഡിവിഷന് ബെഞ്ച് വാദം പൂര്‍ത്തിയായതോടെ ഹര്‍ജി വിധി പറയാന്‍ മാറ്റി.