സൗദിയുടെ നിബന്ധന തള്ളി; വഴങ്ങാതെ ഖത്തര്‍

ദോഹ: ഖത്തറിനെ ഒറ്റപ്പെടുത്തിയതു മൂലം ഗള്‍ഫ് മേഖലയില്‍ രൂപം കൊണ്ട പ്രതിസന്ധി നീളുന്നു. ഉപരോധം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്നുളവായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സൗദി അറേബ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ മുന്നോട്ടുവച്ച ഉപാധികള്‍ യുക്തിയില്ലാത്തതാണെന്ന് ഖത്തര്‍ പ്രതികരിച്ചു. പ്രശ്‌ന പരിഹാരം ഉടനെങ്ങും ഉണ്ടാകില്ലെന്ന ആശങ്കയാണ് നിരീക്ഷകര്‍ പങ്കു വയ്ക്കുന്നത്.

ഖത്തറിന്റെ ഇഷ്ടത്തിനനുസരിച്ച് തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും അതില്‍ യാതൊരു പ്രശ്‌നവുമില്ലെന്നും യുഎസിലെ ഖത്തര്‍ സ്ഥാനപതി പ്രതികരിച്ചു.
ഖത്തറിന്റെ ഔദ്യോഗിക വാര്‍ത്താ ചാനലായ അല്‍ ജസീറ അടച്ചുപൂട്ടുകയെന്നതുള്‍പ്പെടെ 13 ഉപാധികളാണ് പ്രതിസന്ധി പരിഹരിക്കുന്നതിനായി സൗദിയും കൂട്ടരും മുന്നോട്ടുവച്ചത്.

സൗദി അറേബ്യ, യുഎഇ, ഈജിപ്ത്, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങള്‍ സംയുക്തമായാണ് പ്രശ്‌നപരിഹാരത്തിനു മധ്യസ്ഥത വഹിക്കുന്ന കുവൈത്തിനു മുന്നില്‍ 13 ഉപാധികള്‍ വച്ചത്. ഉപാധികളിന്‍മേലുള്ള തീരുമാനം അറിയിക്കാന്‍ 10 ദിവസത്തെ സമയമാണ് ഇവര്‍ ഖത്തറിനു നല്‍കിയിട്ടുള്ളത്. ഇതിനു പിന്നാലെ ഉപാധികള്‍ തള്ളിയും നിലപാട് കടുപ്പിച്ചും ഖത്തര്‍ രംഗത്തെത്തി.

അല്‍ ജസീറ ചാനലും അനുബന്ധ സ്ഥാപനങ്ങളും അടച്ചുപൂട്ടുക, ഖത്തറില്‍ തുര്‍ക്കി സൈന്യത്തിന്റെ സൈനികവിന്യാസം കുറയ്ക്കുക, ഇറാനുമായുള്ള നയതന്ത്രബന്ധം കുറയ്ക്കുക, തീവ്രവാദ സ്വഭാവമുള്ള സംഘടനകളുമായുള്ള ബന്ധം അവസാനിപ്പിക്കുക, തങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ പരിധിവിട്ട് ഇടപെടാതിരിക്കുക, ഈ നാലു രാജ്യങ്ങളില്‍നിന്നുള്ള പൗരന്‍മാര്‍ക്ക് ഖത്തര്‍ പൗരത്വം നല്‍കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ഉപാധികളാണ് പ്രശ്‌നപരിഹാരത്തിന് ഇവര്‍ നിര്‍ദേശിച്ചത്.

എന്നാല്‍, സൗദിയും കൂട്ടാളികളും മുന്നോട്ടുവച്ച ഉപാധികള്‍ യുക്തിരഹിതവും അപ്രായോഗികവുമാണെന്ന് ഖത്തര്‍ പ്രതികരിച്ചു. ഇപ്പോഴത്തെ അവസ്ഥ വളരെ സുഖകരമാണെന്ന് യുഎസിലെ ഖത്തര്‍ സ്ഥാനപതി പറഞ്ഞു. പ്രതിസന്ധി ഉടന്‍ പരിഹരിക്കാന്‍ ഖത്തറിനുമേല്‍ സമ്മര്‍ദമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഭീകരതയെ സ്പോണ്‍സര്‍ ചെയ്യുന്നതായി കുറ്റപ്പെടുത്തിയാണ് സൗദിയും യുഎഇയും ഈജിപ്തും ബഹ്റിനും ജൂണ്‍ ആദ്യം ഖത്തറുമായുള്ള നയതന്ത്ര ബന്ധങ്ങളും വ്യാപാര ബന്ധങ്ങളും വിച്ഛേദിച്ചത്.

അറബ് രാഷ്ട്രങ്ങള്‍ ഭീകരസംഘടനയായി പ്രഖ്യാപിച്ചിട്ടുള്ള മുസ്ലിം ബ്രദര്‍ഹുഡിന് നല്‍കുന്ന പിന്തുണ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.
ഖത്തറിനൊപ്പം നിലകൊള്ളുന്നതിന് ടര്‍ക്കിഷ് പ്രസിഡന്റ് റെസിപ് തയ്യിപ് എര്‍ദോഗന്‍ എടുത്ത തീരുമാനമാണ് തങ്ങളുടെ നീക്കങ്ങള്‍ക്കു തടസമാകുന്നതെന്ന ചിന്ത സൗദി തുടങ്ങിയ രാജ്യങ്ങളെ വിഷമിപ്പിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.
ഖത്തര്‍ അമീര്‍ ഷെയ്ഖ് തമിം ബിന്‍ ഹമദ് അല്‍ താനിയുമായി വ്യക്തിപരമായി നല്ല അടുപ്പം പുലര്‍ത്തുന്ന എര്‍ദോഗാന്‍, ഖത്തറിനെ ഒറ്റപ്പെടുത്തുന്നതിന് സൗദി നേതൃത്വത്തില്‍ നടന്ന നീക്കം ചെറുക്കാന്‍ വേഗതയില്‍ത്തന്നെ നടപടികള്‍ സ്വീകരിച്ചു.

സൗദിക്ക് മുകളിലൂടെ പറക്കുന്നതിന് ഖത്തര്‍ വിമാനങ്ങള്‍ക്ക് അനുമതി നിഷേധിച്ച ഉടന്‍തന്നെ, ഇറാനുമായി ചേര്‍ന്ന് ടര്‍ക്കി വ്യോമ ഇടനാഴികള്‍ തുറന്നുകൊടുത്തു.
സമ്പന്നമായ എമിറേറ്റില്‍ ഭരണമാറ്റം ഉണ്ടാക്കുന്നതിനുള്ള ശ്രമങ്ങള്‍ തടയുന്നതിനായി ആയിരക്കണക്കിന് സൈനികരെ ഖത്തറില്‍ വിന്യസിക്കുന്നതിനുള്ള നടപടികളും ടര്‍ക്കി സ്വീകരിച്ചു.