ഇനിയൊരു ഹര്‍ത്താല്‍ വേണ്ട; ഹര്‍ത്താല്‍ വിരുദ്ധ വികാരവും നിയമ പോരാട്ടവും ശക്തമാകുന്നു

സംസ്ഥാനത്ത് വിവിധ സംഘടനകള്‍ അനാവശ്യമായ് അടിച്ചേല്‍പ്പിക്കുന്ന ഹര്‍ത്താല്‍ പരമ്പരകള്‍ക്കെതിരെ പൊതുവികാരം ശക്തിപ്പെടുന്നു. ഹര്‍ത്താലിനെതിരെ മാധ്യമങ്ങളുടെ ക്യാംപയ്‌നുകളും നിയമപോരാട്ടവും ഹര്‍ത്താല്‍ നിരോധനത്തില്‍ എത്തിച്ചേക്കുമെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഹര്‍ത്താല്‍ നിരോധിക്കണമെന്ന ആവശ്യം മാര്‍ച്ച് മാസം സുപ്രീംകോടതി തള്ളിയതാണെങ്കിലും മാറിയ സാഹചര്യത്തില്‍ വീണ്ടും പരിഗണനയ്ക്ക് വരാന്‍ സാധ്യത ഏറെയാണ്.

ഹര്‍ത്താലിനെതിരെ നിയമ പോരാട്ടം നടത്തുന്നവര്‍ക്ക് ശക്തമായ ആയുധമാകുകയാണ് സംസ്ഥാനത്ത് സി പി എമ്മും ബി ജെ പിയും അടിച്ചേല്‍പ്പിക്കുന്ന അനാവശ്യ ഹര്‍ത്താലുകള്‍. ആറ് മാസത്തിനുള്ളില്‍ സംസ്ഥാനത്ത് നടന്ന 63 ഹര്‍ത്താലുകളില്‍ ഏറെയും ഇരു വിഭാഗവും നിസാര കാരണത്തിന് ആഹ്വാനം ചെയ്തവയായിരുന്നു. 2017 ജനുവരി ഒന്നു മുതലുള്ള 162 ദിവസങ്ങള്‍ക്കിടെയാണ് കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളും വിവിധ സംഘടനകളും ചേര്‍ന്ന് ചെറുതും വലുതുമായ 63 ഹര്‍ത്താലുകള്‍ നടത്തിയതെന്ന് ഹര്‍ത്താല്‍ വിരുദ്ധ പ്രവര്‍ത്തകര്‍ പറയുന്നു.

ഈ വര്‍ഷം ഇതുവരെ ഇരുപത്തിയഞ്ചില്‍ അധികം ഹര്‍ത്താലുകള്‍ സംഘടിപ്പിച്ച് സംഘപരിവാര്‍ സംഘടനകളാണ് ഇതില്‍ മുമ്പില്‍ നില്‍ക്കുന്നത്. ഭരണകക്ഷിയായിട്ടും സി പി എമ്മും എല്‍ ഡി എഫും പതിനൊന്ന് ഹര്‍ത്താലുകള്‍ നടത്തിയപ്പോള്‍ മുഖ്യപ്രതിപക്ഷമായ യു ഡി എഫ് നടത്തിയത് എട്ട് ഹര്‍ത്താലുകള്‍. ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയെ മര്‍ദ്ദിച്ച സംഭവം ഉള്‍പ്പെടെ സംസ്ഥാനത്ത് ആളിപ്പടര്‍ന്ന വിഷയങ്ങളിലായിരുന്നു യു.ഡി.എഫ് ഹര്‍ത്താല്‍. അതേസമയം പ്രാദേശിക വിഷയങ്ങളില്‍ വരെ ജില്ലാ ഹര്‍ത്താലുകളാണ് സംഘ്പരിവാറും സി പി എമ്മും നടത്തുന്നത്. ഇതാണ് ഹര്‍ത്താലിനെതിരെ പൊതുജന വികാരം ശക്തമാകാന്‍ കാരണം.

നിയമപോരാട്ടം നടത്തുന്നവര്‍ അനാവശ്യ ഹര്‍ത്താലുകള്‍ തന്നെയാണ് ആയുധമാക്കുന്നതെന്ന് കാണാം. 2009ലാണ് ബന്ദ് നിരോധിച്ച് സുപ്രീംകോടതി ഉത്തരവിട്ടത്. പൊതുമുതല്‍ നശിപ്പിക്കുന്ന പാര്‍ട്ടികളില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കണമെന്ന് മാര്‍ഗരേഖയും പുറത്തിറക്കിയിരുന്നു. ബന്ദ് നിരോധനം മാത്രമാണ് പ്രാബല്യത്തില്‍ വന്നത്. ജനങ്ങളുടെ പ്രതിഷേധിക്കാനുള്ള അവകാശം ചൂണ്ടിക്കാട്ടിയാണ് ഹര്‍ത്താല്‍ നിരോധിക്കാന്‍ കോടതികള്‍ മടിച്ചത്. എന്നാല്‍ ഇതേ മാര്‍ഗം തന്നെ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടായി തീര്‍ക്കുകയാണ് കേന്ദ്രത്തിലെയും കേരളത്തിലെയും ഭരണകക്ഷികള്‍.

അനാവശ്യ ഹര്‍ത്താലിനെതിരെ പല മാധ്യമങ്ങളും വ്യാപാരികളും രംഗത്തെത്തിയ കാഴ്ചയാണ് കഴിഞ്ഞ ദിവസം കണ്ടത്. അനാവശ്യ ഹര്‍ത്താല്‍ വ്യാപാര മേഖലയ്ക്ക് നഷ്ടമാണ് ഉണ്ടാക്കുന്നതെന്നും മുന്‍കൂട്ടി തങ്ങളെ അറിയിക്കാത്ത ഹര്‍ത്താലുമായ് സഹകരിക്കില്ലെന്നും വ്യാപാര വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസറുദ്ദീന്‍ ആവര്‍ത്തിച്ചു.

ഹര്‍ത്താല്‍ വിരുദ്ധമുന്നണി ജനകീയ ബോധവ്തകരണ പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള തീരുമാനും പിന്നാലെ വന്നു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട സര്‍ക്കാര്‍ ഹര്‍ത്താലുകാര്‍ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. നിലവിലെ നിയമങ്ങള്‍ പോലും നടപ്പാക്കാന്‍ ഭരണകൂടം തയാറാവുന്നില്ല.

നാശവും നഷ്ടവും അസമാധാനവുമല്ലാതെ ഹര്‍ത്താലുകള്‍ ഒന്നും സംഭാവന ചെയ്യുന്നില്ലെന്നുമാണ് തങ്ങളുടെ വികാരമെന്ന് സമിതി നേതാവ് ടി കെ എ അസീസ് പറയുന്നു. ഈ ആവശ്യം മുന്നോട്ടുവെച്ച് ജൂണ്‍ 30ന് മാനാഞ്ചിറയ്ക്കു ചുറ്റും മനുഷ്യച്ചങ്ങല സംഘടിപ്പിക്കും.