സര്‍ക്കാര്‍ – ഐഎഎസ് തര്‍ക്കം, ഭരണ സ്തംഭനത്തില്‍ സെക്രട്ടറിയേറ്റ്

സര്‍ക്കാറും ഐഎഎസ് ഉദ്യോഗസ്ഥരും തമ്മിലുള്ള ശീതസമരം ഓരോ ദിവസം ചെല്ലുന്തോറും മൂര്‍ച്ഛിക്കുകയാണ്. ഇത് സര്‍ക്കാറിന്റെ പ്രവര്‍ത്തനത്തെ സ്തംഭനാവസ്ഥയില്‍ എത്തിച്ചിരിക്കുന്നു.

നയപരമായ തീരുമാനങ്ങളില്‍ ഐഎഎസ് ഉദ്യോഗസ്ഥരുടെ സഹകരണമില്ലാതെ മുന്നോട്ടു പോവുക മുഖ്യമന്ത്രിക്ക് സാധ്യമായ കാര്യമല്ല. കഴിഞ്ഞ ദിവസത്തെ കൂട്ട അവധിയെടുപ്പുമായി ബന്ധപ്പെട്ട വിഷയത്തിലെ രൂക്ഷ പ്രതികരണം മുഖ്യമന്ത്രിയേയും ഐഎഎസ് ഉദ്യോഗസ്ഥരേയും തമ്മില്‍ ഏറെ അകറ്റിയിട്ടുണ്ട്. പ്രത്യേകിച്ചും ചീഫ് സെക്രട്ടറി എസ്.എംവിജയാനന്ദിനെതിരായ പെരുമാറ്റത്തില്‍. മുതിര്‍ന്ന ഉദ്യോഗസ്ഥനായിട്ടുകൂടി അതിന്റെ ഒരു തരത്തിലുള്ള ബഹുമാനവും നല്‍കാതെയാണ് മുഖ്യമന്ത്രി പെരുമാറിയതെന്നാണ് ഭൂരിഭാഗം ഉദ്യോഗസ്ഥരുടേയും ആക്ഷേപം. സൂപ്പര്‍ മുഖ്യമന്ത്രിയാകാന്‍ ശ്രമിക്കേണ്ട എന്നും പിണറായി ശകാരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് വിശ്വാസമില്ലെങ്കില്‍ തുടരുന്നില്ല എന്ന നിലപാടില്‍ ചീഫ്സെക്രട്ടറി എത്തിയത്. ഇതാണ് ഇപ്പോഴത്തെ പ്രശ്നം രൂക്ഷമാക്കിയത്.

ആറ് മാസം പിന്നിട്ടപ്പോള്‍ തന്നെ ഭരണത്തിന് നിലവാരം പോരെന്ന ആക്ഷേപം ഇടതുമുന്നണിയില്‍ തന്നെയുണ്ട്് ഈ ഘട്ടത്തില്‍ ഭരണത്തെ സ്വാധീനിക്കുന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍ തന്നെ സര്‍ക്കാരിനെതിരെ തിരിയുന്നത് തടയാനുള്ള ശ്രമത്തിലാണ് മന്ത്രിസഭയിലെ സീനിയര്‍ മന്ത്രിമാര്‍. മുഖ്യമന്ത്രിയുമായി സംസാരിച്ച് പ്രശ്നപരിഹാരത്തിന് അവസരം നല്‍കാമെന്ന വാഗാദാനമാണ് ഇപ്പോള്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്നത്.

എന്നാല്‍ ഇത് വിശ്വാസിലെടുക്കാന്‍ ഐഎഎസ് അസോസിയേഷന്‍ തയാറാകാന്‍ സാധ്യതയില്ല. കാരണം തങ്ങള്‍ പലതവണ പരാതി നല്‍കിയിട്ടും ഒരു നടപടിയും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടായില്ല. മാത്രമല്ല സര്‍ക്കാറിനെതിരല്ല തങ്ങളുടെ സമരമെന്നറിയിച്ചിട്ടും അത് ചെവികൊള്ളാതെ അപമാനിച്ച് ഇറക്കിവിട്ടു. അത് മാത്രമല്ല തങ്ങള്‍ പരാതി നല്‍കിയ വിജിലന്‍സ് ഡയറക്ടറെ പരസ്യമായി മുഖ്യമന്ത്രി അനുകൂലിക്കുക കൂടി ചെയ്തതോടെ തങ്ങളുടെ സ്ഥാനം മനസ്സിലായി എന്നാണ് ഭൂരിഭാഗം ഉദ്യോഗസ്ഥരുടേയും വികാരം.

ഇപ്പോഴത്തെ സാഹചര്യത്തില്‍ കടുത്ത നടപടികള്‍ ഒഴിവാക്കാനാണ് ഐഎഎസ് അസോസിയേഷന്റെ തീരുമാനം. എന്നാല്‍ വിവേചനശേഷി ഉപയോഗിച്ച് എടുക്കേണ്ട ഫയലുകളിലെ നടപടികളില്‍ തീരുമാനം സര്‍ക്കാര്‍ നിര്‍ദ്ദേശം അനുസരിച്ച് മാത്രമാക്കും. ഇതോടെ സര്‍ക്കാറിന്റ ചലനവേഗം കുറയും. ഇത് ഭരണ പ്രതിസന്ധി ഉണ്ടാക്കുമെന്നുറപ്പാണ്. ഇപ്പോള്‍ തന്നെ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഫയലുകളുടെ വേഗത്തെ ചൊല്ലി പരാതിയുണ്ട്. അടിയന്തര സഹായം നല്‍കുന്നതു പോലും വൈകുന്നവെന്നാണ് പരാതി. ഐഎഎസ് ഉദ്യോഗസ്ഥരുടെ മെല്ലെപോക്ക് കൂടിയാകുമ്പോള്‍ ജനങ്ങളുടെ ദുരിതം ഇരട്ടിക്കും.

ഉദ്യോഗസ്ഥരെ അനുനയിപ്പിക്കാന്‍ നീക്കങ്ങള്‍ നടക്കുന്നുണ്ടെങ്കിലും അവരെ കൂടെ നിര്‍ത്താന്‍ മുഖ്യമന്ത്രിക്ക് ഏറെ ബുദ്ധിമുട്ടേണ്ടിവരും. അവരെ കൂടെ നിര്‍ത്താതെ ക്രീയാത്മക പ്രവര്‍ത്തനെ സാധ്യവുമല്ല. ഈ അവസ്ഥയിലാണ് മുഖ്യമന്ത്രി ഇപ്പോള്‍. ഐഎസുകാരുടെ സമരം പൊളിച്ച് പ്രതിച്ഛായ തിരിച്ചുപിടിച്ചങ്കിലും അത് നിലനിര്‍ത്താന്‍ അവരോട് തന്നെ സന്ധി ചെയ്യേണ്ട ഗതികേടിലാണ് പിണറായി വിജയന്‍ ഇപ്പോള്‍.

ചീഫ്സെക്രട്ടറിക്കെതിരെയായ ഹര്‍ജ്ജി വിജിലന്‍സ് കോടതി ഫയലില്‍ സ്വീകരിച്ചു.

ഐഎഎസ് ഉദ്യോഗസ്ഥരുടെ കൂട്ട അവധിയെടുക്കല്‍ സമരത്തിന് ഒത്താശചെയ്തെന്ന് ആരോപിച്ച് ചീഫ്സെക്രട്ടറിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജ്ജി വിജിലന്‍സ് കോടതി ഫയലില്‍ സ്വീകരിച്ചു. പൊതുപ്രവര്‍ത്തകനായ പായിച്ചിറ നവാസാണ് ഹര്‍ജ്ജി സമര്‍പ്പിച്ചിരിക്കുന്നത്. മന്ത്രിമാര്‍ക്കും ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കും എതിരായ ആരോപണങ്ങളില്‍ അന്വേഷണം നടത്താനുള്ള വിജിലന്‍സിന്റെ ശുപാര്‍ശകള്‍ ചീഫ്സെക്രട്ടറി പൂഴ്ത്തിയെന്നും ഹര്‍ജ്ജിക്കാരന്‍ ആരോപിക്കുന്നു. ഈ മാസം 19ന് വിജിലന്‍സിനോട് നിലപാടറിയിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു.