ഗുരുഹത്യയുടെ പാപം പുരണ്ട കൈകളാണ് മാണിയുടേത്; മാണി കപടരാഷ്ട്രീയത്തിന്റെ അപ്പോസ്‌തോലന്‍ എന്ന് വീക്ഷണം

കൊച്ചി: കേരള കോണ്‍ഗ്രസ് നേതാവ് കെ.എം.മാണിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം. മാണി മാരണമാണെന്ന രൂക്ഷ വിമര്‍ശനമാണ് വീക്ഷണത്തിന്റെ മുഖപ്രസംഗത്തിലൂടെ നടത്തുന്നത്.

യുഡിഎഫ് മുന്നണിയില്‍ നിന്നുകൊണ്ട് എല്‍ഡിഎഫിന്റെ പിന്തുണയോടെ മുഖ്യമന്ത്രിയാകാന്‍ ശ്രമം നടത്തി എന്ന വെളിപ്പെടുത്തല്‍ മാണിയുടെ രാഷ്ട്രീയ സദാചാരത്തിന്റെ കാപട്യമാണ്. മാണിക്ക് രാഷ്ട്രീയം കച്ചവടമാണ്. കപട രാഷ്ട്രീയത്തിന്റെ അപ്പോസ്തലനാണ് മാണിയെന്നും വീക്ഷണത്തിന്റെ മുഖപ്രസംഗത്തില്‍ കുറ്റപ്പെടുത്തുന്നു.

കേരള കോണ്‍ഗ്രസ് സ്ഥാപക നേതാവ് കെ.എം.ജോര്‍ജ് നെഞ്ചുപൊട്ടി മരിച്ചത് കെ.എം.മാണി കാരണമാണ്. ഗുരുഹത്യയുടെ പാപം പുരണ്ട കൈകളാണ് മാണിയുടേത്. മാണിക്ക് വേണ്ടി യുഡിഎഫ് വാതില്‍ തുറന്നിട്ടിരിക്കുകയാണെന്ന ധാരണ അദ്ദേഹത്തിനുണ്ടെങ്കില്‍ അതിന്റെ കുളിരില്‍ കാത്തിരിക്കേണ്ടതില്ലെന്നും മുഖപ്രസംഗത്തില്‍ വ്യക്തമാക്കുന്നു. മാണി ഒറ്റപ്പെടുന്ന കാലം വിദൂരമല്ല. കോണ്‍ഗ്രസ് നൂറ് വട്ടം തോറ്റാലും മാണിയെ തിരിച്ചുവിളിക്കരുതെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

കെ എം ജോര്‍ജ് ചങ്കുപൊട്ടി മരിക്കാന്‍ കാരണം മാണിയാണ്, ഗുരുഹത്യയുടെ പാപം പുരണ്ട കൈകളാണ് മാണിയുടേത്, മാനം വില്‍ക്കാന്‍ തീരുമാനിച്ച മാണിക്ക് യുഡിഎഫ് എന്നോ എല്‍ഡിഎഫ് എന്നോ ബിജെപി എന്നോ അയിത്തമോ പഥ്യമോ ഇല്ല. കെഎം മാണിയുടെ രാഷ്ട്രീയ ചരിത്രം നേരിന്റെതല്ല, നെറികെടിന്റെതാണ്. വിലപേശിയും പിടിച്ചു പറിച്ചും സ്ഥാനമാനങ്ങള്‍ കൈക്കലാക്കുകയാണ് മാണിയുടെ ശൈലിയെന്നും മുഖപ്രസംഗത്തില്‍ വിമര്‍ശനമുന്നയിക്കുന്നു.

നേരത്തെ, എല്‍ഡിഎഫ് മുഖ്യമന്ത്രി പദവി വാഗ്ദാനം ചെയ്തിരുന്നെങ്കിലും യുഡിഎഫിനെ തകര്‍ക്കാതിരിക്കാന്‍ വാഗ്ദാനം നിരസിക്കുകയായിരുന്നു എന്ന് കേരള കോണ്‍ഗ്രസ് എമ്മിന്റെ മുഖപത്രമായ പ്രതിച്ഛായ വെളിപ്പെടുത്തിയിരുന്നു.