രണ്ട് സി.ആര്‍.പി.എഫ്. സേനാംഗങ്ങളെ കാട്ടാന ചവിട്ടിക്കൊന്നു

കാട്ടാന ആക്രമണം നടന്ന പ്രദേശം

രണ്ട് സി.ആര്‍.പി.എഫ്. സേനാംഗങ്ങളെ കാട്ടാന ചവിട്ടിക്കൊന്നു. ബെംഗളൂരു നഗരത്തില്‍നിന്ന് 34 കിലോമീറ്ററകലെ കഗാലിപുര-കനകപുര റോഡില്‍ തരളു ഗ്രാമത്തിലെ സി.ആര്‍.പി.എഫ്. ക്യാമ്പിനുസമീപത്തായിരുന്നു ആനയുടെ വിളയാട്ടം രണ്ടുജീവനെടുത്തത്.

തമിഴ്‌നാട് സ്വദേശി അസി. സബ് ഇന്‍സ്‌പെക്ടര്‍ ദക്ഷിണാമൂര്‍ത്തി (52), ഹവേരി സ്വദേശിയായ കോണ്‍സ്റ്റബിള്‍ പുട്ടപ്പ ലമണി (35) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാവിലെ അഞ്ചുമണിയോടെയായിരുന്നു സംഭവം.

ബെംഗളൂരു നഗരത്തിന്റെ പടിഞ്ഞാറുഭാഗത്തെ സവന്‍ദുര്‍ഗ വനത്തില്‍നിന്നാണ് ആനയെത്തിയതെന്ന് കഗാലിപുര പോലീസ് ഇന്‍സ്‌പെക്ടര്‍ കൃഷ്ണകുമാര്‍ പറഞ്ഞു. ഞായറാഴ്ച രാവിലെ പതിവു പട്രോളിങ്ങിനിറങ്ങിയതായിരുന്നു ദക്ഷിണാമൂര്‍ത്തിയും പുട്ടപ്പയും.

ഇതാദ്യമായാണ് തരളു മേഖലയില്‍ കാട്ടാന എത്തുന്നതെന്ന് ഫോറസ്റ്റ് ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ ജാവേദ് മുംതാസ് പറഞ്ഞു. ഇരുവരുടെയും മൃതദേഹം മൃതദേഹപരിശോധനയ്ക്കായി ബെംഗളൂരുവിലെത്തിച്ചു. സംഭവത്തില്‍ കഗാലിപുര പോലീസ് കേസെടുത്തു.