മോദി-ട്രംപ് കൂടിക്കാഴ്ച 26-ന്

ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ക്ഷണം സ്വീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയിലേക്ക്.  ജൂണ്‍ 25, 26 തീയതികളിലായി മോദി അമേരിക്ക സന്ദര്‍ശിക്കും.

ട്രംപ് അധികാരമേറ്റ ശേഷം മോദിയുടെ ആദ്യ അമേരിക്കന്‍ യാത്രയാണിത്. ജൂണ്‍ 26-ന് പ്രധാനമന്ത്രി ട്രംപുമായി കൂടിക്കാഴ്ച നടത്തും. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി സഹകരണത്തിന് പുതിയ ദിശ നല്‍കുന്നതായിരിക്കും കൂടിക്കാഴ്ചയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

ഇന്ത്യന്‍ വംശജര്‍ക്കെതിരായ ആക്രമണങ്ങള്‍, ഇന്ത്യക്കാരായ തൊഴിലാളികളുടെ സുരക്ഷ, എച്ച്-വണ്‍ ബി വിസയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, പാകിസ്താന്‍ കേന്ദ്രീകൃത തീവ്രവാദം, എന്‍.എസ്.ജി അംഗത്വം എന്നീ വിഷയങ്ങള്‍ ട്രംപുമായി ചര്‍ച്ച ചെയ്യും.