സോളാര്‍ നായിക വീണ്ടും രംഗത്ത്; പുതിയ പട്ടികയില്‍ അഞ്ച് പ്രമുഖര്‍?

സോളാര്‍ നായിക സരിത എസ്. നായര്‍ വീണ്ടും രംഗത്ത്. സരിത പുതിയ പരാതി ക്രൈംബ്രാഞ്ചിന് നല്‍കിയതായാണ് വിവരം. ആയുധ ഇടപാടില്‍ ഇടനിലക്കാരിയാക്കാമെന്ന് വാഗ്ദാനം ചെയ്തിരുന്നതായി സരിത പരാതിയില്‍ പറയുന്നുണ്ട്. സരിത ക്രൈംബ്രാഞ്ചിന് നല്‍കിയ പരാതിയിലാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ക്രൈം ബ്രാഞ്ചിന് സരിത നല്‍കിയ പരാതിയുടെ പകര്‍പ്പ് ഒരു പ്രമുഖ ടെലിവിഷനു ലഭിച്ചതായി റിപ്പോര്‍ട്ട്.

പുതിയ പട്ടികയില്‍ അഞ്ച് പ്രമുഖര്‍ കൂടി ഉള്‍പ്പെട്ടിട്ടുണ്ട്. കോണ്‍ഗ്രസ് ദേശീയ നേതാവിന്റെ മകനും പട്ടികയില്‍. ആയുധ ഇടപാടില്‍ ഇടനിലക്കാരിയാക്കാമെന്ന് വാഗ്ദാനം ചെയ്യപ്പെട്ടതായും സരിത പരാതിയില്‍ പറയുന്നു. സരിതയുടെ പരാതിയില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകനായ മധു എസ്.ബി ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി.

പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം സോളാര്‍ക്കേസുമായി ബന്ധപ്പെട്ട് 2016 ജൂലൈ 25 നാണ് സരിത ആദ്യം പരാതി നല്‍കിയത്. അന്ന് യു.ഡി.എഫിലെ പ്രമുഖ നേതാക്കള്‍ക്കെതിരെ പരാതിയില്‍ ആരോപണം ഉന്നയിച്ചരുന്നു. ഇതേ തുടര്‍ന്ന് സോളാര്‍ക്കേസില്‍ പുനരന്വേഷണം നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അന്നത്തേ ആഭ്യന്തര അഡീഷണല്‍ ചീഫ്‌സെക്രട്ടറി നളിനി നെറ്റോക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് പുതിയ ആരോപണവുമായി സരിത രംഗത്തെത്തിയത്. കോണ്‍ഗ്രസിലെ ദേശീയ നേതാവിന്റെ മകനെതിരെയാണ് പരാതിയില്‍ പ്രധാന ആരോപണം.

മന്ത്രിയുടെ മകനെ തനിക്ക് പരിചയപ്പെടുത്തിയത് ഖനന കേസിലും എം.ബി.ബി.എസ് കേസിലും പ്രതിയായ വ്യക്തിയാണ്. തന്നെ ആയുധ ഇടപാടില്‍ പങ്കാളിയാക്കാമെന്ന് മകന്‍ ഉറപ്പു നല്‍കിയിരുന്നുവെന്ന ഗുരുതരമായ ആരോപണവും പരാതിയില്‍ സരിത ഉന്നയിക്കുന്നുണ്ട്. യു.ഡി.എഫ്‌ലെ പ്രമുഖ നേതാവിന്റെ മകന്‍, ഒരു ഡി.വൈ.എസ്.പി, അമേരിക്കന്‍ വ്യവസായി തുടങ്ങി നിരവധി പേര്‍ക്കെതിരെ സരിത നല്‍കിയ പരാതിയില്‍ ആരോപണമുണ്ട്. എന്നാല്‍ കേസിനെ വീണ്ടും ചൂടുപിടിപ്പിക്കാനാണ് പുതിയ പരാതിയുമായുള്ള രംഗപ്രവേശം എന്ന വിമര്‍ശനവും സരിതക്കെതിരെ നിലനില്‍ക്കുന്നു.