എ.കെ. ആന്റണി കെ.എസ്.യുക്കാരനായിരുന്നില്ല; അവകാശവാദങ്ങള്‍ പൊള്ളയെന്ന് എസ്. സുധീശന്റെ പുസ്തകം

കെഎസ്‌യുവിന്റെ സ്ഥാപക നേതാവെന്നും ഒരണ സമരത്തിന്റെ നായകനെന്നുമുള്ള, എകെ ആന്റണിയുടെ ആദ്യകാല പ്രവര്‍ത്തനത്തെക്കുറിച്ചുള്ള അവകാശവാദങ്ങളെല്ലാം കെട്ടുകഥകളെന്നു വ്യക്തമാക്കി കോണ്‍ഗ്രസ് മുഖ്യപത്രത്തിന്റെ റെസിഡന്റ് എഡിറ്ററുടെ പുസ്തകം. വീക്ഷണത്തിന്റെ കൊല്ലം റെസിഡന്റ് എഡിറ്റര്‍ എസ് സുധീശന്‍ എഴുതിയ കാഴ്ചയ്ക്കപ്പുറം എകെ ആന്റണി എന്ന പുസ്തകമാണ് ആന്റണിയുടെ ആദ്യകാല പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള അവകാശവാദങ്ങള്‍ പൊള്ളയാണെന്നു വ്യക്തമാക്കുന്നത്.

antony_book2

1957 ഏപ്രിലിലാണ് എറണാകുളം ലോ കോളജിലെ ഏതാനും വിദ്യാര്‍ഥികള്‍ ചേര്‍ന്ന് കേരള സ്റ്റുഡന്റ്‌സ് യൂണിയനു രൂപം നല്‍കിയത്. എഎ തോമസ്, ജോര്‍ജ് തരകന്‍, എഡി രാജന്‍, പിടി മാത്യു, തോമസ് പുത്തൂര്‍, നാഗരാജന്‍, വൈക്കം ശ്രീനിവാസന്‍ എന്നിവരായിരുന്നു ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. ഇതേ സമയം തന്നെ ആലപ്പുഴയില്‍ വയലാര്‍ രവിയുടെ നേതൃത്വത്തില്‍ ആലപ്പുഴയില്‍ ഇന്‍ഡിപെന്റന്റ് സ്റ്റുഡന്റ്‌സ് യൂണിയന്‍ എന്നൊരു സംഘടനയും രൂപീകരിച്ചിരുന്നു. പിന്നീട് ഈ രണ്ടു സംഘടനകളും ചേര്‍ന്ന് 1957 മെയ് 30നാണ് കെഎസ്‌യു ഔദ്യോഗികമായി രൂപം കൊണ്ടത്. ഈ രണ്ടു സംഘടനകളുടെയും നേതൃത്വത്തില്‍ ഇല്ലാതിരുന്ന എകെ ആന്റണി കെഎസ്‌യുവിന്റെ നേതൃത്വത്തിലും ഉണ്ടായിരുന്നില്ലെന്ന് സംഘടനയുടെ ആദ്യകാല നേതാക്കളെ ഉദ്ധരിച്ചുകൊണ്ട് പുസതകം പറയുന്നു.

അതിശയകരമായ വളര്‍ച്ചയാണ കെഎസ്‌യു കേരളത്തിലെ കലാലയങ്ങളില്‍ ഉണ്ടാക്കിയത്. എസ്എഫിന്റെ കുത്തകയായിരുന്ന ചേര്‍ത്തല ഗവ. ഹൈസ്‌കൂളില്‍ എട്ടു കൗണ്‍സിലര്‍മാരില്‍ ഏഴും കെഎസ്‌യു നേടി. അന്ന് കെഎസ്‌യുക്കാരനല്ലാത്ത ഒരാള്‍ ജയിച്ചത് എകെ ആന്റണി ആയിരുന്നെന്ന വെളിപ്പെടുത്തലും പുസ്തകത്തിലുണ്ട്.

കെഎസ്‌യുവിന്റെ വളര്‍ച്ചയില്‍ വലിയ പങ്കുവഹിച്ച ഒരണ സമരത്തിന്റെ നായകത്വം എകെ ആന്റണിക്കു കല്‍പ്പിച്ചുനല്‍കുന്നതിനെയും പുസ്തകം ചോദ്യം ചെയ്യുന്നുണ്ട്. ഒരണ സമരത്തിന്റെ ശില്‍പ്പി എന്നത് ആന്റണിക്കു കാലം ചാര്‍ത്തിക്കൊടുത്ത മറ്റൊരു വച്ചുകെട്ടാണ് എന്നാണ് പുസ്തകത്തിലെ പരാമര്‍ശം. ഒരണ സമരം നടക്കുമ്പോള്‍ ആന്റണി കെഎസ്‌യുവിലോ മറ്റോ ഉണ്ടായിരുന്നിരിക്കാം, പക്ഷേ സമരത്തിന്റെ നേതൃനിരയിലൊന്നും ആന്റണി ഉണ്ടായിരുന്നില്ലെന്ന് എംഎ ജോണ്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇക്കാര്യം പരാമര്‍ശിക്കുന്ന, എംഎ ജോണിന്റെ അഭിമുഖ ഭാഗം പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആന്റണിയുടെ ആരാധകന്‍ ആയിരുന്ന ചെറിയാന്‍ ഫിലിപ്പ് എഴുതിയ കാല്‍നൂറ്റാണ്ടില്‍ പോലും ഒരണ സമരം കണ്ടെത്തിയ യുവധീരന്‍ എന്നു വിശേപ്പിച്ചത് എംകെ രവീന്ദ്രന്‍ എന്ന വയലാര്‍ രവിയെ ആണെന്ന് പുസ്തകം ചൂണ്ടിക്കാട്ടുന്നു. കലാശാലയുടെ കെഎസ്‌യു ജൂബിലി പതിപ്പില്‍ ഒരണ സമരം ഓര്‍മിക്കുമ്പോള്‍ ഉമ്മന്‍ ചാണ്ടി പരാമര്‍ശിക്കുന്നതും വയലാര്‍ രവിയെയാണെന്നും പുസ്തകം വിശദീകരിക്കുന്നുണ്ട്.

വയലാര്‍ രവിയാണ് കാഴ്ചയ്ക്കപ്പുറം എകെ ആന്റണിയുടെ അവതാരിക എഴുതിയിട്ടുള്ളത്. ആന്റണി കെഎസ്‌യുവിന്റെ സ്ഥാപക നേതാവ് എന്നത് കാലം ചാര്‍ത്തിക്കൊടുത്ത ആഭരണമാണെന്ന പുസ്തകത്തിലെ പരാമര്‍ശത്തെ അവതാരികയില്‍ വയലാര്‍ രവി ശരിവച്ചിട്ടുണ്ട്. കെഎസ്‌യു സ്ഥാപിതമാവുമ്പോള്‍ ആന്റണി കോളജില്‍ എത്തിയിട്ടില്ല എന്നാണ് വയലാര്‍ രവി അതിനെക്കുറിച്ച് പറയുന്നത്.

related news:

എ.കെ. ആന്റണിയുടെ ആനപ്പക – ചില ചരിത്ര പുസ്തകങ്ങളിലൂടെ