ലണ്ടന്‍ ബ്രിഡ്ജില്‍ കഴിഞ്ഞ ദിവസമുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഭീകര സംഘടനയായ ഇസ്ലാമിക്ക് സ്റ്റേറ്റ് ഏറ്റെടുത്തു. ഐഎസിന്റെ ഔദ്യോഗിക വാര്‍ത്ത ഏജന്‍സിയായ അമഖ് ആണ് വാര്‍ത്ത പുറത്ത് വിട്ടത്.
കഴിഞ്ഞ ദിവസമുണ്ടായ ഭീകരാക്രമണത്തില്‍ ഏഴു പേര്‍ കൊല്ലപ്പെടുകയും, 48 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ലണ്ടൻ ബ്രിഡ്ജിലും സമീപത്തെ ബോറാ മാർക്കറ്റിലുമായിരുന്നു ആക്രമണം ഉണ്ടായത്. ലണ്ടന്‍ ബ്രിഡ്ജിലേക്ക് വണ്ടി ഓടിച്ചു കയറ്റി സ്‌ഫോടകവസ്തുക്കള്‍ ദേഹത്തുണ്ടെന്നു ഭീഷണിപ്പെടുത്തിയ ഭീകരര്‍ സമീപത്തുള്ള മാര്‍ക്കറ്റില്‍ കടന്ന് കുത്തിവീഴ്ത്തുകയും ചെയ്തിരുന്നു. പ്രാദേശിക സമയം ശനിയാഴ്ച്ച രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം അരങ്ങേറിയത്. സംഭവവുമായി ബന്ധപ്പെട്ട് പന്ത്രണ്ട് പേരെ പൊലീസ് അറ്സ്റ്റ് ചെയ്തു.
ബ്രിട്ടനില്‍ പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ആക്രമണം ഉണ്ടാകുന്നത്. മേയ് 22ന് മാഞ്ചസ്റ്ററില്‍ അരിയാന ഗ്രാന്റിന്റെ സംഗീത നിശയ്ക്കു ശേഷമുണ്ടായ ഐഎസ് ഭീകരാക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെടിരുന്നു.
















































