സുഭാഷ് ചന്ദ്രബോസ് കൊല്ലപ്പെട്ടത് വിമാനപകടത്തില്‍ തന്നെ: കേന്ദ്രസര്‍ക്കാര്‍

നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനാപകടത്തില്‍ കൊല്ലപ്പെടുകയായിരുന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനുള്ള ഉത്തരമായാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

ഓഗസ്റ്റ് 18, 1945ല്‍ നടന്ന വിമാനാപകടത്തിലാണ് നേതാജി മരിച്ചത്. ഷാ നവാസ് കമ്മിറ്റി, ജസ്റ്റിസ് ജി.ഡി. ഖോസ് ല കമ്മിഷന്‍, ജസ്റ്റിസ് മുഖര്‍ജി കമ്മിഷന്‍ എന്നിവയുടെ റിപ്പോര്‍ട്ടുകള്‍ പരാമര്‍ശിച്ചാണ് സ്ഥിരീകരണം.

സായക് സെന്‍ എന്നയാള്‍ വിവരാവകാശ നിയമപ്രകാരം ഉന്നയിച്ച ചോദ്യത്തില്‍ നേതാജി വേഷം മാറിയതായി പറയപ്പെടുന്ന, യുപിയില്‍ 1985 വരെ ജീവിച്ചിരുന്ന ഗുംനാമിബാബ അഥവാ ഭഗവാന്‍ജിയെ കുറിച്ച് എന്തെങ്കിലും വിവരങ്ങള്‍ ലഭ്യമാണോ എന്നും ആരാഞ്ഞിരുന്നു. എന്നാല്‍ മുഖര്‍ജി കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ 114 മുതല്‍ 122 വരെയുള്ള പേജുകളില്‍ ഗുംനാമിബാബയെ കുറിച്ച് പറയുന്നുണ്ടെന്നും അത് സുഭാഷ് ചന്ദ്രബോസ് അല്ല എന്നും സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.