പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തം : ജുഡീഷ്യല്‍ അന്വേഷണം ഉപേക്ഷിച്ചു

കമ്മീഷന്‍െറ പ്രവര്‍ത്തനത്തിനാവശ്യമായ സൗകര്യങ്ങള്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചാണ് രാജിക്കത്ത് നല്‍കിയതെന്ന് ആരോപണം

കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നതിന് ഓഫീസോ ഫണ്ടോ സര്‍ക്കാര്‍ അനുവദിച്ചിരുന്നില്ല

അന്വേഷണം ആരംഭിക്കുന്നതിന് മുമ്പ് പ്രവര്‍ത്തനം അവസാനിപ്പിച്ച ആദ്യ കമ്മീഷന്‍ ആണ് ജസ്റ്റിസ് കൃഷ്ണന്‍നായര്‍ കമ്മീഷന്‍ 

 

കൊല്ലം : പരവൂര്‍ പുറ്റിങ്ങല്‍ വെടിക്കെട്ടപകടത്തെ കുറിച്ച് അന്വേഷിക്കാന്‍ നിയമിച്ച ജസ്റ്റിസ് കൃഷ്ണന്‍നായര്‍ ജുഡീഷ്യല്‍ കമ്മീഷന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ചു. വ്യക്തിപരമായ കാരണങ്ങളാല്‍ ഈ തസ്തികയില്‍ തുടരാന്‍ ആഗ്രഹമില്ലെന്ന് കൃഷ്ണന്‍നായര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് തീരുമാനമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

എന്നാല്‍, കമ്മീഷന്റെ പ്രവര്‍ത്തനത്തിനാവശ്യമായ സൗകര്യങ്ങള്‍ ആവശ്യപ്പെട്ടിട്ടും അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചാണ് കൃഷ്ണന്‍നായര്‍ ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോയ്ക്ക് രാജിക്കത്ത് നല്‍കിയത്. കമ്മീഷന്റെ പ്രവര്‍ത്തനത്തിനാവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താമെന്നും കാലാവധി നീട്ടി നല്‍കുന്ന കാര്യം അടുത്ത മന്ത്രിസഭായോഗം പരിഗണിക്കുമെന്നും ആഭ്യന്തര സെക്രട്ടറി അറിയിച്ചെങ്കിലരും നടപടിയുണ്ടായില്ല.

ഇന്നലെ കമ്മീഷന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ചതായി സര്‍ക്കാര്‍ അറിയിക്കുകയായിരുന്നു. ഇത് ആദ്യമായാണ് അന്വേഷണം തുടങ്ങും മുമ്പ് സര്‍ക്കാര്‍ നിയമിക്കുന്ന ഒരു ജുഡീഷ്യല്‍ കമ്മീഷന്റെ പ്രവര്‍ത്തനം നിര്‍ത്തലാക്കുന്നത്. ഏപ്രില്‍ 21-നാണ് പുറ്റിങ്ങല്‍ ദുരന്തം അന്വേഷിക്കാന്‍ റിട്ട. ഹൈക്കോടതി ജസ്റ്റിസ് എന്‍. കൃഷ്ണന്‍നായരെ അന്വേഷണ കമ്മീഷനായി യു.ഡി.എഫ് സര്‍ക്കാര്‍ നിയമിച്ചത്. മെയ് രണ്ടിന് അദ്ദേഹം ചുമതലയേറ്റു.

ആറ് മാസമായിരുന്നു കമ്മീഷന്റെ കാലാവധി, എന്നാല്‍ കമ്മീഷന്റെ പ്രവര്‍ത്തനത്തിനാവശ്യമായ സൗകര്യങ്ങള്‍ സര്‍ക്കാര്‍ നല്‍കിയില്ല. കമ്മീഷന്റെ പ്രവര്‍ത്തനം നടത്തുന്നതിനുള്ള ഓഫീസ്, ഫണ്ട്, ജീവനക്കാര്‍ തുടങ്ങിയ കാര്യങ്ങളിലാണ് സര്‍ക്കാരില്‍ നിന്ന് വ്യക്തത ലഭിക്കാതിരുന്നത്.

കമ്മീഷന്‍ അന്വേഷിക്കേണ്ട വിഷയങ്ങള്‍ പോലും നിശ്ചയിച്ച് നല്‍കിയത് അടുത്തിടെയാണ്. തുടര്‍ന്ന് ഒക്ടോബറില്‍ കമ്മീഷന്റെ കാലാവധി അവസാനിച്ചു. ഇതേത്തുടര്‍ന്നാണ് കാലാവധി നീട്ടാനുള്ള അപേക്ഷ ചീഫ് സെക്രട്ടറിക്ക് നല്‍കി. മന്ത്രിസഭായോഗത്തില്‍ കാലാവധി നീട്ടിനല്‍കുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും ഇക്കാര്യം പരിഗണിച്ചില്ല. ഇതോടെ സര്‍ക്കാര്‍ നടപടിയില്‍ കടുത്ത പ്രതിഷേധമറിയിച്ച് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് കത്തു നല്‍കുകയായിരുന്നു. എന്നിട്ടും ഫലമുണ്ടാകാതെ വന്നതോടെയാണ് രാജിസന്നദ്ധത അറിയിച്ചത്.

കഴിഞ്ഞ ഏപ്രില്‍ 10-നാണ് 110 പേരുടെ മരണത്തിനിടയാക്കിയ പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തം നടന്നത്.